കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിനു പിന്നിൽ ജോളിയോ ?സംശയത്തിന്‍റെ മുള്‍മുനയില്‍ സ്ത്രീ, കൊലപാതകമാണെന്ന സൂചന നല്‍കി പോലീസ്.

താമരശ്ശേരി: കൂടത്തായിലേത് ആസൂത്രിത കൊലപാതകങ്ങളെന്ന് സൂചന നൽകി റൂറൽ എസ് പി കെ.ജി സൈമൺ. എല്ലാവരും മരണത്തിനു മുമ്പ് ഒരേ പൊലുള്ള ഭക്ഷണം കഴിച്ചിരുന്നു. ഒന്നുമില്ലാതെ ശാസ്ത്രീയ പരിശോധന നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്വേഷണ പുരോഗതി പങ്കുവെയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ കല്ലറ തുറന്ന് പരിശോധന നടത്തി. ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരോ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന ബന്ധു നല്‍കിയ പരിശോധനയിലാണ് ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ നേത‍ൃത്വത്തില്‍ പരിശോധന നടത്തിയത്.കോടഞ്ചേരി സെന്‍റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയെ കല്ലറകളാണ് മരണ കാരണം കണ്ടെത്തുന്നതിന് വേണ്ടി തുറന്ന് പരിശോധിച്ചത്. 2002 മുതല്‍ മരിച്ച ആറു പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്ലാണ് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചത്.സൈനഡ് കഴിച്ചാണെങ്കിൽ പല്ലിൽ പറ്റിയിരിക്കുന്ന അംശം വർഷങ്ങൾക്കു ശേഷവും നശിക്കാതെയുണ്ടാവുമെന്നാണ് ഫോറൻസിക് വിഗദ്ധർ പറയുന്നത്. ഇതേതുടർന്നാണ് ഫോറൻസിക് പരിശോധന നടത്തുന്നത്. മണ്ണിൽ ദ്രവിക്കാതെയുള്ള പല്ല്, എല്ലിൻ കഷണങ്ങൾ എന്നിവയാണ് പരിശോധിക്കുന്നത്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ, മകൻ റോയി തോമസ്, അന്നമ്മയുടെ സഹോദരൻ കൂടത്തായി മച്ചാടിയിൽ മാത്യു, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, ഇവരുടെ രണ്ടുവയസ്സുള്ള മകൾ അൽഫോൻസ എന്നിവരുടെ മരണം സംബന്ധിച്ചാണ് സംശയമുയർന്നിരിക്കുന്നത്. അമേരിക്കയിൽ താമസിക്കുന്ന ടോം തോമസിന്റെ മകൻ റോജോ നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്.റോജോയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ കല്ലറ തുറന്നുള്ള പരിശോധന അതീവ നിർണ്ണായകമാണ്. ആറുപേരുടെയും മരണകാരണം കണ്ടെത്തുന്നതിനുവേണ്ടിയാണ് കല്ലറ തുറന്നുള്ള പരിശോധന. 2002 മുതൽ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിദഗ്ധരാണ് പരിശോധിക്കുക. വിഷാംശം ഉള്ളിൽചെന്നാണോ മരിച്ചതെന്ന കാര്യമാണ് മുഖ്യമായും പരിശോധിക്കക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2002-ൽ അന്നമ്മയാണ് ആദ്യം മരിച്ചത്. ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2008-ലായിരുന്നു ടോം തോമസിന്റെ മരണം. 2011-ലായിരുന്നു റോയി തോമസ് മരിച്ചത്. 2014-ൽ മാത്യു മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകൾ അൽഫോൻസ മരിച്ചു. പിന്നീട് സഹോദരപുത്രന്റെ ഭാര്യ സിലിയും മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവർ പറഞ്ഞിരുന്നെങ്കിലും ചിലർ സംശയം ഉയർത്തിയതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുകയും വിഷാംശം ഉള്ളിൽ ചെന്നതായി കണ്ടെത്തി. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പൊലീസിന്റെ നിഗമനം. എന്നാൽ പിണറായിയിൽ സൗമ്യ നടത്തിയ കൊലപാതകങ്ങളുടെ കഥ അറിഞ്ഞതോടെ റോജോ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

പുതിയ പരാതിയുമായി ബന്ധപ്പെട്ട് ചിലരെ ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ ചില വൈരുധ്യങ്ങൾ ഉദ്യോഗസ്ഥരെയും സംശയത്തിലാക്കി. ഇതോടെയാണ് കൂടുതൽ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. എല്ലാവരും മരിച്ചതോടെ അധികം വൈകാതെ റോയിയുടെ പിതൃസഹോദര പുത്രനായ പൊന്നാമറ്റത്തിൽ ഷാജു എന്ന അദ്ധ്യാപകനും , മരിച്ച റോയിയുടെ ഭാര്യയും ഇടുക്കി സ്വദേശിയുമായ ജോളിയും തമ്മിൽ വിവാഹിതരായി. ഇതിനിടെ റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ നാട്ടിലെത്തി.അപ്പോഴേക്കും പിതാവ് ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരിച്ച റോയിയുടെ ഭാര്യയായ ജോളിയുടെ പേരിലാക്കിയിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്നാണ് ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത്. എന്നാൽ റോജോ ഇക്കാര്യം വിശ്വസിച്ചില്ല. റവന്യൂഅധികൃതർക്കും മറ്റും പരാതി നൽകിയതോടെ അന്വേഷണം നടത്തി സ്വത്തുക്കൾ ടോം തോമസിന്റെ പേരിലാക്കി തിരിച്ചെഴുതി.

ഇതോടെ ജോളി സംശയത്തിന്റെ നിഴലിലായി . സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് അറിഞ്ഞതോടെ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് റോജോ വിശ്വസിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മരണസ്ഥലത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം റോജോ പൊലീസുകാരോടും പറഞ്ഞിരുന്നു. വീട്ടിലെത്തിയ റോയി ഭക്ഷണം കഴിക്കുന്നതിനു മുമ്പായി ബാത്‌റൂമിൽ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ് ഭാര്യ ജോളി ആദ്യം പൊലീസിനു മൊഴി നൽകിയത്. എന്നാൽ മരിക്കുന്നതിന് 15 മിനിട്ടുമുമ്പ് റോയി ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. പിറ്റേന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് ഉള്ളിൽ സയനൈഡിന്റെ അംശം കണ്ടെത്തിയത്. ഇതുപക്ഷെ രഹസ്യമാക്കി വച്ചു. റോജോയുടെ പരാതിയെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിക്കുകയും മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടും നൽകി. ഇതോടെ ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേതുടർന്നാണ് ക്രൈംബ്രാഞ്ച് മറ്റുള്ളവരുടെ മൃതദേഹങ്ങൾ കൂടി പരിശോധിക്കാൻ തീരുമാനിച്ചത്. ഭക്ഷണത്തിൽ സൈനഡ് കലർന്നതാവാം മരണകാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.

ജോളിക്ക് കോഴിക്കോട് എൻഐടിയിൽ ലക്ചററായി ജോലിയാണെന്ന് നാട്ടിൽ പ്രചരിപ്പിച്ചിരുന്നതായും ഇത് കളവാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. റോയിയുടെ മരണശേഷം പിതാവിന്റെ പേരിലുള്ള സ്വത്ത് റോയിയുടെ കുടുംബത്തിന് നൽകരുതെന്ന് അമ്മാവനായ മാത്യു മഞ്ചാടിയിൽ ബന്ധുക്കളോടു പറഞ്ഞിരുന്നതായും, ഇതിനുശേഷമാണ് അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മരിച്ച അന്നമ്മ ഏകമകളുടെ വിവാഹത്തിനായി കരുതിവച്ച ആഭരണങ്ങളിൽ ഒരു പവൻ വീതമുള്ള എട്ട് വളകൾ കാണാതായാതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ആരുടേയോ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

സമാനമായ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്നാണ് മറ്റ് അഞ്ചുപേരും മരിച്ചതെന്ന് കണ്ടെത്താനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചതെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു. പേലീസ് ശേഖരിച്ച അവശിഷ്ടങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവരുന്നതോടെ സംശയങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇതേ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

കണ്ണൂർ പിണറായിയിൽ 2012 മുതൽ 2018 വരെയുള്ള കാലത്തിനിടെ ഒരേ കുടുംബത്തിലെ നാലുപേർ സമാന സാഹചര്യത്തിൽ മരിച്ചു. അതിൽ രണ്ടു പേരുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ സിങ്ക് ഫോസ്ഫൈഡിന്റെ അംശങ്ങൾ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. ഭക്ഷണത്തിൽ വിഷം കലർത്തിയാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് പ്രതി സൗമ്യ അന്വേഷണ സംഘത്തോട് സമ്മതിച്ചു. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് കാരണമെന്നും അവർ മൊഴി നൽകി.(സൗമ്യ പിന്നീട് ജയിലിൽ ആത്മഹത്യ ചെയ്തു). ഈ കേസ് പുറത്തു വന്നതിനെ തുടർന്നാണ് കൂടത്തായിയിലെ ആറു മരണങ്ങളും കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. ഇതോടെയാണ് റോജോ പൊലീസിനെ സമീപിച്ചത്.കൂടത്തായിയിലെ കൂട്ടമരണങ്ങളുടെ പിന്നിലെ ദുരൂഹതകൾക്ക് ഉത്തരം തേടി ക്രൈംബ്രാഞ്ച് കല്ലറകൾ തുറക്കുമ്പോൾ ഉത്തരം കിട്ടേണ്ടത് ഒരുപാട് സംശയങ്ങൾക്കാണ്. മറനീക്കി പുറത്തുവരേണ്ടത് വർഷങ്ങളായി അടക്കം ചെയ്തിരിക്കുന്ന ദുരൂഹതകളാണ്.

2002 ഓഗസ്റ്റ് 22 നാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വർഷങ്ങളുടെ ഇടവേളയിൽ അഞ്ച് മരണങ്ങൾ. അഞ്ചും അടുത്ത ബന്ധുക്കൾ. കൂടത്തായി ലൂർദ് മാതാപള്ളിയിലെ സെമിത്തേരിയിലും കോടഞ്ചേരി സെന്റ്മേരീസ് പള്ളിയിലെ സെമിത്തേരിയിലുമായി ആ ആറുപേർ അന്ത്യവിശ്രമം കൊള്ളുന്നു. മരിച്ച ടോം തോമസ് – അന്നമ്മ ദമ്പതികളുടെ മകനായ റോജോ നൽകിയ പരാതിയാണ് ഇപ്പോൾ കല്ലറ തുറന്നുളള പരിശോധനയിലേക്ക് എത്തി നിൽക്കുന്നത്. മരിച്ച റോയിയുടെ ഭാര്യ സിലിയുടെ ഭർത്താവിനെ പിന്നീട് വിവാഹം കഴിച്ചിരുന്നു. മരിച്ചവരുടെ ഉറ്റബന്ധുവായ യുവതിയാണ് സംശയത്തിന്റെ നിഴലിലുള്ളത്. ബന്ധുക്കളുടെ മരണശേഷം ഇവർ വ്യാജരേഖകൾ ചമച്ച് സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ട്. അന്വേഷണം ഇവരിലേക്ക് നീണ്ടതോടെ നുണപരിശോധനയ്ക്ക് വിധേയമാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ തേടി സെമിത്തേരിയിലേക്ക് എത്തുന്നത്. റോജോയെക്കൊണ്ട് പരാതി പിൻവലിപ്പിക്കാൻ യുവതി ബന്ധുക്കളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. റോയി തോമസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നു തന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അന്ന് അന്വേഷിച്ചിരുന്നെങ്കിൽ കുടുംബത്തിൽ ബാക്കിയുള്ളവരെയെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

 

Top