ദില്ലി: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് ഗവര്‍ണര്‍ 14ദിവസം അനുവദിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഫട്‌നാവിസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ 10.30ന് വിധി പറയും. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ബിജെപിക്ക് അല്‍പ്പം ആശ്വാസമായി. ഭൂരിപക്ഷം തികയ്ക്കുന്നതിന് മതിയായ പിന്തുണ നേടാന്‍ അവര്‍ക്ക് ഒരു ദിവസം കൂടി ലഭിച്ചു. ഏഴ് ദിവസത്തിനകം വിശ്വാസ വോട്ട് തേടാന്‍ ഒരിക്കലും സാധിക്കില്ലെന്നും റോത്തഗി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ പിന്തുണ ത്രികക്ഷി സഖ്യത്തിനുണ്ടെന്ന് എന്‍സിപിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ബോധിപ്പിച്ചു. എന്‍സിപിയുടെ 48, ശിവസേനയുടെ 56, കോണ്‍ഗ്രസിന്റെ 44 അംഗങ്ങളുടെ പിന്തുണയാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഗവര്‍ണറുടെ നടപടികള്‍ ചോദ്യം ചെയ്താണ് ശിവസേനയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്. ത്രികക്ഷി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ഗവര്‍ണര്‍ ബിജെപിക്ക് അനുകൂലമായി കളിച്ചുവെന്ന് അദ്ദേഹം ബോധിപ്പിച്ചു. എത്രയും വേഗം നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം. അതാണ് ജനാധിപത്യ മാര്‍ഗമെന്നും അദ്ദേഹം വാദിച്ചു. ഗവര്‍ണറുടെ നടപടികള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഗവര്‍ണര്‍ ദിവസങ്ങള്‍ കാത്തിരുന്നു. ശേഷം ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. അവര്‍ക്ക് സാധ്യമല്ലെന്ന് അറിയിച്ചു. മറ്റു കക്ഷികള്‍ക്കും സമയം നല്‍കി. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമല്ലെന്ന് കണ്ടാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി നല്‍കിയ കത്ത് തുഷാര്‍ മേത്ത കോടതിയില്‍ വായിച്ചു. ശേഷം ഗവര്‍ണറുടെ കത്തും വായിച്ചു. ബിജെപിയുടെയും അജിത് പവാറിന്റെയും പിന്തുണ കത്ത് ലഭിച്ചതോടെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തത്. ഫട്‌നാവിസിന് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നു.