കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ അവരവരുടെ മണ്ഡലങ്ങളില്‍ പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വലച്ചുകൊണ്ട് ഒരു പുതിയ പ്രശ്‌നം തലപൊക്കിയിരിക്കുകയാണ്. വയനാട് സീറ്റിനെച്ചോല്ലിയാണ് പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്.
വയനാട് മണ്ഡലത്തില്‍ നിന്നും ടി സിദ്ദിഖിനെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇ മെയിലുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. സിറ്റിങ് സീറ്റായ വയനാട് എ ഗ്രൂപ്പിന് വിട്ടുകൊടുത്തതില്‍ വലിയ അമര്‍ഷമാണ് ഐ ഗ്രൂപ്പിനുള്ളിലുള്ളത്. ഇതിനു പിന്നാലെയാണ് പ്രതികരണങ്ങളുടെ പ്രവാഹം ഉണ്ടായിരിക്കുന്നത്.
നീണ്ടനാളത്തെ തര്‍ക്കങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു വയനാട് സീറ്റില്‍ ടി സിദ്ധീഖിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാട്ടില്‍ മത്സരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ അവകാശ വാദം ഉന്നയിച്ചതോടെയായിരുന്നു വയനാട്ടില്‍ തര്‍ക്കം മുറുകിയത്.
സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പ് തയ്യറായിരുന്നില്ല. എന്നാല്‍ ടി സിദ്ധീഖിനായി എ ഗ്രൂപ്പ് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുകയും സീറ്റ് നേടിയെടുക്കുകയുമായിരുന്നു. ഇതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പൂര്‍വ്വാധികം ശക്തിപ്പെട്ടിരിക്കുകയാണ്. ടി സിദ്ദിഖിനെ വയനാട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി ഇ മെയിലുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് പ്രധാനമായും ഇ മെയിലുകള്‍ ലഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണോ ഇ മെയിലുകള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല. ഭൂമി ഇടപാടില്‍ മധ്യസ്ഥനായി നിന്ന് സിദ്ധീഖ് വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവും കത്തുകളില്‍ ഉന്നയിക്കുന്നു. ഐ ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് സിദ്ധീഖിനെതിരായ നീക്കമെന്നാണ് സൂചന.
വടകരയില്‍ കെ മുരളീധരനും വയനാട്ടില്‍ ടി സിദ്ധീഖും മത്സരിക്കാന്‍ സാധ്യതയെന്ന് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പര്യടനത്തിലായതിനാല്‍ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വൈകാന്‍ കാരണമായി പറയുന്നത്. എന്നാല്‍, സിദ്ദിഖിനെതിരായി പരാതികള്‍ ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ളതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം വൈകുന്നതെന്നും പറയപ്പെടുന്നു.