മരട് ഫ്ലാറ്റ് കേസ്: ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഹാജരാകില്ല; സത്യവാങ്മൂലം നൽകിയാൽ മതിയെന്ന് നിയമോപദേശം

ന്യൂഡൽഹി: മരട് ഫ്ലാറ്റ് പ്രശ്‌നത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകില്ല. പകരം കോടതിയിൽ സത്യവാങ്മൂലം നൽകിയാൽ മതിയെന്ന് നിയമോപദേശം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചുവെന്ന് കോടതിയെ അറിയിക്കും.

റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് സർക്കാറിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി അദ്ദേഹം ചർച്ച നടത്തും. ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാനും കെട്ടിടം പൊളിക്കാനും സുപ്രീം കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നും കോടതി താക്കീത് നൽകിയിരുന്നു. അതുകൊണ്ടുതന്നെ കോടതിയിൽ നിന്നുള്ള കടുത്ത ഇടപെടൽ തടയാനാണ് സർക്കാർ നീക്കം. അഭിഭാഷകരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ഇതിനുള്ള സർക്കാർ നടപടികൾ. അതേസമയം, ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ച സ്ഥിതിക്ക് ചീഫ് സെക്രട്ടറി ഇനി കോടതിയിൽ ഹാജരാകേണ്ടതില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഡൽഹിയിലുള്ള ചീഫ് സെക്രട്ടറി കേരളത്തിലേക്ക് തിരിക്കും.

തീരദേശപരിപാലന നിയമം ലംഘിച്ച് പണിഞ്ഞ മരടിലെ ഫ്ളാറ്റുകൾ പൊളിച്ച ശേഷം ചീഫ് സെക്രട്ടറി വിവരങ്ങൾ ബോധിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. ഫ്ളാറ്റിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാനോ പൊളിക്കൽ നടപടി ആരംഭിക്കാനോ ആയിട്ടില്ല. പക്ഷേ, നടപടിക്രമങ്ങൾ ആരംഭിച്ചു എന്ന് സർക്കാർ കോടതിയെ അറിയിക്കും. വീഴ്ച പറ്റിയെങ്കിൽ മാപ്പിന് അപേക്ഷിക്കും. 

താമസക്കാർ ഒഴിഞ്ഞു പോകണമെന്ന നോട്ടിസ് നൽകി, മാനുഷിക പരിഗണനവച്ച് പകരം താമസ സൗകര്യം ആവശ്യമുള്ളവർ അറിയിക്കാൻ ആവശ്യപ്പെട്ടു. അതേസമയം ഫ്ലാറ്റൊഴിയണമെന്ന നഗരസഭയുടെ ഉത്തരവിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹോളിഫെയ്ത്ത് ഫ്ലാറ്റിലെ താമസക്കാരനായ റിട്ട. സൈനികൻ കെ.കെ. നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.

Top