ഭീകരവാദം-യുഎന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

അഡ്വ.വി.സി.സെബാസ്റ്റ്യന്‍

ന്യൂഡല്‍ഹി: കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുന്നത് ആശങ്കാജനകമാണ്. കള്ളനോട്ടും, കള്ളക്കടത്തും തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലങ്ങള്‍ വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിലും രാജ്യത്തെ വിവിധങ്ങളായ സാമൂഹ്യ സാമ്പത്തിക സംവിധാനങ്ങളെ അട്ടിമറിക്കുന്നതിലും ഇക്കൂട്ടര്‍ വിജയിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ അപലപിക്കുന്നവര്‍ക്ക് ഹേഗിയ സോഫിയയെ ന്യായീകരിക്കാന്‍ എന്തവകാശം. രണ്ടും പൊതുസമൂഹത്തില്‍ തീരാകളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോളഭീകരതയില്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ സ്വന്തം രാജ്യത്തെ ഭീകരത ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെരുവിലിറക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് വിരോധാഭാസവും രാജ്യദ്രോഹവുമാണ്. ഭീകരപ്രസ്ഥാനങ്ങളെ വോട്ടുബാങ്കുകളായിക്കണ്ട് അധികാരത്തിലേറുവാനും അധികാരത്തിലിരിക്കുവാനുംവേണ്ടി നിരന്തരമുപയോഗിക്കുന്ന രാഷ്ട്രീയഭരണനേതൃത്വങ്ങളുടെ നിലപാടും മനോഭാവവും ഉത്തരവുകളും ജനാധിപത്യഭരണത്തിന് അപമാനവുമാണ്.


രാജ്യത്ത് അധികാരത്തിന്റെ മറവിലുയരുന്ന മതഭീകരതയെ അടിച്ചമര്‍ത്താന്‍ ആഗോളഭീകരവാദികളെ കൂട്ടുപിടിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ അടവുനയം ഇന്ത്യയുടെ ആത്മാവിനെ കുരുതികൊടുക്കും. ഭരണസംവിധാനങ്ങളുടെ സമസ്തമേഖലകളിലും ഉദ്യോഗസ്ഥതലത്തിലും ഭീകരപ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനശക്തികളാകാന്‍ വാതില്‍ തുറന്നുകൊടുത്തിരിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത് ജനങ്ങളില്‍ ആശങ്കയും ഭീതിയും ഉണര്‍ത്തുന്നു.

പൗരത്വനിയമഭേദഗതിയുടെ പേരില്‍ രാജ്യത്തുടനീളം പ്രക്ഷോഭവും അക്രമവും സംഘടിപ്പിച്ചവരുടെ ഭീകരവാദ അജണ്ടകളിപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നതും പൊതുസമൂഹം തിരിച്ചറിയണം. 2020 ജനുവരിയില്‍ പൗരത്വനിയമഭേദഗതി വന്നിട്ടും ഒരൊറ്റ ഇന്ത്യന്‍ പൗരനും പുറത്താക്കപ്പെട്ടില്ലെന്നുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ജനങ്ങളെ ഭീഷണിലും ആശങ്കയിലുമാഴ്ത്തിയതെന്തിനെന്ന് ഇടതുപക്ഷപ്രസ്ഥാനങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെ രാഷ്ട്രീയനേതൃത്വങ്ങളും ജനങ്ങളുടെ മുന്നില്‍ വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്. പൗരത്വനിയമഭേദഗതിയിലെ ഇളവുകളെ ദുര്‍വ്യാഖ്യാനം ചെയ്തവര്‍ ഭാരതസമൂഹത്തില്‍ സൃഷ്ടിച്ച ഭിന്നത മാപ്പര്‍ഹിക്കുന്നതല്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും ശരിയായ നടപടിയല്ല.

ലോകമെമ്പാടും ക്രൈസ്തവര്‍ക്കുനേരെയുള്ള തീവ്രവാദി അക്രമങ്ങളുടെ മറ്റൊരുപതിപ്പ് ഇന്ത്യയിലും രൂപപ്പെട്ടുവരുന്നത് ക്രൈസ്തവ സമൂഹം കാണാതെ പോകരുത്. കാലങ്ങളായി കെസിബിസിയും കഴിഞ്ഞനാളില്‍ സീറോ മലബാര്‍ സഭാ സിനഡും കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ അജണ്ടകളെക്കുറിച്ച് വ്യക്തമായ പഠനങ്ങളിലൂടെ നല്‍കിയ സൂചനകള്‍ അക്ഷരംപ്രതി ശരിയാണെന്ന ദിശയിലേയ്ക്കാണ് കാര്യങ്ങളിപ്പോള്‍ നീങ്ങുന്നത്.

ചിലരെ കരുവാക്കി ഭീകരപ്രസ്ഥാനങ്ങളുടെ ഇടനിലക്കാര്‍ ക്രൈസ്തവസഭകള്‍ക്കുള്ളിലേയ്ക്കും നുഴഞ്ഞുകയറുന്ന ത് എതിര്‍ക്കുവാന്‍ ക്രൈസ്തവസമൂഹത്തിനാകണം. നിയമനിര്‍മ്മാണങ്ങളിലൂടെയും ഉത്തരവുകളിലൂടെയും ഇക്കൂട്ടര്‍ക്ക് ഒത്താശചെയ്തുകൊടുക്കുകയാണ് ഭരണനേതൃത്വങ്ങള്‍ പലപ്പോഴും ചെയ്യുന്നത്. ഭീകരവാദത്തിനെതിരെ പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ അധികാരത്തിനും സാമ്പത്തിക നേട്ടത്തിനുമായി പിന്നാമ്പുറങ്ങളില്‍ ഭീകരപ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നത് കേരളസമൂഹമിന്ന് കണ്ടുകൊണ്ടിരിക്കുന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും മാത്രമല്ല, അയല്‍ രാജ്യമായ ശ്രീലങ്കയിലും ക്രൈസ്തവര്‍ക്കുനേരെയുണ്ടായ ഭീകരാക്രമങ്ങളുടെ അടിവേരുകള്‍ എവിടെയെന്ന് വിവിധ രാജ്യാന്തര ആഭ്യന്തര അന്വേഷണ ഏജന്‍സികള്‍ അക്കമിട്ട് വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് ചോദ്യം ചെയ്യപ്പെടണം. ക്രൈസ്തവ ആക്ഷേപങ്ങളിലൂടെയും സഭാസംവിധാനങ്ങളിലും സ്ഥാപനങ്ങളിലും അരക്ഷിതാവസ്ഥകള്‍ സൃഷ്ടിക്കുന്നതിലൂടെയും ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്നതിലൂടെയും ഇക്കൂട്ടര്‍ തന്ത്രങ്ങള്‍ മെനയുന്നത് തിരിച്ചറിഞ്ഞ് ഒരുമയോടെ പ്രവര്‍ത്തിക്കുവാന്‍ ക്രൈസ്തവര്‍ക്കാകണം. ഈ ഭീകരതയുടെ അടുത്ത ഇരകള്‍ ഇന്ത്യയിലെ ക്രൈസ്തവരാണെന്നുള്ള സൂചനകള്‍ പുറത്തുവന്നിരിക്കുമ്പോള്‍ വൈകിയ വേളയിലെങ്കിലും വീവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഭിന്നിപ്പുകള്‍ ഒഴിവാക്കി പരസ്പര സൗഹാര്‍ദ്ദത്തിന്റെ തലങ്ങള്‍ അടിയന്തരമായി കണ്ടെത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

 

Top