ലാവ്‌ലിൻ- പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടി; സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യുഡൽഹി :വീണ്ടും ലാവലിൻ ശ്രദ്ധാകേന്ദ്രമാകുന്നു !മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സി ബി ഐയും മറ്റു കക്ഷികളും സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിൽ കുറ്റവിമുക്തരാവാത്ത മുൻ കെഎസ്ഇബി ഉദ്യോഗസ്ഥർ ആർ ശിവദാസ്, കസ്തൂരി രംഗ അയ്യർ, കെ ജി രാജശേഖരൻ എന്നിവർ നൽകിയ ഹർജിയും കോടതി പരിഗണിക്കും. വാദം കേൾക്കുന്നത് മാറ്റി വെക്കണമെന്നാവശ്യപെട്ട് മുൻ ഊർജ്ജ സെക്രട്ടറി മോഹന ചന്ദ്രൻ നൽകിയ അപേക്ഷയും ഇന്ന് പരിഗണിക്കും. അപേക്ഷ അംഗീകരിച്ചാൽ വാദം കേൾക്കുന്നത് കോടതി മാറ്റി വെക്കും.ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടണമെന്ന് കാണിച്ച് സിബിഐ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ജി. കാർത്തികേയൻ സംസ്ഥാന വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ 1996 ഫെബ്രുവരി 2 നാണ് എസ്എൻസി ലാവലിനുമായി കൺസൾട്ടൻസി കരാർ ഒപ്പ് വച്ചത്. എന്നാൽ, 1997 ഫെബ്രുവരി 10 ന് കൺസൾട്ടൻസി കരാർ സപ്ലൈ കരാറായി മാറി. കരാറിലെ ഈ മാറ്റം പിണറായി ലാവലിൻ കമ്പനിയുടെ അതിഥിയായി കാനഡയിലുള്ളപ്പോഴായിരുന്നു എന്ന് സിബിഐ സത്യവാങ്മൂലത്തിൽ പറയുന്നു. അക്കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, ഊർജ്ജ വകുപ്പ് മുൻ സെക്രട്ടറിയായിരുന്ന കെ. മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ. ഫ്രാൻസിസ് എന്നിവർ അറിയാതെ കരാറിൽ മാറ്റം ഉണ്ടാകില്ലെന്നാണ് സിബിഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണ നേരിടുന്നതിൽ നിന്ന് പിണറായി വിജയനേയും മറ്റ് രണ്ട് പേരെയും ഒഴിവാക്കി ഉത്തരവിടുമ്പോൾ ഹൈക്കോടതി ഈ വസ്തുത പരിഗണിച്ചില്ലെന്നാണ് സിബിഐ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാവലിൻ കരാറിലൂടെ എസ്എൻസി ലാവലിൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായി. കെഎസ്ഇബിക്ക് ഭീമമായ നഷ്ടവും ഉണ്ടായതായി സിബിഐ വ്യക്തമാക്കി. ലാവലിൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും വസ്തുതകളും വിചാരണ ഘട്ടത്തിൽ പരിശോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാൽ, പിണറായി വിജയനേയും മറ്റ് രണ്ട് പേരേയും വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കി. ഇത് തെറ്റായ നടപടിയാണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയൻ, കെ. മോഹനചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവർ കെ.ജി രാജശേഖരൻ, ആർ. ശിവദാസൻ, കസ്തൂരിരംഗ അയ്യർ എന്നിവർക്കൊപ്പം വിചാരണ നേരിടണമെന്നാണ് സിബിഐ ആവശ്യം. സിബിഐ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

Top