സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യം പകർത്തി തുടങ്ങി; കെ ടി ജലീലിന്റെ ഓഫീസിലെ ഒരു വർഷത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.പൂർത്തിയാകാൻ പത്ത് ദിവസം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും ഓഫീസിലെ ക്യാമറ ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കായി പകർത്താൻ തുടങ്ങി. ഇതിനൊപ്പം സെക്രട്ടറിയേറ്റ് അനക്സിലെ 2 ബ്ലോക്കുകളിലെ ദൃശ്യങ്ങളും പകർത്തുന്നുണ്ട്. പൂർത്തിയാക്കാൻ 10 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വിവരം.

അനക്സിൽ മന്ത്രി കെ ടി ജലീലിന്റെ ഓഫീസിലെ ഒരു വർഷത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന മന്ത്രിയുടെ ഓഫീസിൽ എത്തിയോ എന്നു പരിശോധിക്കാനാണിത്. കോൺസുലേറ്റിലെ ദൃശ്യങ്ങളും എൻഐഎ ശേഖരിക്കും. ഇതിനു പുറമേ, സ്വപ്ന പങ്കെടുത്ത സർക്കാർ പരിപാടികളുടെയെല്ലാം വിഡിയോ ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്ത കാർ വർക്‌ഷോപ് ദൃശ്യങ്ങളും കണ്ടെടുക്കും. കേസിലെ മറ്റൊരു പ്രതി സന്ദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് വർക‍്ഷോപ്പ്. ഈ ചടങ്ങിൽ സ്വപ്നയും ഉണ്ടായിരുന്നു. വിഡിയോ ദൃശ്യങ്ങളും ക്യാമറ ദൃശ്യങ്ങളും പ്രധാന തെളിവാകില്ലെങ്കിലും ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാൻ സഹായകമാകുമെന്നാണ് നിഗമനത്തിലാണ് എൻഐഎ.

Top