തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് ജാമ്യമില്ല. കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക കോടതി തള്ളി. എൻ.ഐ.എ സംഘം ഹാജരാക്കിയ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചത്.
സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജി കൊച്ചി എന്‍ഐഎ കോടതി തളളി. കേസില്‍ യുഎപിഎ ചുമത്താനുളള എന്‍ഐഎയുടെ വാദങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി തളളിയിരിക്കുന്നത്. കേസ് ഡയറിയും തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി നടപടി. സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താനാകുമോ എന്ന് നേരത്തെ സംശയം ഉന്നയിക്കപ്പെട്ടിരുന്നു. ഇതിന്റെ നിയമവശങ്ങള്‍ കോടതി പരിശോധിച്ചു. സ്വര്‍ണ്ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കാനുതകുന്നതാണെന്നും അതിനാല്‍ യുഎപിഎ നിലനില്‍ക്കും എന്നുമാണ് അന്വേഷണ സംഘം വാദിച്ചത്. പ്രതികള്‍ പങ്കാളികളായ സ്വര്‍ണ്ണക്കടത്ത് സാമ്പത്തിക ഭീകരവാദമാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് എന്‍ഐഎ കോടതിയുടെ നടപടി.
കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് പങ്കാളി ആയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എന്‍ഐഎ കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം സ്വപ്‌ന സുരേഷിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു എന്നാണ് എന്‍ഐഎ വാദത്തിനിടെ കോടതിയെ അറിയിച്ചത്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തും സ്വപ്‌നയ്ക്ക് ഉന്നത ബന്ധങ്ങളുണ്ട്. അതുകൊണ്ട് ജാമ്യം നല്‍കരുതെന്നും പ്രതിക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും എന്‍ഐഎ വാദിച്ചു.
അതിനിടെ കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസിനെയും നാട്ടിൽ എത്തിക്കാൻ നടപടി തുടങ്ങി. തുടർനടപടികളുടെ ഭാഗമായി യുഎഇയിലേയ്ക്ക് എൻഐഎ സംഘം പുറപ്പെട്ടു. അവിടെ വച്ച് പ്രതികളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അറ്റാഷെയും ചോദ്യം ചെയ്‌തേക്കും. മറ്റ് ഏജൻസികളുടെ സഹായത്തോട് കൂടിയായിരിക്കും ചോദ്യം ചെയ്യൽ. കോൺസുലേറ്റിന്റെ ആഭ്യന്തര അന്വേഷണത്തിലെ പാളിച്ചയും ഏജൻസി അന്വേഷിക്കും.