വിശ്വാസം മാത്രം കൈമുതലാക്കി അവിശ്വാസം നേരിടാന്‍ പളനി സാമി, എട്ട് പേരെക്കൂടി ചാടിക്കാന്‍ പനീര്‍സെല്‍വം; സെന്റ്‌ജോര്‍ജ്ജ് കോട്ടയിലേയ്ക്ക് ഉറ്റ്‌നോക്കി തമിഴ് രാഷ്ട്രീയം

ചെന്നൈ: തമിഴാനാട് നിയമസഭയില്‍ എടപ്പാളി പളനിസാമി ഇന്ന് വിശ്വാസവോട്ട് തേടുകയാണ്. രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ് നടക്കുക. 234 അംഗ നിയമസഭയില്‍ 123 എംഎല്‍എമാരുടെ പിന്തുണയാണ് നേടേണ്ടത്. വിശ്വാസവോട്ടിനായി പതിനഞ്ച് ദിവസത്തെ സാവകാശമാണ് ഗവര്‍ണ്ണര്‍ നല്‍കിയത്. എന്നാല്‍ റിസോര്‍ട്ടില്‍ അടച്ചിട്ടത്‌പോലെ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ വിശ്വാസമില്ലാത്തതാണ് എത്രയും പെട്ടെന്ന് അവിശ്വാസ കടമ്പ മറികടക്കാന്‍ പളനിസാമിയെ പ്രേരിപ്പിക്കുന്നത്.

വിശ്വാസവോട്ടിനെ എതിര്‍ക്കുമെന്ന് ഒരു എംഎല്‍എ കൂടി വെളിപ്പെടുത്തിയതോടെ പനീര്‍സെല്‍വം പക്ഷത്തു 11 പേരായി. മൈലാപൂര്‍ എംഎല്‍എയും മുന്‍ ഡിജിപിയുമായ ആര്‍.നടരാജ് വിശ്വാസപ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്യുമെന്ന് ഇന്നലെ രാവിലെ നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു. ഇദ്ദേഹം റിസോര്‍ട്ടിലായിരുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ പക്ഷത്തെ എംഎല്‍എമാരും കൂവത്തൂരിലെ റിസോര്‍ട്ടില്‍ തന്നെ തങ്ങുകയാണ്. എട്ടുപേര്‍ കൂടി ഒപ്പമെത്തിയാലേ പനീര്‍സെല്‍വത്തിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. പ്രതിപക്ഷം മുഴുവന്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു വോട്ട് ചെയ്യുകയും വേണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിഎംകെ വിശ്വാസപ്രമേയത്തെ എതിര്‍ക്കും. അതേസമയം, ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടി അധ്യക്ഷന്‍ എം.കരുണാനിധി സഭയില്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ഒരു വോട്ട് കുറഞ്ഞേക്കും. കോണ്‍ഗ്രസ് നിലപാടു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കാനാണു സാധ്യത. സംസ്ഥാനത്തു തര്‍ക്കമുള്ളതിനാല്‍ തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടിരിക്കുകയാണ്. സഭയിലെത്തണമെന്നു കാണിച്ചു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു വിപ്പ് നല്‍കിയിട്ടുണ്ട്. ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ഒരു അംഗമുള്ള മുസ്ലിം ലീഗ് വ്യക്തമാക്കി.

വിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെയും അംഗങ്ങള്‍ക്കു വിപ്പ് കൊടുത്തു. പാര്‍ട്ടിയില്‍നിന്നു പുറത്താണെങ്കിലും അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയായാണു ജയിച്ചതെന്നതിനാല്‍ പനീര്‍സെല്‍വത്തിനും ഇതു ബാധകമാണ്. ലംഘിക്കുന്നവര്‍ അയോഗ്യത നേരിടേണ്ടി വരും.

അണ്ണാ ഡിഎംകെയില്‍ പിളര്‍പ്പുണ്ടായ 1988ലാണ് ഇതിനു മുന്‍പു തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാല്‍ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടു.
പനീര്‍സെല്‍വം പക്ഷം സ്പീക്കര്‍ പി. ധനപാലിനെ സന്ദര്‍ശിച്ച് വിശ്വാസ വോട്ടെടുപ്പിനു രഹസ്യ ബാലറ്റ് ആവശ്യപ്പെട്ടു. ഇത് അനുവദിക്കാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തല്‍. ധനപാല്‍ ഇതുവരെ പരസ്യനിലപാടൊന്നും എടുത്തിട്ടില്ല. ശശികല പക്ഷത്തോട് അനുകൂല നിലപാട് എടുക്കാനാണു സാധ്യത.

Top