മൊഹാലി: ഏകദിനത്തിലെ തോൽവിക്ക് പകരം വീട്ടാമെന്ന മോഹവുമായി ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിങ്സിൽ 201 റൺസിന് പുറത്ത്. 75 റൺസെടുത്ത ഓപണർ മുരളി വിജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ചേതേശ്വർ പൂജാര 31ഉം രവീന്ദ്ര ജദേജ 38ഉം റൺസെടുത്ത് പുറത്തായി. നാല് വിക്കറ്റെടുത്ത ഡീൻ എൽഗറിൻെറ പ്രകടനമാണ് ഇന്ത്യയെ തകർത്തത്. ഫിലാൻഡർ, ഇമ്രാൻ താഹിർ എന്നിവർ രണ്ട് വിക്കറ്റും ഹാർമറും റബാഡയും ഓരോ വിക്കറ്റ് വീതവും നേടി. ആദ്യം പുറത്തായത് ടെസ്റ്റിൽ മികച്ച ഫോം പുലർത്തുന്ന ശിഖർ ധവാൻ. 2013ൽ ഇതേ വേദിയിൽ ഓസ്ട്രേലിയയ്ക്കെതിരെ 187 റൺസ് നേടിയിട്ടുള്ള ശിഖർ ധവാൻ പക്ഷേ ഇവിടെ രണ്ടാം ഓവറിൽത്തന്നെ സംപൂജ്യനായി മടങ്ങി. ഫിലാൻഡറിന്റെ പന്തിൽ ക്യാച്ചെടുത്തത് നായകൻ ഹാഷിം അംല.
തുടർന്ന് ഇന്ത്യൻ ഇന്നിങ്സിൽ ആകെ പിറന്ന അർധ സെഞ്ചുറി കൂട്ടുകെട്ട്. മികച്ച ബാറ്റിങ്ങുമായി മുരളി വിജയും പിന്തുണ നൽകി ചേതേശ്വർ പൂജാരയും കത്തിക്കയറിയതോടെ ഇന്ത്യ നിലയുറപ്പിക്കുകയാണെന്ന് തോന്നിച്ചു. എന്നാൽ, 63ൽ എത്തിയപ്പോൾ പൂജാരയും വീണു. ആറു ബൗണ്ടറികളുടെ അകമ്പടിയോടെ 31 റൺസെടുത്ത പൂജാരയെ എൽഗർ മടക്കി. നായകൻ കോഹ്‍ലി വന്നതും പോയതും ഒരുമിച്ച്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന റബഡയുടെ ടെസ്റ്റിലെ കന്നി ഇരയായി മടങ്ങുമ്പോൾ കോഹ്‍ലിയുടെ സമ്പാദ്യം ഒരു റൺ.
തുടർന്ന് ജഡേജയും (38) അശ്വിനും (20) കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും ജഡേജയെ ഫിലാൻഡർ എൽബിയിൽ കുരുക്കിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. 92 പന്തിലാണ് ജദേജ 38 റൺസെടുത്തത്. ഇന്ത്യയുടെ മധ്യനിരയെയാണ് എറിഞ്ഞിട്ട എൽഗാർ, ദക്ഷിണാഫ്രിക്കയുടെ ഓപണിങ് ബാറ്റ്സ്മാൻ കൂടിയാണ്.ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ വൻ തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യക്ക് പരമ്പര നഷ്ടമായത്.