എന്‍.എസ്.എസിനെ മലര്‍ത്തിയടിച്ച് സുരേന്ദ്രന്‍; സോഷ്യല്‍ മീഡിയയിലെ സപ്പോര്‍ട്ടില്‍ പത്തനംതിട്ടയില്‍ എത്തും

കോട്ടയം: എന്‍.എസ്.എസ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ വെട്ടിനിരത്തി സ്വന്തം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിലൂടെ എന്‍.എസ്.എസിനെ മലര്‍ത്തിയടിച്ചിരിക്കുകയാണ് കെ സുരേന്ദ്രന്‍. എന്‍ എസ് എസിനെ പ്രീതിപ്പെടുത്താന്‍ ഒരു നായര്‍ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുമെന്നു വിചാരിച്ചിടത്തു ഈഴവ (തീയ്യ ) സമുദായംഗമായ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി വരുന്നത്.

കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് സുകുമാരന്‍ നായര്‍. ഇതുവരെ താന്‍ പറഞ്ഞതും നിലകൊണ്ടതിനുമെതിരായി ഒരു ഈഴവ സമുദായ സ്ഥാനാര്‍ത്ഥിയെ പത്തനംതിട്ടയില്‍ പിന്തുണക്കേണ്ടി വരും. സ്ഥാനാര്‍ഥിത്വത്തിന്റെ ഒരു ഘട്ടത്തിലും ബി ജെ പി എന്‍ എസ് എസുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല.

എന്നാല്‍ വെള്ളാപ്പള്ളിയെ അഖിലേന്ത്യ നേതാക്കള്‍ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നായര്‍ വോട്ടുകള്‍ എന്‍ എസ് എസിന്റെ കുത്തകയല്ല എന്നും സുകുമാരന്‍ നായര്‍ക്ക് ആയിരം വോട്ടുകള്‍ പോലും മറിക്കാനുള്ള ശേഷിയില്ല എന്നും ബന്ധപ്പെട്ടവര്‍ വിലായിരിത്തിട്ടുണ്ട്. അതിനാല്‍ തന്നെ സുരേന്ദ്രന്‍ ജയിക്കുമെന്നു തോന്നുമ്പോള്‍ നിവൃത്തികെട്ടു ബിജെപിയെ പിന്തുണക്കാന്‍ സുകുമാരന്‍ നായര്‍ നിര്‍ബന്ധിതനാകും എന്ന് ഈ ബുദ്ധികേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

സുകുമാരന്‍ നായര്‍ തോല്‍പ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എന്‍ എസ് എസ് ആസ്ഥാനം ഇരിക്കുന്ന വാര്‍ഡ് ബിജെപി ജയിച്ചത് അവര്‍ ഉയര്‍ത്തി കാട്ടുന്നു. ബി ജെ പി ജയിച്ചാല്‍ സുകുമാരന്‍ നായര്‍ ദുര്‍ബലനാകുമെന്നും എന്‍ എസ് എസിന്റെ ഭരണം തന്നെ ആര്‍എസ്എസിന് ഏറ്റെടുക്കാം എന്ന് ഈ ബുദ്ധികേന്ദ്രങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരസ്യ വാദങ്ങളാണ് ബിജെപിയ്ക്ക് സുരേന്ദ്രന് സീറ്റ് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. രാഹുല്‍ ഈശ്വര്‍ അടക്കം സുരേന്ദ്രന്റെ പ്രതികൂല ഘടകമായ ജാതി ഉര്‍ത്തി കുറിപ്പുകള്‍ എഴുതിയിരുന്നു. നായര്‍ ജാതിയ്ക്ക് പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ സുരേന്ദ്രന് പിന്തുണയായത് ഇത്തരം പരസ്യ പ്രതികരണങ്ങളും ആര്‍എസ്എസ് നല്‍കിയ സപ്പോര്‍ട്ടുമാണ്. അതുപോലെ തന്നെ പത്തനതിട്ടയിൽ വിജയം കൊയ്യാൻ വേണ്ടി ആര്‍എസ്എസ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വന്‍ പദ്ധതികളാകും തയ്യാറാക്കുക.

Top