ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിനായി സഹകരണ സംഘം രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി

കണ്ണൂര്‍: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനു പ്രത്യേക പരിഗണനയുമായി സഹകരണ പ്രസ്ഥാനം. സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലെയും സ്വര്‍ണ ഉരുപ്പടികള്‍ അതാത് ബാങ്കുകളില്‍ നിന്നുള്ള പ്രത്യേക സ്‌ക്വാഡിനെ കൊണ്ടു പരിശോധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എട്ടാമത് സഹകരണ കോണ്‍ഗ്രസിലാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിന് ഇടതു മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. ഈ വിഭാഗത്തിന് ഗ്രാന്റ് ഉള്‍പ്പടെയുള്ള ധനസഹായം സഹകരണ സംഘങ്ങള്‍ വഴി നല്‍കും. രാജ്യത്തു തന്നെ ഇതാദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത്. ഇവര്‍ക്കു സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും സംഘങ്ങളിലൂടെ സാധിക്കും. സഹകരണ നിയമം അനുശാസിക്കുന്നത്ര അംഗങ്ങളെ ലഭ്യമാകുന്ന ജില്ലകളിലാകും ആദ്യം ട്രാന്‍സ്ജെന്‍ഡേഴ്‌സ് സഹകരണ സംഘം രൂപീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ചീഫ് എക്‌സിക്യുട്ടീവ്, ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് എല്ലാ സഹകരണ ബാങ്കുകളിലെയും സ്വര്‍ണ ഉരുപ്പടികള്‍ പരിശോധിക്കുക. ഒരു മാസത്തിനകം ഈ പരിശോധന പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. സംസ്ഥാനത്തെ ചില ബാങ്കുകളില്‍ സ്വര്‍ണ പണയത്തില്‍ തിരിമറി നടന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു മന്ത്രിയുടെ നിര്‍ദേശം. അതത് ബാങ്കുകളില്‍ നടത്തുന്ന പരിശോധനയുടെ സാക്ഷ്യപത്രം തയ്യാറാക്കണം. സഹകരണ വകുപ്പിന്റെ പ്രത്യേക പരിശോധനയും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കോളജുകളില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങളില്‍ യുവതികളുടെ പ്രാതിനിധ്യം 51 ശതമാനം ഉറപ്പുവരുത്തും. സഹകരണ സംഘങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം കുറവായ സാഹചര്യത്തിലാണ് ഈ നിബന്ധന. സ്ത്രീകളെ സഹകരണ മേഖലയുമായി പരിചയപ്പെടുത്തുന്നതിനു കോളജുകളിലെ സഹകരണ സംഘങ്ങള്‍ വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Top