സൂര്യനെല്ലി പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പെണ്‍കുട്ടിയെ സുപ്രീംകോടതിയുടെ വിമര്‍ശനം .പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് സുപ്രീംകോടതിയും ചോദിച്ചു. രക്ഷപ്പെടാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്നും എന്തുകൊണ്ടു ആ അവസരങ്ങളൊന്നും ഉപയോഗിച്ചില്ലെന്നും സുപ്രീംകോടതി സംശയത്തോടെ നിരീക്ഷിച്ചു.പ്രതികളൊടൊപ്പം സിനിമയ്ക്ക് പോയപ്പോള്‍ സഹായിക്കാനായി പെണ്‍കുട്ടി നിലവിളിക്കാഞ്ഞത് എന്താണെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല. സി. പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ആരാഞ്ഞു. വിശ്വസിക്കാന്‍ കഴിയാത്ത പലതും കേസിലുണ്ടെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ നല്‍കിയ അപ്പീല്‍ അടുത്തകൊല്ലം മാര്‍ച്ച് 16-ലേക്ക് മാറ്റി. പ്രതികള്‍ക്ക് ഉടനടി ജാമ്യം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടി 27 കിലോമീറ്റര്‍ ഒറ്റയ്ക്ക് സഞ്ചരിച്ചുവെന്ന പ്രതികളുടെ വാദത്തിലേക്ക് ശ്രദ്ധക്ഷണിച്ച കോടതി, അങ്ങനെയെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് കരുതിക്കൂടെയെന്നും ആരാഞ്ഞു. അഞ്ചു ദിവസത്തോളം കേസിലെ പ്രതികളായ സ്ത്രീകളോടൊപ്പം പെണ്‍കുട്ടി സഞ്ചരിച്ചു. അപ്പോഴൊന്നും പെണ്‍കുട്ടി എന്തെങ്കിലും പറയുകയോ രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജാമ്യത്തിനായി പ്രതികള്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും കോടതി വഴങ്ങിയില്ല. ജാമ്യംനല്‍കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയ കോടതി, പ്രതികള്‍ നല്‍കിയ 17 പ്രത്യേകാനുമതി ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചു.
അടിമാലി -മൂന്നാര്‍ -കോതമംഗലം വഴി കോട്ടയത്തേക്ക് ഒറ്റയ്ക്കാണ് പെണ്‍കുട്ടി സഞ്ചരിച്ചതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. പെണ്‍കുട്ടിയുടെ ആദ്യ മൊഴിയില്‍ ഒറ്റയ്ക്കാണ് വീടുവിട്ടിറങ്ങിയതെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഈ മൊഴി ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.Suryanelli-gang2956
എന്നാല്‍, പെണ്‍കുട്ടിയുടെ ആദ്യമൊഴിയായി അവതരിപ്പിക്കപ്പെട്ടത് വ്യാജരേഖയാണെന്ന് കേരളത്തിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ആസഫ് അലിയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേശ് ബാബുവും രണ്ടംഗ ബെഞ്ചിനെ അറിയിച്ചു.
പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെന്ന് പറയുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരു ഘട്ടത്തിലും അന്വേഷണ സംഘത്തിലുണ്ടായിരുന്നില്ലെന്നും ആസഫ് അലി വ്യക്തമാക്കി. മാത്രമല്ല, മൊഴിയെടുത്തുവെന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും മറ്റ് ഡ്യൂട്ടിയിലായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് പ്രേമമോ കാമമോ പണമോ ഉള്‍പ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കൂട്ടബലാത്സംഗമായിരുന്നു നടന്നത്. 40-ഓളം പ്രതികള്‍ പെണ്‍കുട്ടിയെ ഒരു മാസം തടഞ്ഞുവെച്ച് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കേസില്‍ 23 പേരെയാണ് നാലുവര്‍ഷം മുതല്‍ ജീവപര്യന്തം തടവുവരെ ഹൈക്കോടതി ശിക്ഷിച്ചത്. മുഖ്യപ്രതി ധര്‍മരാജന് ജീവപര്യന്തവും രണ്ടുപേര്‍ക്ക് പത്തുകൊല്ലം വീതവും 15 പേര്‍ക്ക് ഏഴു കൊല്ലം വീതവും ബാക്കിയുള്ളവര്‍ക്ക് നാലുകൊല്ലവുമാണ് ഹൈക്കോടതി തടവ് വിധിച്ചത്.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. എസ്. ഗോപകുമാരന്‍ നായര്‍, അഡ്വ. ടി.ജി. നാരായണന്‍ നായര്‍, അഡ്വ. കെ.എന്‍. മധുസൂദനന്‍, അഡ്വ. റോമി ചാക്കോ, അഡ്വ. കെ. രാജീവ്, അഡ്വ. ബി. രഞ്ജിത് മാരാര്‍, അഡ്വ. അഡോള്‍ഫ് മാത്യു തുടങ്ങിയവര്‍ ഹാജരായി.
Top