ന്യൂഡല്‍ഹി: ഒന്നാം മോദി മന്ത്രിസഭയിലെ ജനപ്രിയ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ചെയ്ത സേവനങ്ങള്‍ മാത്രമായിരുന്നില്ല സുഷമ സ്വരാജിനെ ജന ഹൃദയത്തില്‍ പ്രതിഷ്ടിച്ചത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ജനങ്ങളുമായി ഇത്രയധികം സംവദിച്ച മറ്റൊരു മന്ത്രി ഇല്ല എന്നതായിരുന്നു സുഷമ സ്വരാജിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയകളില്‍ ട്വിറ്ററിലാണ് സ്വരാജിന് ഏറ്റവും കൂടുതല്‍ ആരാധകര്‍.
എന്നാല്‍ ഇത്തവണത്തെ ‘മോദി 2.0’ മന്ത്രിസഭയില്‍ സുഷമ സ്വരാജില്ല. കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞാ സമയത്ത് അവസാന നിമിഷത്തിലാണ് സുഷമ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാകില്ല എന്നറിഞ്ഞത്. ഇതിനെ തുടര്‍ന്ന് തനിക്ക് മുന്‍ മന്ത്രിസഭയില്‍ അവസരം തന്നതിന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു.
‘പ്രധാനമന്ത്രിജി, വിദേശകാര്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം, വിദേശത്തും സ്വദേശത്തും ഉള്ള ജനങ്ങളെ സേവിക്കാന്‍ താങ്കള്‍ എനിക്ക് അവസരം തന്നു. എനിക്ക് വേണ്ട ബഹുമാനവും താങ്കള്‍ തന്നു. ഞാന്‍ താങ്കളെ എന്റെ നന്ദി അറിയിക്കുന്നു. ഈ സര്‍ക്കാര്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.’ സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
ഇതിന് മറുപടിയെന്നോണം അനേകം പേര്‍ സുഷമയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അവരുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും ഇക്കൂട്ടത്തില്‍ പെടും. മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സുഷമയും ഇത്തവണത്തെ മന്ത്രിസഭയില്‍ ഇല്ലാത്തത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ഇരുവര്‍ക്കും ഒമര്‍ സൗഖ്യം ആശംസിച്ചു.
‘രാജ്യം നിങ്ങളെ മന്ത്രിസഭയില്‍ മിസ് ചെയ്യും. വികാരവിമുക്തമായിരുന്ന ഒരു മന്ത്രിസഭയില്‍ സ്‌നേഹവും മൂല്യവും കൊണ്ട് വന്നത് നിങ്ങളാണ്.’ ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ കുറിച്ചു. ‘നിങ്ങള്‍ ഏറെ നല്ല കാര്യങ്ങള്‍ ചെയ്തു മാഡം. നിങ്ങള്‍ സഹായിച്ചവര്‍ നിങ്ങളെ ഒരിക്കലും മറക്കില്ല.’ മറ്റൊരു ട്വിറ്റര്‍ യൂസറും പറയുന്നു.
വിദേശകാര്യമന്ത്രിയായിരുന്നപ്പോള്‍, യു.എ.ഇയില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ പെട്ട ഒരു യുവതിയെ നാട്ടിലെത്തിച്ചത്, പാസ്പോര്‍ട്ടും പണവും ഇല്ലാതെ ജര്‍മനിയില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയെ സഹായിച്ചത്, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമുണ്ടായിരുന്നു ഒരു പാകിസ്ഥാനി പെണ്‍കുട്ടിക്ക് അതിന് സൗകര്യം ചെയ്ത് കൊടുത്തത്, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സുഷമ സ്വരാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.