തിരുവനന്തപുരം: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. കളളപ്പണക്കേസിലെ എല്ലാ കാര്യങ്ങളും കോടതിയിൽ അറിയിക്കുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഇന്നത്തെ രഹസ്യ മൊഴിയെടുക്കലിന് ശേഷം പുറത്തെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് നാളെയും തുടരും.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചതിനെ തുടർന്ന് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി നിർദേശിച്ചിരുന്നു. മൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ സ്വപ്ന ജീവന് ഭീഷണിയുണ്ടെന്ന് മജിസ്ട്രേട്ടിനെ അറിയിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് കോടതിയിലെത്തും. അറിയാവുന്നതെല്ലാം പറയും. അതിനുശേഷം എല്ലാം മാധ്യമങ്ങളോട് പറയും.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ജയിലിൽ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണെന്ന് സ്വപ്ന തിരുത്തി. ഇതേതുടർന്ന് ഇഡി എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. തെളിവ് നശിപ്പിക്കൽ, കേസ് അട്ടിമറിക്കാൻ ശ്രമിക്കൽ എന്നീ കാര്യങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഈ കേസിൽ മൊഴി എടുക്കാൻ ഇഡി നേരത്തെ വിളിപ്പിച്ചിരുന്നെങ്കിലും സ്വപ്ന ഹാജരായിരുന്നില്ല. ആ നിലയ്ക്ക് സ്വപ്നയുടെ രഹസ്യമൊഴി അന്വേഷണത്തിന് സഹായകരമാകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ.