കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖൈമന്ത്രിയെയും കുടുംബത്തെയും കുടുക്കി സ്വപ്ന സുരേഷ് . നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കൊച്ചിയിലെ കോടതിയിലെത്തി രഹസ്യമൊഴി നൽകി. സ്വർണക്കടത്തു കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ വിവരങ്ങൾ കൊടുത്തു. കള്ളപ്പണക്കേസിൽ എല്ലാവരുടെയും പങ്ക് കോടതിയെ അറിയിച്ചുവെന്ന കേസിലെ പ്രതി സ്വപ്ന സുരേഷ്. എറണാകുളം കോടതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്ന. മുഖ്യമന്ത്രിക്കും കുടുംബത്തിനും കേസിൽ പങ്കുണ്ടെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തി.
2016 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തിയ സമയത്താണ് ശിവശങ്കർ തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്ന് സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അത് ഉടൻ ദുബായിൽ എത്തിക്കണമെന്നും അന്ന് ശിവശങ്കർ നിർദ്ദേശം നൽകിയിരുന്നു. കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കൈയ്യിലാണ് ബാഗ് കൊടുത്തുവിട്ടത്. കോൺസുലേറ്റിൽ എത്തിയ നോക്കിയപ്പോൾ ബാഗിനകത്ത് കറൻസി ഉണ്ടായിരുന്നു. സ്‌കാനിംഗ് മെഷീനിലൂടെയാണ് ഇത് വെളിപ്പെട്ടതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. അന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം കോൺസുലേറ്റ് ജനറലിന്റെ വസതിയിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ലോഹവസ്തുക്കൾ നിറച്ച ബിരിയാണി പാത്രങ്ങൾ കൊടുത്തു വിട്ടിട്ടുണ്ട്. ഇത്തരത്തിൽ കോൺസുലേറ്റിന്റെ വാഹനത്തിൽ നിരവധി പാത്രങ്ങൾ കൊടുത്തയയ്‌ക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും നടന്നിട്ടുണ്ടെന്നും അത് തനിക്ക് പുറത്ത് പറയാനാകില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. വിവരങ്ങളെല്ലാം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും സമയമാകുമ്പോൾ എല്ലാം പറയാമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.