തിരുവനന്തപുരം: വിവാദ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ഏത് അന്വഷണത്തേയും സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അന്വേഷണം പ്രഖ്യാപിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങൾ ഉന്നയിക്കുമ്പോൾ വസ്തുതകളുമായി മാത്രം മുമ്പോട്ട് വരികയെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. ഇതിനെ സോളാർ കേസുമായി താരതമ്യപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു. ദുർഗന്ധം വമിക്കുന്ന ചളിയിൽ മുങ്ങിക്കിടക്കുന്നവർക്ക് അതുപോലെ മറ്റുള്ളവരും ആയിക്കാണാൻ ആഗ്രഹമുണ്ടാകും. തത്കാലം ആ അത്യാഗ്രഹം സാധിച്ച് തരാൻ കഴിയില്ല. എൽഡിഎഫ് സർക്കാരിന് ഒരു സംസ്‌കാരമുണ്ട്. അത് യുഡിഎഫിന്റെ വഴിയല്ല. ഒരു തെറ്റായ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.
ഏത് അന്വേഷണത്തിനും സമ്മതമാണ്. ഇത്തരത്തിലുള്ള കുറ്റവാളികളെ കണ്ടെത്തുകയും അവരുടെ വേരറുക്കുകയും വേണം. ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും കുഴപ്പമില്ല. അത് കേന്ദ്ര സർക്കാരാണ് തീരുമാനിക്കുക. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു തീരുമാനവും എടുക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുകമറ ഉയർത്തി സർക്കാരിനെ തളർത്തി കളയാം എന്ന് വിചാരിച്ചാൽ നടക്കില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. സംസ്ഥാന സർക്കാരിന്റെ താത്പര്യ പ്രകാരമല്ല കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് അവർ എത്തിയത്. അവിടെയൊക്കെ അവർ എത്തിയത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. ശുപാർശ ആര് കൊടുത്തു?നിരവധി പരിപാടികളിൽ അവർ പങ്കെടുത്തു. അത് കോൺസുലേറ്റ് പ്രതിനിധി ആയാണ് പങ്കെടുത്തത്. സംസ്ഥാന സർക്കാർ അതിൽ എങ്ങനെയാണ് ഉത്തരവാദിയാകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതിൽ വ്യാജ വാർത്ത വരെ ഒരു ചാനൽ സൃഷ്ടിച്ചു. പ്രതിപക്ഷം അത് പ്രചരിപ്പിച്ചു. പഴയ ചില കാര്യങ്ങൾ ഓർമ വരുന്നുണ്ടെങ്കിൽ ഇപ്പോൾ ഉള്ളവരോട് കളിക്കാൻ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.