പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപനനെതിരെ കേസ് .സ്‌പെഷ്യൽ ക്ലാസിന് ശേഷം ആണ് പീഡനം നടന്നത് . ഏപ്രിൽ 12ന് ആയിരുന്നു സംഭവം. ജലന്ധറിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ് എടുത്തത്. കുപിതരായ പെൺകുട്ടിയുടെ ബന്ധുക്കൾ വ്യാഴാഴ്ച ക്ലാസിലെത്തി അധ്യാപകനെ മർദ്ദിക്കുകയും മുഖത്ത് കരി ഒഴിക്കുകയും ചെയ്തു.
ക്ലാസ് അവസാനിച്ചതിന് ശേഷം അധികമായി ചില പാഠങ്ങൾ പഠിപ്പിക്കാനുണ്ട് എന്ന പേരിൽ പെൺകുട്ടിയെ അധ്യാപകൻ പിടിച്ചു നിർത്തുകയായിരുന്നെന്നും തുടർന്ന് ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു എന്നുമാണ് ആരോപണം. പെൺകുട്ടി കുടുംബാംഗങ്ങളോട് കാര്യം തുറന്ന് പറഞ്ഞതിനെ തുടർന്ന് അവർ പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പ്രിൻസിപ്പൽ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
സഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണ വിധേയനായ അധ്യാപകനെതിരെ സെക്ഷൻ 354 എ പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സ്പെഷ്യൽ ക്ലാസ് കഴിഞ്ഞതിനു ശേഷം പെൺകുട്ടിയെ പിടിച്ചു നിർത്തിയ അധ്യാപകൻ തന്റെ മൊബൈൽ ഫോണിൽ ഒരു അശ്ലീല സിനിമ കാണാൻ നിർബന്ധിക്കുകയായിരുന്നു എന്നാണ് പരാതി.
പെൺകുട്ടി എതിർത്തപ്പോൾ അശ്ലീല ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയായിരുന്നു. ഇത്തരത്തിലുള്ള അധാർമികമായ പ്രവൃത്തികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പറഞ്ഞ സ്‌കൂൾ പ്രിൻസിപ്പൽ കുസും അധ്യാപകനെ ജോലിയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചു.
സമാനമായ മറ്റൊരു സംഭവത്തിൽ അധ്യാപികയുടെ ലൈംഗിക അതിക്രമത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ നടന്ന സംഭവത്തിൽ അദ്ധ്യാപിക വിദ്യാർത്ഥിക്ക് അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയച്ചും ശാരീരികമായ അടുപ്പം പുലർത്താൻ നിർബന്ധിച്ചും വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടൽ സഹിക്കാനാവാതെ വന്നപ്പോൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു.
മരിച്ച വിദ്യാർഥിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പ് പ്രകാരം, ആവശ്യമുള്ളപ്പോഴൊക്കെ പ്രസ്തുത അധ്യാപിക വിദ്യാർത്ഥിയെ മുതലെടുക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീട്, ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ആത്മഹത്യാ കുറിപ്പിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബിലാസ്പൂരിലെ ടോർവ പൊലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തി വരികയും ചെയ്യുന്നു.
ഈ വിദ്യാർഥിയുമായി അടുപ്പത്തിലായ അധ്യാപിക ശാരീരികബന്ധം പുലർത്താൻ വിദ്യാർഥിയെ നിർബന്ധിക്കുകയായിരുന്നു. അതേസമയം, അവർ പഠിപ്പിക്കുന്ന സ്‌കൂളിലെ മറ്റൊരു ജീവനക്കാരനുമായും അദ്ധ്യാപിക അടുപ്പം പുലർത്തി. ഇതേക്കുറിച്ച് അറിഞ്ഞതിനെ തുടർന്നുണ്ടായ മാനസികമായ ആഘാതമാണ് വിദ്യാർഥിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
ആത്മഹത്യാ കുറിപ്പിന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലായി പ്രചരിച്ചിരുന്നു. പിന്നീട് പൊലീസ് ആ കുറിപ്പ് കണ്ടെടുക്കുകയും അത് പരസ്യമാക്കുന്നതിനെ വിലക്കുകയും ചെയ്തു. പ്രത്യേകമായ കോഡ് ഭാഷയിലാണ് വിദ്യാർത്ഥി ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. ഇത് ഡീകോഡ് ചെയ്യാൻ പൊലീസിന് രണ്ടു ദിവസമാണ് എടുത്തത്.