പ്രണയിതാക്കള്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി

പ്രണയിതാക്കള്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ്, പ്രണയകാലഘട്ടത്തില്‍ നടന്ന ലൈംഗികബന്ധത്തെ പീഡനമായി കാണാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് ഗോവയിലെ കാസിനോ ജീവനക്കാരിയായ യുവതി സഹപ്രവര്‍ത്തകനെതിരെ നല്‍കിയ കേസിലാണ് വിധി. കുറ്റാരോപിതനായിരുന്ന യോഗേഷ് പലേക്കറിനെതിരെ ഏഴ് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച വിചാരണ കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. യുവതിക്ക് യോഗേഷിനോടുണ്ടായിരുന്ന പ്രണയം ചൂണ്ടിക്കാട്ടിയ കോടതി, വിവാഹവാഗ്ദാനത്തിന്റെ പേരില്‍ മാത്രമാണ് ലൈംഗികബന്ധത്തിന് സമ്മതിച്ചതെന്ന് പറയാനാകില്ലെന്നു നിരീക്ഷിച്ചു. കുടുംബാംഗങ്ങളെ പരിചയപ്പെടുത്താം എന്ന് പറഞ്ഞ് ഇയാള്‍ തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട്‌പോകുകയായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. വീട്ടില്‍ യോഗേഷല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ‘താഴ്ന്ന ജാതിക്കാരിയെ’ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് ഇയാള്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു. വാഗ്ദാനലംഘനത്തെ തുടര്‍ന്നാണ് യുവതി യോഗേഷിനെതിരെ പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്ന് യോഗേഷ് ഉറപ്പുനല്‍കിയിരുന്നതായും അതിനാലാണ് ലൈംഗികബന്ധത്തിന് താന്‍ തയ്യാറായെതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. യുവതി തന്നെ സാമ്പത്തികമായി സഹായിച്ചിരുന്നതായി വിചാരണാവേളയില്‍ യോഗേഷ് സമ്മതിച്ചിരുന്നു.

Top