ശബരിമല: അയ്യപ്പ സന്നിധിയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദത്തിനുപിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ് ബിജെപി-ആര്‍എസ്എസ്. ശബരിമല വിഷയത്തില്‍ ഇടപെടാന്‍ മലയാളിക്ക് എന്തവകാശമാണുള്ളതെന്ന വാദമാണ് ബിജെപി ഉന്നയിക്കുന്നത്. അയ്യപ്പന്‍ തമിഴ്‌നാടിന്റെ പുത്രനെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.
അയ്യപ്പന്‍ പാണ്ടിനാട്ടുകാരന്‍ (തമിഴ്നാട്ടുകാരന്‍) ആണെന്നും അതിനാല്‍ ശബരിമല വിഷയത്തില്‍ കക്ഷിചേരാന്‍ തമിഴ്നാട് സര്‍ക്കാരിന് നിയമപരമായി അവകാശമുണ്ടെന്നുമുള്ള വാദമാണ് തങ്ങള്‍ ഉയര്‍ത്തുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. കാശിയില്‍ ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സ്ഥലം അനുവദിച്ചിട്ടുള്ളതിനാല്‍, അവിടത്തെ കേസുകളില്‍ കക്ഷിചേരാന്‍ കേരളത്തിന് അവകാശമുണ്ടെന്ന നിയമപരമായ സാഹചര്യമാണ് അയ്യപ്പ ധര്‍മ്മ സേന ഉന്നയിക്കുന്നത്.
ശബരിമലയില്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സ്ഥലം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് ശബരിമലയെ സംബന്ധിച്ച കേസുകളില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് കക്ഷിചേരാമെന്നുമുള്ള വാദമാണ് അയ്യപ്പ ധര്‍മ്മ സേന സുപ്രീംകോടതിയില്‍ ഉന്നയിക്കാന്‍ പോകുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍, കഴിഞ്ഞ യുഡിഎഫ് നല്‍കിയതിന് വിപരീതമായ പുതിയ സത്യവാംഗ്മൂലം നല്‍കുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സിപിഐ -എമ്മിന് അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും, വിശ്വാസി സമൂഹവും ഹിന്ദുമതപണ്ഡിതന്മാരും അഭിപ്രായം പറയുമെന്നുമുള്ള നിലപാടിലാണ് ബിജെപി.
ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ കേസ് എത്തുമ്പോള്‍ തമിഴ്നാടിനെക്കൂടി കക്ഷിചേര്‍ക്കാന്‍ ബിജെപി-ആര്‍എസ്എസ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. തമിഴ്നാട്ടിലെ അയ്യപ്പ സേവാസംഘങ്ങളുടെ പിന്തുണയും ബിജെപി നേടിയിട്ടുണ്ട്. തമിഴ്നാടിന്റെ ഒരു വക്കീലെങ്കിലും സുപ്രീംകോടതിയില്‍ കേരളത്തിനെതിരേ സുപ്രീംകോടതിയില്‍ ഹാജരായാല്‍ കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സഹായവും തങ്ങള്‍ക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി-ആര്‍എസ്എസ് സംഘങ്ങള്‍.