കൊച്ചി: വെള്ളമിറങ്ങിയതോടെ വീടുകളിലേക്ക് തിരിച്ചവര്‍ക്ക് പാമ്പുകടിയേറ്റു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ദിവസങ്ങളിലായി 50ഓളം പേരാണ് ഇത്തരത്തില്‍ ചികിത്സ തേടി എത്തിയത്. ഇതില്‍ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റ് ആശുപത്രിയിലും ഇത്തരത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. വെള്ളമിറങ്ങിയാല്‍ വീട്ടകങ്ങളില്‍ ഇഴജന്തുക്കള്‍ പതിങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാമ്പ് കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ സൂക്ഷിച്ചെ കൈകാര്യം ചെയ്യാവൂ.
വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയോ? നിർബന്ധമായും പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ..ഡോ.ഷിംന അസീസ് എഴുതുന്നു…
കേരളം മഹാപ്രളയത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലരും വീടുകളിലേക്ക് തിരികെ പോയിതുടങ്ങിയിട്ടുണ്ട്. ചെളിയും ചേറും നിറഞ്ഞ് വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ് മിക്ക വീടുകളും. ദിവസങ്ങളെടുത്ത് വൃത്തിയാക്കേണ്ട അവസ്ഥയിലാണ്. വെള്ളം കെട്ടി നിന്ന ഇവിടങ്ങളിലെല്ലാം ചെറുതല്ലാത്ത ഭീഷണിയുണ്ട്. ഈ സമയത്ത് നിർബന്ധമായും പാലിക്കേണ്ട ചില നിർദ്ദേശങ്ങൾ തരുകയാണ് ഡോ ഷിംന അസീസ്. ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഇടിത്തീ പോലെ ദുരന്തമായി വന്ന അവസാനത്തെ മഴയും പെയ്തൊഴിഞ്ഞിരിക്കുന്നു. പക്ഷെ, ആ ആശ്വാസത്തോടൊപ്പം വേറെയൊരുപാട് ആശങ്കകളും നമ്മളെ കാത്തിരിക്കുന്നുണ്ട്. ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് ആളുകൾ പതുക്കെ പോയിത്തുടങ്ങുകയാണ്. വെള്ളം കെട്ടി നിന്ന ഇവിടങ്ങളിലെല്ലാം ചെറുതല്ലാത്ത ഭീഷണിയുണ്ട്. നമ്മൾ ശ്രദ്ധിക്കേണ്ട നൂറു കാര്യങ്ങളുണ്ട്. ഈ ഒരു ഘട്ടം കൂടിയേയുള്ളൂ നമുക്ക് തിരിച്ചു വരാൻ. ഇതും കടന്നു പോകും, നമ്മൾ ഒന്നിച്ച് നേരിടും. ഈ സമയത്ത് ആരോഗ്യസംബന്ധമായി നിർബന്ധമായും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് പറഞ്ഞുതരുന്നത്.
സമയമെടുത്ത് കഴുകുക.
വെള്ളം കയറിയ വീടുകൾ താമസ യോഗ്യമാക്കാൻ ബ്ലീച്ചിംഗ് പൗഡർ ലായനിയും സോപ്പുമുപയോഗിച്ച് നന്നായി സമയമെടുത്ത് കഴുകുക. കിണറുകൾ ക്ളോറിനേറ്റ് ചെയ്യുക. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. മലിനജലവുമായി സമ്പർക്കമുണ്ടായ അരി അടക്കമുള്ള ഭക്ഷണസാധനങ്ങൾ എത്ര കഴുകിയാലും അതിലെ അപകടം പൂർണ്ണമായി മാറണമെന്നില്ല. അവ നശിപ്പിക്കുക.
താമസയോഗ്യമാണോ?
വീടും വീടിന്റെ പരിസരം മുഴുവനും താമസയോഗ്യമെന്ന് അധികാരികളും ഇലക്ട്രീഷ്യൻ പോലെയുള്ള വിദഗ്‌ധരും ഉറപ്പ് തരും വരെ ക്യാമ്പുകളിലോ താൽക്കാലിക ഇടങ്ങളിലോ തന്നെ തങ്ങുക. വീടിന് പുറത്ത് ശക്തമായ വഴുക്കൽ ഉണ്ടാകും. പ്രായമായവരെയും കുഞ്ഞുങ്ങളെയും ആദ്യഘട്ടത്തിൽ വീട്ടിൽ പ്രവേശിപ്പിക്കരുത്. വീഴ്ചയും അപകടങ്ങളും ഉണ്ടാകാം. കിണർ, കക്കൂസ് തുടങ്ങിയവയുടെ അടുത്തേക്ക് അധിക ശ്രദ്ധയോടെ നീങ്ങുക. അപകടങ്ങൾ അവിടെയും പ്രതീക്ഷിക്കാം.
ഭക്ഷണം ശ്രദ്ധിക്കുക
പാകം ചെയ്ത ഭക്ഷണം ചൂടാറുന്നതിന് മുൻപ് ഉപയോഗിക്കുക. പറ്റുന്നതും അതാത് സമയത്തേക്കുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക. പഴകിയ ഭക്ഷണം പാടെ ഒഴിവാക്കുക. ഭക്ഷണ പദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക. ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുക. ഓരോ തവണയും സോപ്പുപയോഗിച്ച് കൈകൾ കഴുകിയതിനു ശേഷം മാത്രം ഭക്ഷണം കൈകാര്യം ചെയ്യുക.
കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക
വീടുകളിലേക്ക് തിരിച്ച് താമസം തുടങ്ങുന്നതിനു മുൻപ് നിർബന്ധമായും കിണറുകൾ ക്ളോറിനേറ്റ് ചെയ്യണം. ഒരു കോലിന് രണ്ടര ഗ്രാം (ചെറിയ തീപ്പെട്ടിയിൽ കൊള്ളുന്ന അത്രയും) എന്ന കണക്കിൽ ക്ളോറിൻ കൊണ്ടാണ് സാധാരണ ഈ പ്രക്രിയ ചെയ്യേണ്ടത്. നിലവിലെ അവസ്ഥയിൽ ഇതിന്റെ നേർ ഇരട്ടി ക്ളോറിൻ കൊണ്ട് സൂപ്പർ ക്ളോറിനേറ്റ് ചെയ്യുന്നത് വെള്ളം സുരക്ഷിതമെന്ന് ഉറപ്പ് വരുത്തും. ആവശ്യമായ ക്ളോറിൻ ഒരു ചെറിയ പാത്രത്തിൽ കലക്കി പേസ്റ്റ് പോലെ ആക്കിയതിനു ശേഷം മുക്കാൽ ബക്കറ്റ് വെള്ളത്തിൽ ഒഴിച്ച് ഇളക്കുക. ഈ ലായനി അര മണിക്കൂർ വച്ചാൽ മുകളിൽ വരുന്ന തെളി മാത്രമെടുത്ത് അത് കിണറ്റിലേക്ക് ഒഴിക്കുക. ശേഷം തൊട്ടി കൊണ്ട് കിണറ്റിലെ വെള്ളം നന്നായി ഇളക്കുക. ഒരു മണിക്കൂറിനു ശേഷം കിണറ്റിലെ വെള്ളം ഉപയോഗിക്കാം. ഇനിയും സംശയമുണ്ടെങ്കിൽ ക്ലോറിനേഷൻ ചെയ്യുന്ന രീതി എങ്ങനെയാണ് എന്ന് വിശദമായി നിങ്ങളുടെ ക്യാമ്പിലെ ആരോഗ്യപ്രവർത്തകർ പറഞ്ഞു തരും. സംശയങ്ങൾ തീർത്ത് വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രം ചെയ്യുക. ഈ ഒരു അവസരത്തിൽ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെട്ടാൽ അത് മറ്റൊരു മഹാദുരന്തമായിത്തീരും. അതുകൊണ്ട് തന്നെ ശുചിത്വത്തിനും സുരക്ഷയ്ക്കും ഇനി വരുന്ന ദിവസങ്ങളിൽ അത്രയ്ക്ക് പ്രാധാന്യം കൊടുത്തേ മതിയാവൂ…
കെട്ടിക്കിടക്കുന്ന വെള്ളം
കൊതുകുകളെയും പ്രാണികളെയും തടയാൻ വല, റിപ്പലന്റ്, കൊതുകുതിരി പോലുള്ളവ ഉപയോഗിക്കുക. ചിരട്ടകളിലും പാത്രങ്ങളിലും മറ്റുമായി കെട്ടിക്കിടക്കുന്ന വെള്ളം കമഴ്‌ത്തിക്കളയുക. ഈച്ചകൾ രോഗം പരത്തുന്നതിനാൽ അവ പെരുകുന്ന സാഹചര്യം ഒഴിവാക്കുക.
മലിനജലവുമായി സമ്പർക്കമുള്ളവർക്ക് എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് ആവശ്യമാണ്. വെള്ളപ്പൊക്കത്തിൽ പെട്ടവരോ ദുരിതാശ്വാസപ്രവർത്തനത്തിൽ ഏർപ്പെട്ടവരോ ആണെങ്കിൽ എലിപ്പനി തടയാനാനായി ഡോക്സിസൈക്ലിൻ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക. ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് ഡോക്ടറുടെ നിർദ്ദേശം തേടുക.