
തിരുവനന്തപുരം:ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ചുള്ള തന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്ന് പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ മാതാവ് ഇന്ദിരാ ഗാന്ധിയാണെന്നാണ് പറഞ്ഞത്. പ്രയോഗത്തിൽ തെറ്റു പറ്റിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ പ്രവർത്തനം തൃശൂരിൽ മാത്രം ഒതുങ്ങില്ലെന്നും തമിഴ്നാട്ടിലും തന്റെ ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
കരുണാകരൻ കോൺഗ്രസിന്‍റെ പിതാവും കോൺഗ്രസിന്‍റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്.എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു.ഇത്തരം കാര്യങ്ങൾ മുഖവിലക്കെടുക്കില്ല.മാധ്യമങ്ങളെ വിലക്കിയിട്ടില്ല..ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും.കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂങ്കുന്നം മുരളീ മന്ദിരത്തില്‍ പത്മജ വേണുഗോപാലിനൊപ്പം കരുണാകരന്‍റെയും കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡലപത്തില്‍ ഇന്നലെ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് തനിക്ക് മാതൃകകളായവരെപ്പറ്റി സുരേഷ്ഗോപി പറഞ്ഞത്.ഇതിന് പല രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ വന്ന സാഹചര്യത്തിലാണ് സുരഷ്ഗോപിയുടെ ഇന്നത്തെ വിശദീകരണം.
കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപിക്ക് ബിജെപി ജില്ലാ കമ്മറ്റി ഓഫീസിലും സംസ്ഥാന കമ്മറ്റി ഓഫീസിലും സ്വീകരണം നല്‍കി.തൃശ്ശൂരിലെ ജനത ബിജെപിക്ക് നൽകിയ തങ്കകിരീടമാണ് വിജയം.ഒന്നര വർഷം നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമാണത്.തൃശ്ശൂരിലെ എംപിയായി ഒതുങ്ങില്ല.കേരളത്തിന്‍റെ എംപിയായിരിക്കും.തന്‍റെ ശ്രദ്ധ തമിഴ്നാട്ടിലും ഉണ്ടാകും.തമിഴ്നാടിന് വേണ്ടിയും പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോലാഹലങ്ങളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. കാരണം വലിയ ഉത്തരവാദിത്തം എന്റെ തലയിലുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യവും ഇനി ഞാൻ ശ്രദ്ധിക്കുകയോ മുഖവിലയ്ക്ക് എടുക്കുകയോ ഇല്ല.’’ – സുരേഷ് ഗോപി പറഞ്ഞു. ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതു പോലെ ലീഡർ കെ. കരുണാകരനെ കേരളത്തിന്റെ പിതാവായാണു കാണുന്നതെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. പൂങ്കുന്നം മുരളീമന്ദിരത്തിലെത്തി ലീഡർ കെ. കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം