കാത്തിരിപ്പുകള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ച് ബിജെപി. മൂന്നാം ഘട്ട പട്ടികയിലാണ് സുരേന്ദ്രന് സ്ഥാനം സ്ഥാനം പിടിക്കാനായത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് 13 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അന്നും പത്തനംതിട്ട ഒഴിച്ചിടുകയാണ് ചെയ്തത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് ശ്രീധരന്‍പിള്ള പിന്മാറുകയായിരുന്നു. കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനം വൈകുകയായിരുന്നു.
ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ അവിടെ മല്‍സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. പ്രയാര്‍ ഗോപാലകൃഷ്‌ന്റെ പേരും ഉയര്‍ന്നുകേട്ടു. ഇതിനൊക്കെ പിന്നാലെയാണ് പത്തനംതിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നത്.
തെലങ്കാന, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ബിജെപിക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പത്തനംതിട്ട സീറ്റിനു വേണ്ടി ശ്രമിക്കുന്നതു കൊണ്ടാണ് പ്രഖ്യാപനം വൈകുന്നതെന്നും സൂചനയുണ്ടായിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നു തന്നെ ആവശ്യമുയര്‍ന്നതും കേന്ദ്രതീരുമാനത്തെ സ്വാധീനിച്ചിരുന്നു.
ശബരിമല സ്ത്രീപ്രവേശനം ഉയര്‍ത്തിക്കാട്ടുന്ന ബിജെപിക്ക് നിര്‍ണായകമാണ് പത്തനംതിട്ട മണ്ഡലം. കൂടുതല്‍ വോട്ടുകള്‍ ഇവിടെ ലഭിക്കുമെന്നാണു പ്രതീക്ഷ. പി.എസ്. ശ്രീധരന്‍പിള്ള, എം.ടി.രമേശ്, അല്‍ഫോന്‍സ് കണ്ണാന്താനം തുടങ്ങിയവരും പത്തനംതിട്ടയ്ക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. തര്‍ക്കം ഉയര്‍ന്നതോടെ എം.ടി.രമേശ് പിന്മാറി. ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആര്‍എസ്എസ് രംഗത്തുവരികയും ചെയ്തു. ഇതാണ് സുരേന്ദ്രന് അനുകൂലമായത്.