സന്യാസിമാര്‍ അക്രമാസക്തരായി: വാരണാസിയില്‍ സംഘര്‍ഷം, കല്ലേറ്: നിരോധനാജ്ഞ

വാരാണസി: സന്യാസിമാരുടെ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായതിനെതുടര്‍ന്ന് വാരാണസിയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് നടന്ന ‘അന്യായ പ്രതികാര്‍ മാര്‍ച്ചി’ല്‍ കല്‌ളേറുണ്ടായതിനെതുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
സമരക്കാര്‍ പൊലീസ് ഔട്ട്‌പോസ്റ്റ് ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ 22ന് ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ സന്യാസിമാര്‍ക്കുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ലാത്തിച്ചാര്‍ജില്‍ സ്വാമി അവിമുക്തേശ്വരാനന്ദ് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. ക്രമസമാധാനം ഉറപ്പാക്കാന്‍ വിഗ്രഹങ്ങള്‍ ഗംഗാതടത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളില്‍ നിമജ്ജനം ചെയ്യണമെന്ന് ജില്ലാ ഭരണകൂടവും പൊലീസും പൂജസംഘാടകരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ തീരുമാനിച്ച സ്ഥലത്തുതന്നെ നിമജ്ജനം നടത്തുമെന്ന് സന്യാസിമാര്‍ ഉറച്ചുനിന്നതിനെതുടര്‍ന്നാണ് പൊലീസിന് ബലപ്രയോഗം നടത്തേണ്ടിവന്നത്.
അവിമുക്തേശ്വരാനന്ദിന്റെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ചയിലെ മാര്‍ച്ച്. മാര്‍ച്ചിനുമുമ്പ് നഗരത്തിലെ ടൗണ്‍ഹാളില്‍ പ്രകോപനപരമായ യോഗവും സന്യാസിമാര്‍ സംഘടിപ്പിച്ചിരുന്നു. യോഗത്തിനുശേഷമുള്ള മാര്‍ച്ച് നിര്‍ത്തിവെക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സന്യാസിമാര്‍ നിരസിക്കുകയായിരുന്നു. മാര്‍ച്ച് ഗോദൗലിയ ഭാഗത്തത്തെിയപ്പോഴാണ് പൊലീസിനുനേരെ കല്‌ളേറുണ്ടായത്. കോത്വാലി, ചൗക്, ദശസ്വമേദ് പ്രദേശങ്ങളിലാണ് നിരോധാജ്ഞ.

Top