കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിനേയും സന്ദീപിനേയും കേരളത്തിലെത്തിച്ചു. വാളയാര്‍ വഴിയാണ് ഇവരെ കേരളത്തിലെത്തിച്ചത്. കൊച്ചിയില്‍ എത്തിച്ച ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യും. ബെംഗളൂരുവില്‍ വെച്ചാണ് ഇരുവരേയും ഇന്നലെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.
കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ ഐടി വകുപ്പ് മുൻ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് സൂചന. ശിവശങ്കറിന്‍റെ ഫ്ലാറ്റ് കസ്റ്റംസ് റെയ്ഡ് ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വപ്ന അടക്കമുള്ള പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ഒരുങ്ങുന്നത്.
സ്വര്‍ണ്ണക്കടത്തുകേസിൽ അറസ്റ്റിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംകൊണ്ട് എൻഐഎ സംഘം ഇന്ന് ഉച്ചയ്ക്കുതന്നെ കേരളത്തിലെത്തും. റോഡ് മാർഗമാണ് സംഘം കേരളത്തിലേക്ക് വരുന്നത്. ഇന്നു രാവിലെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും എൻഐഎ കോടതിയിൽ ഹാജരാക്കുക.
സ്വപ്നയും സന്ദീപും ഒറ്റൊയ്ക്കു കേരളം വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും ബംഗളുരുവിലെ ഹോട്ടലിൽനിന്നാണ് പിടികൂടിയത്. സ്വപ്നയും സന്ദീപ് നായരും പിടിയിലായ വാർത്ത News 18 കേരളമാണ് ആദ്യം പുറത്തുവിട്ടത്. യു.എ.ഇ കോൺസുലേറ്റ് വിലാസത്തിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവർ യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയത്. ഇതിനിടെ സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്ര സർക്കാർ കൈമാറുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചിരുന്നു. എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.