കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന് മുന്‍തൂക്കമെന്ന് റിപ്പോർട്ടുകൾ . മാര്‍ ജോസഫ് കല്ലറങ്ങാടിന്‍റെ പിന്മാറ്റത്തോടെ ഭൂരിപക്ഷാഭിപ്രായം മാര്‍ വടക്കേലിലേയ്ക്ക് എത്തിയിരിക്കയാണ് . പ്രഖ്യാപനം 13 -ന്.പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ പിന്മാറ്റം സിനഡ് അംഗീകരിച്ചാല്‍ നിലവിലെ ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ (എംഎസ്‌ടി) പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകും.പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി,നിലവിലെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുര എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട് . എന്നാല്‍, ആരേയും നാമനിര്‍ദേശം ചെയ്യാതെ രഹസ്യസ്വഭാവം നിലനിര്‍ത്തിയാണ് വോട്ടെടുപ്പ് നടക്കുന്നത്.
പാലാ വിളക്കുമാടം സ്വദേശിയായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ പേരിലേയ്ക്കാണ് നിലവില്‍ സിനഡിന്റെ ഭൂരിപക്ഷാഭിപ്രായമെന്നാണ് സൂചന. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽനിന്ന് വിരമിച്ചവരുമായ 55 പിതാക്കന്മാരാണ് സിനഡുസമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 53 പേർക്കാണ് വോട്ടവകാശം .13-ാം തിയതി ശനിയാഴ്ച സിനഡുസമ്മേളനം സമാപിക്കും.
കാനോനിക നിയമങ്ങള്‍ പാലിച്ച് രഹസ്യബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒരു സ്ഥാനാര്‍ത്ഥിയുണ്ടാകില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ നാലാം മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. എറണാകുളം കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
പന്ത്രണ്ട് വര്‍ഷത്തെ ഭരണനിര്‍വഹണത്തിനു ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 65 മെത്രാന്‍മാരാണ് സിറോ മലബാര്‍ സഭയ്ക്കുള്ളത്. ഇവരില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 53 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. 80 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് വോട്ട് ചെയ്യാന്‍ സാധിക്കുക.
ആദ്യ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആര്‍ക്കും കിട്ടിയില്ലെങ്കില്‍ രണ്ടാംവട്ട രഹസ്യ വോട്ടിങ്ങിലേക്ക് കടക്കും. രണ്ടാം ഘട്ടത്തിലും ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ ഭൂരിപക്ഷം ലഭിക്കുന്നതുവരെ തിരഞ്ഞെടുപ്പ് നീണ്ട് പോകും. അതേസമയം മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തയാളുടെ അനുമതി തേടിയതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാനിലറിയിക്കും. തുടര്‍ന്ന് സഭാ ആസ്ഥാനമായ കാക്കനാടും വത്തിക്കാനിലും ഒരേ സമയത്താകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആരെന്ന പ്രഖ്യാപനം നടത്തുക.
കാലഘട്ടത്തിനു ചേർന്ന മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡുസമ്മേളനത്തിനുള്ളത്. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാൻ ദൈവം തുണയ്ക്കട്ടെയെന്ന് മാർ വാണിയപ്പുരയ്ക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.
71 കാരനായ മാര്‍ വടക്കേല്‍ കാനന്‍ നിയമ പണ്ഡിതന്‍ കൂടിയാണ്. മിഷന്‍ രൂപതയില്‍നിന്നുള്ള ബിഷപ്പ് എന്ന നിലയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്കുള്ള സാധ്യത ചര്‍ച്ചകളില്‍ ഇദ്ദേഹത്തിന്റെ പേരില്ലായിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ അകപ്പെടാത്ത ആത്മീയ ആചാര്യനും സര്‍വ്വസമ്മതനുമെന്ന നിലയിലാണ് ഒടുവില്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിലേയ്ക്ക് സിനഡ് ബിഷപ്പുമാര്‍ എത്തിയതെന്നാണ് സൂചന.
മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോള്‍ ആലപ്പാട്, നിലവിലെ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുര എന്നീ പേരുകളും സിനഡിന്റെ സജീവ ചര്‍ച്ചകളിലുണ്ട്. മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ജോസഫ് പാമ്പ്ലാനിയും പദവി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സിനഡിന്റെ പൊതുവികാരം മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിലേയ്ക്ക് എത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.
പാലാ വിളക്കുമാടം വടക്കേല്‍ ദേവസ്യ – മേരി ദമ്പതികളുടെ 6 മക്കളില്‍ രണ്ടാമനാണ്. വീടിനടുത്തുള്ള വിളക്കുമാടം സെന്‍റ് ജോസഫ്‌സ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1979 – ഏപ്രില്‍ 19നാണ് പൗരോഹിത്യം സ്വീകരിച്ചത്. പാലാ മേലമ്പാറ മൈനര്‍ സെമിനാരി റെക്ടറായിരുന്നു. കാനന്‍ നിയമത്തില്‍ വത്തിക്കാനില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 1998 സെപ്തംബര്‍ 8 -നാണ് ബിഷപ്പ് ആയി നിയമിതനാകുന്നത്.
ഉജ്ജയിന്‍ രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍. നിലവില്‍ സീറോ മലബാര്‍ സഭയിലെ കുടിയേറ്റക്കാരുടെ സുവിഷേഷവല്‍ക്കരണത്തിനും അജപാലന പരിപാലനങ്ങള്‍ക്കുമുള്ള കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയാണ്. സിനഡിലെ ഏറ്റവും സീനിയര്‍ ബിഷപ്പുമാരിലൊരാളുമാണ്. മാര്‍ കല്ലറങ്ങാടിന്റെ നിലപാടും പുതിയ സഭാ തലവനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും.
പന്ത്രണ്ട് വർഷക്കാലം സഭയെ ധീരമായി നയിക്കുകയും ഭദ്രമായ അടിത്തറ പാകുകയും ചെയ്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് സിനഡുപിതാക്കന്മാർ കൃതജ്ഞത പ്രകാശിപ്പിച്ചു. വിശ്രമരഹിതമായ പ്രവർത്തനങ്ങളിലൂടെ സഭയെ വളർത്തുകയും സഹനങ്ങളിൽ ദൈവത്തിൽ ആശ്രയിച്ച് മാതൃകായോഗ്യമായ നേതൃത്വം നൽകുകയും ചെയ്ത ആലഞ്ചേരി പിതാവിനെ സഭാമക്കൾ ഒരിക്കലും മറക്കുകയില്ലെന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയിൽനിന്നും വിരമിച്ച അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനും ഗോരഖ്‌പൂർ രൂപതയുടെ ചുമതലയിൽനിന്നും വിരമിച്ച മാർ തോമസ് തുരുത്തിമറ്റം CST പിതാവിനും സിനഡുപിതാക്കന്മാർ നന്ദി അർപ്പിച്ചു. ഗോരഖ്‌പൂർ രൂപതയുടെ പുതിയ മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ CST പിതാവിനെ സിനഡിലേയ്ക്ക് സ്വാഗതം ചെയ്തു.
ഇന്നലെ രാവിലെ 10 മണിക്ക് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവ് നൽകിയ ധ്യാനചിന്തകളോടെയാണ് സിനഡുസമ്മേളനം ആരംഭിച്ചത്. തുടർന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവിന്റെ കാർമികത്വത്തിൽ സിനഡുപിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിക്കുകയും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തുകയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ജപമാല പ്രാർത്ഥന ചൊല്ലുകയും ചെയ്തു.
ദിവസം മുഴുവൻ പ്രാർത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ച പിതാക്കന്മാർ സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം ദൈവാലയത്തിൽനിന്നും സിനഡു ഹാളിലേക്ക് പ്രദക്ഷിണമായി എത്തിയതിനുശേഷമാണ് സിനഡുസമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായും ദൈവഹിതപ്രകാരമുള്ള പുതിയ മേജർ ആർച്ച്ബിഷപ്പ് തെരഞ്ഞെടുക്കപ്പെടാനും പ്രാർത്ഥിക്കണമെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് അഭ്യർത്ഥിച്ചു.