വ്യാജരേഖ,ആദിത്യനെ അറസ്റ്റ് ചെയ്‌തേക്കും; കേസില്‍ ബിഷപ് എടയന്ത്രത്തിനേയും പതിനഞ്ചോളം വൈദികരേയും ചോദ്യം ചെയ്യണമെന്ന് ഫാ.ആന്റണി പൂതവേലില്‍

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് എന്ന പേരിലുള്ള രേഖ ഫാ.പോള്‍ തേലക്കാട്ടിന് അയച്ചതിന്റെ പേരില്‍ ആലുവ ഡി.വൈ.എസ്.പി കസ്റ്റഡിയിലെടുത്ത കോന്തുരുത്ത് സ്വദേശി ആദിത്യയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആദിത്യയെ കളമശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസില്‍ നിന്നു ലഭിക്കുന്ന വിവരമെങ്കിലും കോടതി സമയം കഴിഞ്ഞ അറസ്റ്റു രേഖപ്പെടുത്തി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനാണ് നീക്കമെന്ന് സൂചനയുണ്ട്. ജാമ്യത്തിനുള്ള സാധ്യത ഇല്ലാതാക്കി റിമാന്‍ഡ് ചെയ്യാനാണ് പോലീസിന്റെ നീക്കം.

വ്യാഴാഴ്ച രാവിലെയാണ് ആദിത്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ നീണ്ടതോടെ കോന്തുരുത്തി ഇടവക വികാരി ഫാ.മാത്യു ഇടശേരിയുടെ നേതൃത്വത്തില്‍ വിശ്വാസികളും ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിയിട്ടുണ്ട്. അന്യായമായി കസ്റ്റഡിയില്‍ വച്ച് പീഡിപ്പിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ഫാ.തേലക്കാട്ടിന് നല്‍കിയത് വ്യാജരേഖകള്‍ അല്ലെന്നും ഒറിജിനല്‍ ആണെന്നുമാണ് ആദിത്യയുടെ നിലപാട്. പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ സെര്‍വര്‍ അഡ്മിന്‍ ആയി ജോലി ചെയ്ത സമയത്താണ് ഈ രേഖകള്‍ തനിക്ക് ലഭിച്ചതെന്നും ആദിത്യ പറയുന്നു. ആലഞ്ചേരി ഉള്‍പ്പെടെ നിരവധി ബിഷപുമാര്‍ക്ക് ഈ വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപമുണ്ടെന്നാണ് രേഖയില്‍ പറയുന്നത്. അതിനിടെ, എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനും പതിനഞ്ചോളം വൈദികര്‍ക്കുമെതിരെ ആരോപണവുമായി ആലഞ്ചേരി പക്ഷത്തുള്ള വൈദികനും മറ്റൂര്‍ സെന്റ് ആന്റണീസ് പള്ളി വികാരിയുമായ ഫാ.ആന്റണി പൂതവേലില്‍ വീണ്ടും രംഗത്തെത്തി.

2018 ഫെബ്രുവരി 2-9 വരെ ബംഗലൂരുവില്‍ നടന്ന സിറോ മലബാര്‍ മെത്രാന്മാരുടെ സിനഡില്‍ ബിഷപ് സെബാസ്റ്റിയന്‍ എടയന്ത്രത്ത് ആലഞ്ചേരി പിതാവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് ആ വിവരം എവിടെനിന്ന് കിട്ടി? ഈ രേഖകള്‍ ഇപ്പോഴല്ലേ പുറത്തുവരുന്നത്. അന്ന് മുതല്‍ ഈ രേഖകള്‍ അവരുടെ പക്കലുണ്ടായിരുന്നുവെന്നാണ് ഇതിനര്‍ത്ഥം. ഒരിടത്തും ഇവര്‍ ഇക്കാര്യം സമര്‍പ്പിച്ചിട്ടില്ല. ഫാ.തേലക്കാട്ടിനും അദ്ദേഹത്തില്‍ നിന്ന് ബിഷപ് ജേക്കബ് മനത്തോടത്തിനും ഈ രേഖ കിട്ടുന്നതിനു മുന്‍പ് ബിഷപ് എടയന്ത്രത്തിന് ഈ രേഖയെ കുറിച്ച് അറിവുണ്ട്. അതിന്റെ സത്യാവസ്ഥ അറിയാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണം. കര്‍ദിനാള്‍ ആലഞ്ചേരിക്ക് പ്രമുഖ വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപമുണ്ടെന്ന വിവരം ബിഷപ് എടയന്ത്രത്തിന് എവിടെനിന്ന് കിട്ടിയെന്ന് വ്യക്തമാക്കണം- ഫാ.ആന്റണി പൂതവേലില്‍ ആവശ്യപ്പെട്ടു.
പോലീസ് സ്‌റ്റേഷനിലെ വൈദികരുടെ പ്രതിഷേധം കേസില്‍ അവര്‍ക്കും പങ്കുണ്ടെന്നതിന്റെ സൂചനയാണ്. താന്‍ ബിഷപ് മനത്തോടത്തിന് എഴുതി മറുപടിക്കത്തില്‍ രേഖാ കേസില്‍ പതിനഞ്ചോളം വൈദികരുടെയും ബിഷപ് എടയന്ത്രത്തിന്റെയും പങ്കിനെ കുറിച്ച് പറയുന്നുണ്ട്. ഇവരെ ചോദ്യം ചെയ്യുകയും ഫോണ്‍രേഖ പരിശോധിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ആദിത്യ എന്നയാളെ ഇതുവരെ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരായ കേസില്‍ കക്ഷിയായോ സാക്ഷിയായോ ഇതുവരെ കണ്ടിട്ടില്ല. ആദിത്യയുടെ പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. ഫാ.തേലക്കാട്ടിന് ആദിത്യയെ പരിചയപ്പെടുത്തിയ കൊടുത്തത് കര്‍ദിനാളിന്റെ മുന്‍ ഓഫീസ് സെക്രട്ടറി ഫാ.ടോണി കല്ലൂര്‍ക്കാരനാണെന്ന് ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു. ഈ രേഖകള്‍ ഒറിജിനല്‍ ആണെങ്കില്‍ പിന്നെ എന്തുകൊണ്ട് ഫാ.തേലക്കാട്ട് അത് സംശയിച്ചു. സംശയിക്കേണ്ട കാര്യമില്ലല്ലോ? ഒറിജിനല്‍ ആയിരുന്നുവെങ്കില്‍ ഈ രേഖകള്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കാമായിരുന്നില്ലേ? ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ ആദിത്യനോ തേലക്കാട്ട് അച്ചന്റെ അഭിഭാഷകനോ എന്തുകൊണ്ട് ഈ രേഖ കോടതിയില്‍ ഹാജരാക്കിയില്ല? -ഫാ.പൂതവേലില്‍ പറയുന്നു.

വൈദികര്‍ വിവരാവകാശ നിയമപ്രകാരം ഒരുപാട് രേഖകള്‍ ശേഖരിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്. അതിന്റെ ഒന്നും ആവശ്യം ഇവിടെയില്ല. ഈ രേഖ നേരിട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കില്‍ ഫാ.തേലക്കാട്ട് അച്ചന് കേസില്‍ നിന്ന് ഒഴിവാകാമായിരുന്നല്ലോ. പോലീസിനും മൊഴി കൊടുക്കാന്‍ ആദിത്യ തയ്യാറായിരുന്നില്ലല്ലോ? -ഫാ. പൂതവേലില്‍ ചോദിക്കുന്നു.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആദിത്യനെ ചോദ്യം ചെയ്യുന്നിടത്ത് വൈദികര്‍ക്ക് എന്താണ് കാര്യം. അവര്‍ എന്തിനാണ് അവിടെപോയിരിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് ‘അമ്മ’ പറഞ്ഞത്. ആ നിലപാട് വൈദികര്‍ക്കും സ്വീകരിച്ചാല്‍ പോരെ. പോലീസിന് ഒരു പരാതി കിട്ടി. പോലീസ് അത് അന്വേഷിക്കട്ടെ. അത് നിയമത്തിന്റെ വഴിക്കാണെങ്കില്‍ ഇവര്‍ക്ക് ഒരു പങ്കുമില്ലെങ്കില്‍ ഫാ.തേലക്കാട്ട് ഊരിപ്പോരുമല്ലോ? വൈദികര്‍ക്ക് എന്താണ് ഈ കേസില്‍ ഇത്ര താല്‍പര്യം? ഫാ.ടോണി കല്ലൂക്കാരനേയും സംരക്ഷിക്കാന്‍ ഇവര്‍ക്കെന്താണ് കാര്യം. അവര്‍ രണ്ടു പേരും നിരപരാധികളാണെങ്കില്‍ കോടതിയില്‍ അത് തെളിയിക്കാന്‍ കഴിയുമല്ലോ? ഇപ്പോള്‍ ഒച്ചപ്പാട് ഉണ്ടാക്കി നിയമത്തെ മറികടക്കാന്‍ ശ്രമിക്കുന്നതെന്തിനാണെന്നും ഫാ.പൂതവേലില്‍ ചോദിക്കുന്നു.

Top