സെക്സ് എല്ലാവർക്കും ഒരുേപാെലയാേണാ?. സെക്‌സ്: അറിവും അവകാശവും..

സെക്സ് എന്ന വാക്കിന് എന്താണ് അർഥം? ഒരു അപേക്ഷാഫോറത്തിൽ സെക്സ് എന്ന കോളം കണ്ടാൽ നമുക്ക് പ്രത്യേക വികാരമൊന്നും തോന്നാറില്ല. സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്ന് എഴുതാൻ സ്കൂൾവിദ്യാർഥികൾക്കുപോലും അറിയാം. സെക്സിൽ താത്പര്യമില്ല എന്ന രീതിയിൽ ഈ കോളം ആരും പൂരിപ്പിച്ചതായും കേട്ടിട്ടില്ല! എന്നാൽ സെക്സ് സിനിമ, സെക്സ് പ്രസിദ്ധീകരണം, സെക്സ് വെബ്സൈറ്റ്, സെക്സ് സാഹിത്യം തുടങ്ങിയ വാക്കുകൾ കണ്ടാലോ കേട്ടാലോ നമുക്കുണ്ടാകുന്ന വികാരവും ചിന്തയും സെക്സ് എന്ന കോളം കാണുമ്പോഴുണ്ടാവുന്നതിൽനിന്നും അങ്ങേയറ്റം വിഭിന്നമാണ്.

ലൈംഗികചിന്തകൾ ആണ് ഈ വാക്കുകൾ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നത്. ഈ ചിന്തകൾ ചിലരിൽ സന്തോഷവും ഉത്കണ്ഠയും കൊണ്ടുവരുന്നു. മറ്റുചിലരിൽ ദുഃഖവും സങ്കടവും കൊണ്ടുവരുന്നു. ചിലരെ ഇത് ഭൂതകാലത്തിലേക്ക് നയിക്കുന്നു. പ്രായം, സാഹചര്യം, ആരോഗ്യം, ബന്ധങ്ങൾ എന്നിവയ്ക്കനുസരിച്ച് സെക്സ് എന്ന വാക്കിന്റെ അർഥം മാറിമാറി വരുന്നു. അപേക്ഷാഫോറത്തിലെ സെക്സ് എന്ന വാക്ക് ജീവശാസ്ത്രപരമായ സ്ത്രീ-പുരുഷ വ്യത്യാസത്തെപ്പറ്റിയുള്ള ചോദ്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന നമ്മുടെ സ്വന്തം മനസ്സുതന്നെ വേറെയെവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്ന സെക്സ് എന്ന വാക്കിന് അനുഭൂതിദായകമായ മറ്റൊരർഥം കല്പിച്ചുതരുന്നു. സെക്സ് എന്നത് വെറുമൊരു വാക്കല്ല. ലൈംഗികചോദനകളെ ഉണർത്തുന്ന ഒരു വാക്കു മാത്രവുമല്ല അത്. ജീവിതത്തിന്റെ അതിസങ്കീർണമായ ഒരു ഭാഗംതന്നെയാണ് സെക്സ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെക്സ് എന്നു പറയാൻ എളുപ്പമാണ്. അതേസമയം മനസ്സിലാക്കാൻ പ്രയാസമുള്ള പദവുംകൂടിയാണത്. സെക്സിന് എല്ലാവരും ഒരേയർഥമല്ല കൊടുക്കുന്നത്. കൗമാരക്കാർ നല്കുന്ന അർഥമല്ല, വിവാഹിതർ സെക്സിനു നല്കുന്നത്. മധ്യവയസ്സിലും വാർധക്യത്തിലും ഉള്ളവർ സെക്സിന് വ്യത്യസ്ത അർഥങ്ങൾ നല്കുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലൂടെയും കടന്നുപോവുമ്പോൾ സെക്സിന്റെ അർഥവും ആഴവും മാറിമാറി വരുന്നു. അത് സന്തോഷമുണ്ടാക്കുന്നു. ആത്മവിശ്വാസവും സ്വാഭിമാനവും വർധിപ്പിക്കുന്നു, ചിലപ്പോൾ അത് ആകാംക്ഷയ്ക്കു വഴിവെക്കുന്നു; മനസ്സംഘർഷവും അസന്തുഷ്ടിയും വിതയ്ക്കുന്നു. ഒരു ഘട്ടത്തിൽ സെക്സ് ആസ്വദിച്ചവർ മറ്റൊരു ഘട്ടത്തിൽ അതിനെ വെറുക്കുന്നു. ഇക്കാരണങ്ങളാലാണ് സെക്സ് ഗഹനവും സങ്കീർണവും നിർവചിക്കാൻ എളുപ്പമല്ലാത്തതുമായ പദമാവുന്നത്.

എങ്കിലും ഏതൊരു മനുഷ്യനും കൗമാരപ്രായം കഴിയുമ്പോഴേക്കും സെക്സിനെക്കുറിച്ച് സാമാന്യമായ അറിവു നേടിയിരിക്കും. സെക്സ് ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും അതിനെപ്പറ്റി കൂടുതലൊന്നും മനസ്സിലാക്കാനില്ലെന്നും ചിന്തിക്കുന്നവരാണ് ഏറെയും. സെക്സുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉണ്ടാവുമ്പോഴാണ് അവരുടെ ധാരണകൾ തകിടംമറിയുന്നത്. സെക്സുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നത്തെ മൂന്നു തരത്തിലാണ് വീക്ഷിക്കുന്നത്. ചിലർ അത് ജീവിതത്തിന്റെ ഭാഗമായ ഒരു പ്രശ്നമാണെന്നു കരുതും. അതിനാൽ ചികിത്സയോ ഉപദേശമോ തേടില്ല. ജീവിതം സാധാരണനിലയിൽ കൊണ്ടുപോകും. കുറച്ചുപേർ പ്രശ്നത്തെ തിരിച്ചറിയുകയും ഉപദേശം അല്ലെങ്കിൽ ചികിത്സ തേടുകയും ചെയ്യും. ലൈംഗികപ്രശ്നത്തെ തിരിച്ചറിയാൻ കഴിയാത്തവരാണ് മൂന്നാമത്തെ വിഭാഗം. പ്രശ്നമുണ്ടെന്നറിയാതെ ജീവിച്ചുപോകുന്നവരാണിവർ. അതിനാൽ ചികിത്സയും ഉപദേശവും ഇവർക്ക് അന്യം.

ഭൂരിഭാഗം പേർക്കും ലൈംഗികവിദ്യാഭ്യാസം അന്യമാണ്. ലൈംഗികവിദ്യാഭ്യാസം നാട്ടുനടപ്പായിരുന്നുവെങ്കിൽ മൂന്നാം വിഭാഗത്തിൽ പെട്ടവർ പ്രശ്നങ്ങളെ തിരിച്ചറിയാതെ ജീവിക്കേണ്ടിവരുമായിരുന്നില്ല. സാധാരണ ലൈംഗികത അവർക്കും സാധ്യമായേനേ.
ലൈംഗികപ്രശ്നവുമായി ഡോക്ടറായ എന്നെ സമീപിച്ചവരിൽ ഭൂരിപക്ഷത്തിനും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. പ്രശ്നമൊന്നുമില്ല എന്ന് അവരെ ബോധ്യപ്പെടുത്തലായിരുന്നു എന്റെ മുന്നിലെ വലിയ വെല്ലുവിളി. സാധാരണ ലൈംഗികത എന്താണെന്നതിനെക്കുറിച്ചുള്ള യഥാർഥ അറിവ് നേടാനുള്ള അവസരമൊന്നും ലഭിക്കാത്തവരായിരുന്നു അവർ. അതിനാൽ ഒരു ചെറിയ അപഭ്രംശംപോലും ഇവർ വലിയ ലൈംഗികപ്രശ്നമാണെന്ന് വിശ്വസിച്ചു.

ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴുണ്ടായ തുടർച്ചയായ പരാജയങ്ങളോ, പൂർണ ലൈംഗികസംതൃപ്തി ലഭിക്കാത്തതോ ആണ് തങ്ങൾക്ക് പ്രശ്നമുണ്ടെന്നു വിശ്വസിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവും പ്രശ്നമുണ്ടെന്നുള്ള വിശ്വാസവും ഇക്കൂട്ടരിൽ സ്വന്തം ലൈംഗികക്ഷമതയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നു. പുരുഷൻ അഥവാ സ്ത്രീ എന്ന നിലയിൽ തങ്ങൾ പരാജിതരാണെന്ന തെറ്റായ ബോധം ഇവരുടെ ലൈംഗികശേഷിയെയും അതുവഴി മാനുഷികബന്ധങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഇത് ഇവരെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു.

സെക്സ് എന്തെന്നും അതിനോടനുബന്ധിച്ചുണ്ടാവാനിടയുള്ള പ്രശ്നങ്ങളെന്തൊക്കെയെന്നും എല്ലാവരും അറിഞ്ഞിരിക്കുന്നത് മേൽവിവരിച്ച സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്. സെക്സുമായി ബന്ധപ്പെട്ട് എന്നും ഉയർന്നുവരാറുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഇനി പറയുന്നത്.

എന്താണ് സെക്സ്?

ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽനിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടിച്ചേർന്ന് സൃഷ്ടിക്കുന്ന ജൈവപരമായ വികാരമാണ് സെക്സ്. പുരുഷൻ, സ്ത്രീ എന്ന നിലയിൽ ഒരാൾക്കുണ്ടാവുന്ന സ്വാഭിമാനം (ലിംഗവ്യത്യാസം), മറ്റൊരാളോട് ഒരാൾക്കുണ്ടാവുന്ന ആകർഷണം (ദൃഢമൈത്രി), അതിൽനിന്നും ഒരാളുടെ മനസ്സിലുണ്ടാവുന്ന ചോദനകൾ (സ്നേഹം), സ്നേഹം പ്രകടിപ്പിക്കുന്ന രീതി (ശൃംഗാരം, കാമോദ്ദീപനം), ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിർസ്ഫുരണമായി ഉണ്ടാവുന്ന ശാരീരികപ്രവൃത്തി (ലൈംഗികബന്ധം) എന്നീ ഘടകങ്ങൾ ചേർന്നാൽ സെക്സ് ആയി.

സെക്സ് എല്ലാവർക്കും ഒരുേപാെലയാേണാ?

അല്ല. വ്യത്യസ്തരായ ആൾക്കാർ വ്യത്യസ്തമായ അർഥമാണ് സെക്സിനു നല്കുന്നത്. ചിലർക്കത് ലൈംഗികപ്രകടനമാണ്. ചിലരെ സംബന്ധിച്ചിടത്തോളം പാവനമാണത്. മറ്റു ചിലരിൽ ചില സന്ദർഭങ്ങളിൽ രൂപം, പരസ്പര ബന്ധത്തിന്റെ ആഴം, കുട്ടികളെ ജനിപ്പിക്കൽ തുടങ്ങി വിവിധ അർഥങ്ങൾ നല്കി ഓരോരുത്തരും സെക്സിനെ വിലയിരുത്തുന്നു.

ലൈംഗിക ആഗ്രഹങ്ങെള സ്വാധീനിക്കുന്നെതെന്താെക്ക?

ശാരീരികവും മാനസികവും സാംസ്കാരികവുമായ ഘടകങ്ങളാണ് ലൈംഗികബന്ധം വേണമെന്ന ആഗ്രഹത്തെ സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും. നാഡികളും ഹോർമോണുകളും ശരീരത്തെ ലൈംഗികതയ്ക്ക് ഒരുക്കിനിർത്തും. ലൈംഗികത വേണമെന്ന് ശരീരത്തെ മനസ്സ് ഓർമിപ്പിക്കും. നാം ജീവിച്ചുവരുന്ന ചുറ്റുപാടും പിന്തുടരുന്ന മൂല്യങ്ങളും നമ്മുടെ ലൈംഗികചിന്തകൾക്കും ബന്ധങ്ങൾക്കും സാംസ്കാരികമായ പിൻബലം നല്കും. ഇവയെല്ലാം ചേർന്നാലേ നല്ല സെക്സ് ഉണ്ടാവൂ. ഒരാൾ ജീവിച്ചുവളർന്ന ചുറ്റുപാട് അയാളുടെ ലൈംഗികജീവിതത്തെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്.

എന്താണ് ലൈംഗികബന്ധം?

പുരുഷന്റെ ലൈംഗികാവയവത്തെ സ്ത്രീയുടെ ലൈംഗികാവയവത്തിലേക്ക് കടത്തിവിടുന്ന പ്രക്രിയയാണ് ലൈംഗികബന്ധംകൊണ്ട് ഭൗതികമായി ഉദ്ദേശിക്കുന്നത്. സ്ത്രൈണലൈംഗികാവയവത്തിനു പകരം മറ്റവയവങ്ങൾ ഉപയോഗിക്കുന്നവരും കുറവല്ല. പ്രകൃതിവിരുദ്ധം എന്ന് നാം പറയാറുണ്ടെങ്കിലും ലൈംഗികസംതൃപ്തി ഇത്തരക്കാർക്ക് ലഭിക്കുന്നത് ഈ മാർഗത്തിലൂടെയാണ്. അതിനാൽ ഇവരെ സംബന്ധിച്ചിടത്തോളം അതാണ് സെക്സ്. ഓർക്കുക-ലൈംഗികാവയവങ്ങളുടെ ആഴങ്ങളിലേക്കുള്ള ഇറക്കവും ആഴങ്ങളിലേക്കുള്ള സ്വീകരണവും കുഞ്ഞുങ്ങളെ ജനിപ്പിക്കലും മാത്രമല്ല സെക്സ്. പരസ്പരം അടുക്കാനും സ്നേഹം പ്രകടിപ്പിക്കാനും സ്വീകരിക്കുന്ന ലൈംഗികപരമായ മാർഗങ്ങളെല്ലാം ലൈംഗികബന്ധം തന്നെയാണ്.

ലൈംഗികത ഉത്കണ്ഠ ഉണ്ടാക്കുന്നെതന്തുെകാണ്ട് ?

ലൈംഗികത ചിലരിൽ അമിതമായ ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ് കാരണം. പുരുഷലിംഗത്തിന് നല്ല നീളം വേണം, ഉദ്ധരിച്ചാൽ പാറപോലെ ഉറപ്പുവേണം, ഉദ്ധാരണം മണിക്കൂറുകളോളം നീണ്ടുനില്ക്കണം തുടങ്ങിയവയാണ് പുരുഷലൈംഗികശേഷിയുടെ അളവുകോലെന്ന് പല പുരുഷന്മാരും കുറെ സ്ത്രീകളും ധരിച്ചുവെച്ചിട്ടുണ്ട്. ഇതാണെങ്കിൽ യാഥാർഥ്യവുമായി ഒട്ടും ബന്ധമില്ലാത്തതുമാണ്. പൗരുഷത്തെയും ലൈംഗികശേഷിയെയും ഈ അളവുകോൽ വെച്ച് വിലയിരുത്തുമോ എന്ന ഭീതി പുരുഷനിൽ ആശങ്കയും സമ്മർദവും സൃഷ്ടിക്കുന്നു. ആദ്യസമാഗമവേളയിലോ പുതിയൊരു ഇണയുമായി ബന്ധപ്പെടുമ്പോഴോ ഈ ആശങ്കകൾ പുരുഷനെ സമ്മർദത്തിലാഴ്ത്തുന്നു. ഇത്തരം ആളുകളിൽ വിവാഹാനന്തര ലൈംഗികബന്ധം ഒരു വെല്ലുവിളിയായി ദീർഘനാൾ അവശേഷിക്കും. ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവാണ് ഇത്തരം ഉത്കണ്ഠകൾക്കു കാരണം.

സ്വാഭാവിക ലൈംഗികബന്ധം എന്നൊന്ന് ഉണ്ടോ..?

ലൈംഗികതയെ സ്വാഭാവിക ലൈംഗികബന്ധം, അസ്വാഭാവിക ലൈംഗികബന്ധം, അസാധാരണ ലൈംഗികബന്ധം എന്ന് തരംതിരിക്കുന്നതിൽ ഒരർഥവുമില്ല. ലിംഗ-യോനി ലൈംഗികബന്ധമാണ് സന്താനോത്പാദനത്തിനു സഹായിക്കുന്നത്. അതിനാൽ ഈ രീതിയിലുള്ള ലൈംഗികബന്ധത്തെ സ്വാഭാവിക ലൈംഗികബന്ധമായി കരുതുന്നു. വദനസുരതവും ഗുദസുരതവും ഗർഭത്തിലേക്കു നയിക്കുന്നില്ല എന്ന കാരണത്താൽ അത് അസ്വാഭാവിക/പ്രകൃതിവിരുദ്ധ ലൈംഗികബന്ധമാണെന്ന് വിലയിരുത്തുന്നതു ശരിയല്ല. ഇണകൾക്കിരുവർക്കും താത്പര്യമുള്ള ഏതൊരു ലൈംഗികബന്ധവും സ്വാഭാവിക ലൈംഗികബന്ധമാണ്.

ആദ്യരാത്രിയിൽ തന്നെ ശക്തി തെളിയിക്കണാ?

എത്ര തവണ ഉത്തരം പറഞ്ഞാലും ഈ ചോദ്യം കാലാകാലങ്ങളിൽ ആവർത്തിക്കപ്പെടുന്നു. നേരത്തെ പറഞ്ഞതുപോലെ ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവാണ് ഇതിനു കാരണം. വേണ്ട എന്നുതന്നെയാണ് ഉത്തരം. ഭാര്യയ്ക്കു മുന്നിൽ താൻ ശക്തിമാനാണെന്ന് ആദ്യദിവസംതന്നെ തെളിയിക്കാൻ ശ്രമിക്കുന്ന പുരുഷന്മാർ പരാജയപ്പെടാറാണു പതിവ്. വിവാഹത്തിന്റെ ആദ്യനാളുകളിൽ പങ്കാളിക്കു മുന്നിൽ മനസ്സു തുറക്കാനും പരസ്പരവിശ്വാസം ഊട്ടിയുറപ്പിക്കാനും കഴിയുന്നതോടെ പുരുഷന്റെ ആശങ്കകൾ വഴിമാറുന്നു. ദിവസങ്ങൾക്കകം ലൈംഗികബന്ധം ശരിയായ ദിശയിലേക്കു നീങ്ങുന്നു. എന്നാൽ, ചുരുക്കം ചിലരിൽ ആദ്യരാത്രിയിലെ പരാജയം കൂടുതൽ അപകർഷബോധത്തിനിടയാക്കുകയും ഭാവിയിൽ കൂടുതൽ ലൈംഗികപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ലൈംഗികകാര്യങ്ങളിൽ അറിവു കുറഞ്ഞവരും ലൈംഗിക മുൻപരിചയം ഇല്ലാത്തവരും ആദ്യരാത്രിയിൽ ശക്തി തെളിയിക്കാൻ മെനക്കെടരുത്. മെല്ലെ മെല്ലെ കാര്യങ്ങളിലേക്കു കടക്കുന്നതാണ് ഉത്തമം. പയ്യെ തിന്നാൽ പനയും തിന്നാമല്ലോ!

എന്താണ് ലൈംഗികാേരാഗ്യം?

ലൈംഗികപരമായ ആരോഗ്യം എന്നാൽ ശരീരത്തിന് രോഗമില്ലാത്ത അവസ്ഥ എന്നല്ല അർഥം. ലൈംഗികവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശാരീരികമായും വൈകാരികമായും മാനസികമായും സാമൂഹികമായും മികച്ച അവസ്ഥ എന്നാണ് ലോകാരോഗ്യസംഘടന ലൈംഗികാരോഗ്യത്തെ നിർവചിച്ചിരിക്കുന്നത്. അരോഗദൃഢഗാത്രനായ ഒരാൾ ലൈംഗികചോദന ഇല്ലാത്തവനും സാംസ്കാരികമായി അധഃപതിച്ചവനുമാണെങ്കിൽ അയാൾക്ക് ലൈംഗികാരോഗ്യം ഉണ്ടാവണമെന്നില്ല. മറിച്ച്, വികലാംഗനായ ഒരാൾക്ക് നല്ല ലൈംഗികാരോഗ്യം ഉണ്ടായിരിക്കുകയും ചെയ്യാം. ശരീരത്തിന്റെ ആരോഗ്യവും വൈകല്യവുമല്ല ലൈംഗികാരോഗ്യം നിർണയിക്കുന്നത്.

ലൈംഗികതയെ യാഥാർഥ്യബോധത്തോടെയും ബഹുമാനത്തോടെയും സമീപിക്കാൻ ലൈംഗികാരോഗ്യമുള്ളവർക്കേ കഴിയൂ. ലൈംഗികാരോഗ്യം എന്നത് ഈ ചിന്താഗതിയെയാണ് സൂചിപ്പിക്കുന്നത്. ഭീഷണിയോ അക്രമമോ ഇല്ലാതെ ഇണയെ ലൈംഗികബന്ധത്തിന് ഒരുക്കിയെടുക്കാനും ലൈംഗികബന്ധത്തിലൂടെ തനിക്കും ഇണയ്ക്കും സന്തോഷകരമായ അനുഭൂതി പകരാനും ലൈംഗികാരോഗ്യമുള്ളവർക്കേ കഴിയൂ.

ലൈംഗികാവകാശങ്ങൾ

മനുഷ്യാവകാശം പോലെത്തന്നെയാണ് ലൈംഗിക അവകാശങ്ങളും. ഭീഷണിയോ വിവേചനമോ അക്രമമോ ഇല്ലാതെ നിയമാനുസൃതമായി ഏതൊരാൾക്കും ലൈംഗിക ജീവിതം നയിക്കാനുള്ള അവകാശം ഉണ്ട്. ലൈംഗികതയെപ്പറ്റി അറിവു നേടാനുള്ള അവകാശം, ലൈംഗിക വിദ്യാഭ്യാസത്തിനുള്ള അവകാശം, ലൈംഗിക ആരോഗ്യപരിചരണത്തിനുള്ള അവകാശം, വിവാഹത്തെപ്പറ്റി തീരുമാനമെടുക്കാനുള്ള അവകാശം, പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം, കുട്ടികൾ വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം, സന്തോഷകരവും സംതൃപ്തി തരുന്നതുമായ ലൈംഗികജീവിതം നയിക്കാനുള്ള അവകാശം തുടങ്ങിയവ ലൈംഗിക അവകാശങ്ങളിൽപ്പെടും.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ വിവാഹത്തിനും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനും നിയമാനുസൃതമായി പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. അവകാശങ്ങളെക്കുറിച്ച് ബോധവാനാവുമ്പോൾ തന്നെ ഇതു സംബന്ധിച്ച നിയമപരമായ വിലക്കുകളെ സംബന്ധിച്ചും അറിവുണ്ടായിരിക്കണം. ലൈംഗിക അവകാശം എന്നത് മറ്റൊരാൾക്കുമേൽ നടത്തുന്ന ലൈംഗിക അതിക്രമമാകരുത്. അത് ഗുരുതരമായ നിയമ നടപടികൾ ക്ഷണിച്ചു വരുത്തും.

സെക്സ് : ഡ്രൈവിങ്ങും ക്രിക്കറ്റും പോലെ…

സെക്ഷ്വാലിറ്റി ജന്മസിദ്ധമാണോ? അല്ല. ചുറ്റുപാടുകളിൽ നിന്നും ആർജിക്കുന്ന അറിവിലൂടെ കാലക്രമത്തിൽ ലൈംഗികസ്വഭാവം ഒരാളിൽ രൂപപ്പെടുകയാണ് ചെയ്യുന്നത്. ആദ്യ ശ്രമത്തിൽത്തന്നെ ഡ്രൈവിങ്ങും ക്രിക്കറ്റ് കളിയും സ്വായത്തമാക്കാൻ ആർക്കെങ്കിലുമാകുമോ? അതുപോലെത്തന്നെ സെക്സും. ആദ്യ ശ്രമത്തിൽത്തന്നെ ശരിയായ രീതിയിൽ സെക്സ് ആവാമെന്നാണ് പലരുടെയും വിശ്വാസം. പക്ഷേ, ഒരാളും ആദ്യ ശ്രമത്തിൽത്തന്നെ മികച്ച ഡ്രൈവറും ക്രിക്കറ്ററും ആവില്ല.

പലതവണ പരിശീലിക്കേണ്ടിവരും. ആദ്യ പരിശീലനങ്ങൾ തികഞ്ഞ പരാജയങ്ങളാവാം. കുറ്റങ്ങളും കുറവുകളും ഉണ്ടാവണം. അവ കണ്ടെത്തിയും പരിഹരിച്ചും പാഠമുൾക്കൊണ്ടുമാണ് മുന്നോട്ടു പോവേണ്ടിവരിക. ഒടുവിൽ ഡ്രൈവിങ്ങിന്റെ മാസ്റ്ററും സിക്സർ മാത്രം അടിക്കുന്ന ക്രിക്കറ്റർമാരുമുണ്ടാവും. സെക്സും ഇതുപോലെത്തന്നെയാണ്. അപൂർണതയിൽ നിന്നാണ് പൂർണതയിലേക്കു നീങ്ങേണ്ടത്.

(ഹെൽത്തി സെക്സ് എന്ന പുസ്തകത്തിൽ നിന്ന്)

Top