വിവാദ ബിജെപി സ്വാമിയുടെ വിധി നാളെ: ബലാത്സംഗക്കേസ് പ്രതിയെത്തുക ആയുധധാരികളായ അംഗരക്ഷകരുടെ അകമ്പടിയിൽ; രണ്ടു സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ

ക്രൈം ഡെസ്‌ക്

ചണ്ഡീഗഡ്: ബിജെപിയുടെ വിശ്വസ്തനും ബിജെപി നേതാക്കളുടെ അടുത്തയാളുമായ ദേര സച്ച സൗദ നേതാവും സ്വാമിയുമായ ഗുർമീത് റാം റഹീമിന്റെ ബലാത്സംഗക്കേസിലെ വിധിയെ നേരിടാൻ രണ്ടു സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ. ഗുർമീത് റാംറഹീമിന്റെ കേസിൽ ഇദ്ദേഹത്തിനു എതിരായ വിധിയുണ്ടായാൽ ഇത് രാജ്യത്തെ തന്നെ മുൾമുനയിൽ നിർത്തും. നേരത്തെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോളുണ്ടായ കലാപത്തിൽ പൊലീസുകാരടക്കം നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു.
താൻ പ്രതിയായ ബലാത്സംഗക്കേസിൽ വിധി കേൾക്കാൻ നാളെ കോടതിയിലെത്തുമെന്ന് വിവാദ സന്യാസിയും ദേര സച്ച സൗദ നേതാവുമായ ഗുർമീത് റാം റഹീം സിങ്ങ് തന്നെയാണ് പ്രസ്താവിച്ചത്. ഇന്ന് ഉച്ചയോടെ ട്വിറ്ററിലാണ് ഇയാൾ ഇക്കാര്യം അറിയിച്ചത്. വിധി പ്രസ്താവനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന്
റിപ്പോർട്ടുകൾ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പഞ്ചാബിലും ഹരിയാനയിലും നിരോധനാജ്ഞയടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
അതേസമയം കഴിഞ്ഞ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഗുർമീതിന്റെ പിന്തുണയോടെ ജയിച്ച ബിജെപി ഇപ്പോൾ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായിട്ടുണ്ട്. വിവാദ സന്യാസി ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ അത് ബിജെപിയുടെ ധാർമികതയെ ചോദ്യം ചെയ്യപ്പെടുന്നതാകും. ദേരാ സച്ചാ സൗദ പരസ്യമായി നൽകിയ പിന്തുണ
സ്വീകരിച്ചാണ് ബിജെപി ഫെബുവരിയിൽ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എസ്എഡി-ബിജെപി സഖ്യത്തെ വിജയിപ്പിക്കാനായി ദരാ സച്ചാ സൗദ ബ്ലോക്ക്-ജില്ലാ-സംസ്ഥാന തല യോഗങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഗുർമീതിന് സംസ്ഥാനത്തുള്ള സ്വാധീനം മനസിലാക്കിയാണ് ബിജെപി വിവാദ സന്യാസിയുടെ
സ്വീകരിച്ചത്. വിധിക്ക് ശേഷം പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ സംഘർഷങ്ങളുണ്ടായാൽ ഗുർമീതുമായി അടുപ്പമുള്ള ബിജെപിക്ക് കൂടി അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ഗുർമീത ശിക്ഷിക്കപ്പെട്ടേക്കാവുന്നത് ബലത്സംഗക്കേസിൽ ആയതിനാൽ വലിയ തോതിലുള്ള ജനരോഷവും ബിജെപി നേരിടേണ്ടി വരും.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പഞ്ചാബിൽ 22 ട്രെയിനുകൾ റദ്ദാക്കി. പ്രത്യേക സിബിഐ കോടതി വിധി ഗുർമീതിനെതിരാണെങ്കിൽ അണികൾ വ്യാപകമായി അക്രമമഴിച്ചു വിടുമെന്ന് കാണിച്ച് പഞ്ചാബ് പൊലീസ് മേധാവി കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയിരുന്നു. ഫരിദ്ക്കോട്ട് ജില്ലയിലെ നാം ചർച്ച ഘർസിൽ
ഗുർപ്രീത് അനുകൂലികൾ വലിയ അളവിൽ പെട്രോളും ഡീസലും വീപ്പകളിൽ ശേഖരിച്ചു വെച്ചിട്ടുള്ളതായി സർക്കുലറിൽ പറയുന്നു. ഇതു കൂടാതെ നിരവധി മാരകായുധങ്ങളും ശേഖരിച്ചുവെച്ചിട്ടുണ്ട്. വിധി ഗുർമീത് റാം റഹീമിനെതിരായാൽ അനുയായികൾ ആയുധങ്ങളുമായി തെരുവിലിറങ്ങും. ആയതിനാൽ ആവശ്യമായ പൊലീസ് സേനയെ അതാത്
സ്ഥലങ്ങളിൽ വിന്യസിക്കണം-പൊലീസ് മേധാവി വകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ച സർക്കുലറിൽ പറയുന്നു.
ബലാത്സംഗക്കേസ് കൂടാതെ മാധ്യമപ്രവർത്തകനെയടക്കം കൊലപ്പെടുത്തിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. നിരവധി സ്വത്തും ഗുണ്ടാസംഘവുമുള്ള ഈ വിവാദ സന്യാസി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. താൻ കോടതിയിലെത്തുമോയെന്ന ചർച്ചകൾ
നടക്കുന്നതിനിടെയാണ് ഗുർമീത് ഇന്ന് ട്വീറ്റ് ചെയ്തത്. ഗുർമീതിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അയാളുടെ അഭിഭാഷകൻ എസ്‌കെ ഗാർഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് നിരോധിക്കുന്നതിനെക്കുറിച്ചും സർക്കാർ
ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരോധനാജ്ഞ നിലവിലുള്ളപ്പോൾ ഗുർമീത് അനുകൂലികൾക്ക് പഞ്ചകുലയിൽ സംഘടിക്കാൻ അനുമതി നൽകിയതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹരിയാന സർക്കാരിനെ ശകാരിച്ചു.
11,000 സായുധ പൊലീസുകാരെയാണ് പഞ്ചാബിൽ വിന്യസിക്കുന്നത്. ചണ്ഡിഗഢിലെ സെക്ടർ 16 ക്രിക്കറ്റ് സ്റ്റേഡിയം സംഘർഷമുണ്ടായാൽ ഗുർമീത് അനുയായികളെ തടവിൽ വെക്കാനായി ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതിർത്തികൾ അടച്ച് സീൽ ചെയ്ത ഹരിയാനയിൽ സ്ഥിതിഗതികൾ നേരിടാനായി 3,500 പൊലീസുകാരെയാണ്
വിന്യസിക്കുക. ഇതിനു പുറമേ 115 കമ്പനി അർധസൈനികരേയും വിട്ടുകിട്ടുന്നതിന് ഹരിയാന കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തോളം ഗുർമീത് അനുയായികൾ പഞ്ചകുളയിൽ തമ്പടിച്ചിട്ടുണ്ട്. കലാപം നിയന്ത്രിക്കുന്നതിനായി പഞ്ചകുളയിൽ കൺട്രോൾ റൂം
തുറന്നിട്ടുണ്ട്. സ്‌കൂളുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ചണ്ഡിഗഢിൽ നിന്ന് 45 കിലോമീറ്റർ ദൂരെയുള്ള അമ്പാല നഗരത്തിനപ്പുറത്തേക്ക് സർക്കാർ-സ്വകാര്യ വാഹനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 2002ലാണ് ഗുർമീതിനെതിരെ അയാളുടെ ആശ്രമത്തിലുള്ള ഒരു വനിത
ബലാത്സംഗ ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് കത്തയക്കുകയായിരുന്നു.
ഗുർമീതിന് കേരളത്തിൽ മൂന്നാർ, തേക്കടി, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇയാൾക്ക് ഭൂമിയുണ്ട്. 2012 ജനുവരിയിൽ ഇയാൾ നടത്തിയ കേരള സന്ദർശനം വിവാദമായിരുന്നു. നിരവധി അനുചാരകരും ഗുണ്ടകളുമായി വന്ന ഗുർമീതിന് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാർ വിസമ്മതിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top