ഡല്‍ഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കോടതി കേന്ദ്രത്തിനും മറ്റു കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിക്കു ശേഷം സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. മുത്തലാഖ് വിധിയില്‍ ഈ വിഷയങ്ങള്‍ പരിശോധിക്കാതിരുന്നത് കൊണ്ടാണ് ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
മുത്തലാഖിന് പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട മുസ്ലിങ്ങള്‍ക്കിടയിലെ രണ്ടു രീതികള്‍ കൂടി സുപ്രിം കോടതി പരിശോധിക്കുന്നത്. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ, ദില്ലി സ്വദേശിനി സമീറ ബീഗം, നഫീസ ബീഗം എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഇടപെടല്‍. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിയില്‍ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ സാധുത പരിശോധിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇവ രണ്ടും കുറ്റകരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
തുടര്‍ന്നാണ് വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. നിയമകമ്മീഷന്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ച കോടതി കേസില്‍ അറ്റോര്‍ണി ജനറലിന്റെ സഹായം തേടിയിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം സ്ത്രീക്ക് വീണ്ടും പഴയ ബന്ധം തുടരണമെങ്കില്‍ മറ്റൊരാളെ വിവാഹം കഴിച്ചു ബന്ധം വേര്‍പ്പെടുത്തണമെന്നാണ് നിക്കാഹ് ഹലാല വ്യവസ്ഥ ചെയ്യുന്നത്.
ഒരു ഭാര്യ ഉണ്ടായിരിക്കെത്തന്നെ മുസ്ലിം പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നത് അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. പുരുഷന്‍മാര്‍ക്കുള്ള ഈ അവകാശം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു.
ബന്ധം വേര്‍പെടുത്തിയ ശേഷം മുന്‍ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാനാവില്ല. അതിന് സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച്, ബന്ധം വേര്‍പെടുത്തേണ്ടതുണ്ട്. നിക്കാഹ് ഹലാല എന്ന ഈ ആചാരവും ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.