ബെർലിൻ: ജർമനിയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യമൻ എ എന്ന 19കാരനെയാണ് പോലീസ് പിടികൂടിയത്. മാരക പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്. ഇയാൾക്ക് ഇസ്ലാമിക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതായും പോലീസ് അറിയിച്ചു.
അതേസമയം ന്യൂയോർക്കിലെ ലോവർ മാൻഹാട്ടനിൽ കാൽനടക്കാർക്കും സൈക്കിൾയാത്രികർക്കും ഇടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റി. സംഭവത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വേൾഡ് ട്രേഡ് സെന്‍റർ സ്മാരകത്തിനു സമീപമാണ് സംഭവമുണ്ടായത് . പ്രാദേശികസമയം വൈകിട്ടു 3.15ന് ആയിരുന്നു സംഭവം. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. 29 കാരനായ സെയ്ഫുള്ള സയ്പോവ് എന്ന കുടിയേറ്റക്കാരനാണ് ഇയാളെന്നാണു വിവരം. ഇയാളുടെ കയ്യിൽനിന്നു രണ്ടു തോക്കുകൾ കണ്ടെടുത്തു. ഇവ കളിത്തോക്കുകളാണെന്നാണു സൂചന.
വാടകയ്ക്കെടുത്ത വാനുമായി എത്തിയ അക്രമി തിരക്കുള്ള സൈക്കിൾപാതയിലേക്കു വാഹനമോടിച്ചു കയറ്റുകയായിരുന്നു. സൈക്കിളുകൾ ഇടിച്ചു തെറിപ്പിച്ച വാൻ ഒരു സ്കൂൾ ബസിലും ഇടിച്ചു. സംഭവം ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.സംഭവത്തേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സ്ഥലത്തിന്‍റെ നിയന്ത്രണം പൂർണമായും പോലീസ് ഏറ്റെടുത്തു. ഇവിടെ ഒരു തരത്തിലുള്ള ഭീഷണിയും നിലനില്ക്കുന്നില്ലെന്ന് ന്യൂയോർക്ക് മേയറുടെ ഓഫീസ് അറിയിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം നടക്കുകയാണെന്നും ന്യൂയോർക്ക് പോലീസ് അറിയിച്ചു.