നികുതി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍: പാചകവാതക വില വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട്

ദില്ലി: എല്ലാ തരം എല്‍പിജിയുടേയും നികുതി ഏകീകരിക്കാന്‍ എണ്ണ പ്രക്യതി വാതക മന്ത്രാലയം ശുപാര്‍ശചെയ്തു. ദുരുപയോഗം വര്‍ദ്ധിച്ചതാണ് നികുതി ഏകീകരിക്കുന്നതിലേക്ക് നയിച്ചത്. വാണിജ്യാവശ്യത്തിനുള്ളത്, വീട്ടാവശ്യത്തിനുള്ളത്, വ്യവസായിക ആവശ്യത്തിനുള്ളത് എന്നിങ്ങനെ എല്ലാത്തരം എല്‍പിജിയ്ക്കും ഒരേ നികുതി ഏര്‍പ്പെടുത്താണ് സര്‍ക്കാര്‍ നിര്‍ദേശം. അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജിക്ക് വിലകുറഞ്ഞതിനെ തുടര്‍ന്ന് സബ്‌സിഡി നല്‍കുന്ന തുകയില്‍ സര്‍ക്കാരിന് കുറവ് വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സിലിണ്ടര്‍ ഒന്നിന് 100 രൂപയില്‍ താഴെ മാത്രമേ സര്‍ക്കാരിന് നല്‍കേണ്ടി വരുന്നുള്ളൂ. എല്ലാ തരത്തിലുമുള്ള എല്‍പിജിയ്ക്കും ഏകീകൃത നികുതി ഏര്‍പ്പെടുത്തണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രഥാന്‍ പറഞ്ഞു. വീട്ടാവശ്യത്തിനായുള്ള സിലിണ്ടറുകള്‍ക്ക് എക്‌സൈസ് തീരുവയോ കസ്റ്റംസ് തീരുവയോ നല്‍കേണ്ടതില്ല. എന്നാല്‍ വാണിജ്യാവശ്യത്തിനുള്ള എല്‍പിജിയ്ക്ക് 5 ശതമാനം കസ്റ്റംസ് തീരുവയും 8 ശതമാനം അധിക കസ്റ്റംസ് തീരുവയും 8 ശതമാനം സെന്‍ട്രല്‍ എക്‌സൈസ് തീരുവയും ഈടാക്കുന്നുണ്ട്. എന്നാല്‍ നികുതികള്‍ ഏകീകരിക്കുന്നതോടെ ഈ നികുതികളെല്ലാം തന്നെ പാചകവാതകത്തിനും നല്‍കേണ്ടി വരും. ഇത് വില വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഒരേ നികുതി പരിഷ്‌കാരം വാണിജ്യ വിതരണക്കാരെ സഹായിക്കാണ്. റിലയന്‍സ് പോലുള്ള വിതരണക്കാരെ സഹായിക്കുന്ന നടപടിയായി ഇതു മാറുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മുന്‍ ഡയറക്ടര്‍ സദ്‌വര്‍ സിംങ് പറഞ്ഞു.

Top