സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. രാത്രി രണ്ടു മണിയോടെ ആശ്രമപരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. അടുത്തുള്ള കുണ്ടമൺ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. പൊലീസ് കൂടുതൽ പരിശോധന നടത്തി വരികയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് സംഘം കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കുണ്ടമണ്‍കടവിലെ ആശ്രമത്തില്‍ ആക്രമണം ഉണ്ടായത്. ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളും ഒരു സ്‌കൂട്ടറും തീവെച്ചു നശിപ്പിക്കുകയും ആശ്രമത്തിന് പുറത്ത് റീത്ത് വെയ്ക്കുകയും ചെയ്തു. ശബരിമലയില്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദഗിരിയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ അപലപിച്ചു. സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് ഇതെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചു.