സുപ്രീംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ സൈറ്റ് ഓഫ്‌ലൈനിലാണുള്ളത്. 2013ല്‍ ഇന്ത്യന്‍ സൈറ്റുകളടക്കം നൂറുകണക്കിന് വെബ്‌സൈറ്റുകള്‍ ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീം ഹാക്ക് ചെയ്തിട്ടുണ്ട്. വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ലഎന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുന്നത്. സൈറ്റിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തി വരികയാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്ത വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വെബ്‌സൈറ്റിനും പ്രശ്‌നം നേരിടുന്നത്. ജസ്റ്റിസ് ബി.എച്ച് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് യൊട്ടുപിന്നാലെയാണ് സംഭവം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ബിജെപി അധ്യക്ഷന്‍ അമത് ഷാ പ്രതിയായ ഗുജറാത്തിലെ സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരിലെ ഹോട്ടലില്‍ ലോയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Top