വടക്കേ ഇന്ത്യയിലെ പരാജയത്തില്‍ പതറി കേരളത്തിലെ ബിജെപിയും; അടുത്തവര്‍ അകലുന്നു; സിപിഎമ്മിനും പണിയായി

വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇന്തയിലാകെ പുതിയ രാഷ്ട്രീയ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാവരും എഴുതിത്തള്ളിയിരുന്ന രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പുതിയ രാഷ്ട്രീയ നിലപാടുകള്‍ക്കാണ് രാജ്യം കാതോര്‍ക്കുന്നത്. ഈ വിജയം കേരളത്തിലും മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്. കോണ്‍ഗ്രസിന് മാത്രമല്ല ഇടതിനെയും ബിജെപിയെയും ബാധിക്കുന്ന ഒന്നായി മാറുകയാണ് ഹിന്ദി ഹൃദയഭൂവിലെ കോണ്‍ഗ്രസ് വിജയം.

ബി.ജെ.പിയുടെ തോല്‍വിയില്‍ ആഹ്ളാദിക്കുമ്പോഴും, കോണ്‍ഗ്രസ് തകര്‍ന്നാല്‍ ലഭിക്കാമായിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഇനി ലഭിക്കുമോയെന്ന ആശങ്കയിലാണ് ഇടതുനേതൃത്വം. ശബരിമല വിഷയത്തോടെ അടുത്തുകൂടിയ ചില കക്ഷിനേതാക്കള്‍ നിലപാട് മാറ്റിയതു ബി.ജെ.പിക്കും തിരിച്ചടിയായി. കേന്ദ്രത്തില്‍ ബി.ജെ.പി. വീണ്ടും ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരുടെ നീക്കങ്ങള്‍. എന്നാല്‍, മൂന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവോടെ, തല്‍ക്കാലം അവരവരുടെ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കാനാണ് ഈ നേതാക്കളുടെ തീരുമാനം. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനാണു ശബരിമല വിഷയത്തില്‍ സി.പി.എം. ഉറച്ച നിലപാടുമായി മുന്നോട്ടുപോകുന്നതെന്ന പ്രചാരണം ശക്തമായിരുന്നു. ബി.ജെ.പിയും ഈ ആരോപണമുന്നയിച്ചിരുന്നു. കാലങ്ങളായി യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും വോട്ട് ബാങ്ക് ന്യൂനപക്ഷസമുദായങ്ങളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, അടുത്തയിടെ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ സി.പി.എമ്മിനെ പിന്തുണച്ചു രംഗത്തുവന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയുടെ വിജയത്തിലും ഇതു പ്രതിഫലിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ സംഘപരിവാര്‍ രംഗത്തുവന്നതോടെ ന്യൂനപക്ഷപിന്തുണ ആര്‍ജിക്കാമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടിയത്. എന്നാല്‍, ദേശീയതലത്തില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന ചര്‍ച്ചകള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് തെരഞ്ഞെടുപ്പുകളോടെ സജീവമായി. ഈ സാഹചര്യത്തില്‍ കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ വീണ്ടും യു.ഡി.എഫിനൊപ്പം അണിനിരക്കുമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ.

ഭൂരിപക്ഷസമുദായാംഗങ്ങളില്‍ നല്ലൊരു ശതമാനം ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണ്. അതിനൊപ്പം, ന്യൂനപക്ഷ വോട്ടുകളും ആകര്‍ഷിച്ചാല്‍ ഭരണത്തുടര്‍ച്ചയ്ക്കു വഴിയൊരുങ്ങുമെന്നതാണു സി.പി.എമ്മിന്റെ പ്രതീക്ഷ. ഇതു മുന്നില്‍ക്കണ്ടാണു ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെപ്പോലും ഗൗനിക്കാതിരുന്നത്. എന്നാല്‍, ശബരിമലയ്ക്കു സമാനമായ സഭാതര്‍ക്കവിഷയത്തില്‍ ഇടതുസര്‍ക്കാര്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന ആരോപണവുമുണ്ട്.

Top