ന്യുഡല്‍ഹി :നടന്‍ സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്കു നിര്‍ദേശിച്ചു. കലാകാരന്മാരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ നിയമനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ആലോചിച്ചിരുന്നു .സുരേഷ് ഗോപി അതില്‍ നിന്നു പിന്മാറുകയായിരുന്നു. സുരേഷ് ഗോപി മല്‍സരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ശ്രീശാന്തിനെ തിരുവനന്തപുരത്തു മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.
കലാരംഗത്തുനിന്നുള്ള നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം എന്ന നിലയിലായിരിക്കും സുരേഷ് ഗോപി രാജ്യസഭയിലേക്ക് എത്തുക. പ്രധാനമന്ത്രിയാണ് സുരേഷ് ഗോപി ഉള്‍പ്പടെ ആറുപേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌തത്.
പ്രധാനമന്ത്രി നല്‍കിയ ശുപാര്‍ശ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയിരിക്കുകയാണ്. രാഷ്‌ട്രപതിയുടെ അംഗീകാരം ഉടനുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് ബിജെപിയുടെ പ്രമുഖ തെരഞ്ഞെടുപ്പ് പ്രചാരകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. രണ്ടുദിവസം മുമ്പ് സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ച അമിത് ഷാ ഒരു മണിക്കൂറോളം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ചയിലാണ് സുരേഷ് ഗോപിയെ രാജ്യസഭാ എംപി ആക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍വേണ്ടി കടുത്ത പോരാട്ടം നടത്തുന്ന ബിജെപി, സുരേഷ് ഗോപിയെ രാജ്യസഭാ അംഗമാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടാനാണ് ശ്രമിക്കുന്നത്.
അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം പ്രതികരിക്കാമെന്നാണ് സുരേഷ് ഗോപി പറഞ്ഞിട്ടുള്ളത്. സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത് സംബന്ധിച്ച് കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഒരു അറിവും ഉണ്ടായിരുന്നില്ലെന്നാണ് സൂചന. ഇന്നു ഗള്‍ഫിലേക്ക് യാത്ര പുറപ്പെടാനിരുന്ന സുരേഷ് ഗോപി, ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം യാത്ര റദ്ദാക്കിയിട്ടുണ്ട്.