കൊച്ചി:കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ ഉള്ള ദിലീപിനെതിരെ അതിരൂക്ഷമായി വിമർശിച്ച ബൈജു കൊട്ടാരക്കരയെ ദിലീപ് ആക്രമിക്കുമോ ? ബൈജുവിനെതിരെ ദിലീപിന്റെ പ്രതികാരം ഉണ്ടാകുമെന്നു പരക്കെ പ്രചാരണം നടക്കുന്നതിനിടെ ആശങ്ക അറിയിച്ച് നിർമാതാവും സംവിധായകനുമായ ബൈജു കൊട്ടാരക്കര രംഗത്ത് . ദിലീപിന് സംരക്ഷണം നൽകാനെത്തിയ തണ്ടർ ഫോഴ്‌സ് കൊട്ടാരക്കരിലെത്തിയത് എന്തിനെന്നതാണ് സിനിമാ ലോകത്തെ പുതിയ ചർച്ചക്കിടെയാണ് പുതിയ ആശങ്ക ഉടലെടുത്തത് .നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിലപാട് എടുത്ത സിനിമാക്കാരനാണ് ബൈജു കൊട്ടാരക്കര. ചാനൽ ചർച്ചകളിൽ ദിലീപിനെ കടന്നാക്രമിച്ച സിനിമാക്കാരൻ. ഈ സാഹചര്യത്തിൽ തണ്ടർ ഫോഴ്‌സിന്റെ കൊട്ടാരക്കരയിലെ വരവിനെ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമൈന്ന് സംവിധായകനും നിർമ്മാതാവുമായ ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു.
നിലവിൽ ദിലീപിന് ഇവിടെ സിനിമയുടെ ഷൂട്ടിങ് ഉള്ളതായി അറിയില്ല. കൊല്ലത്തോ കൊട്ടാരക്കരയിലോ എന്തെങ്കിലും പരിപാടി ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടില്ല. എന്റെയും സഹോദരിയുടെയും വീടുകളും കുടുംബ വീടുമെല്ലാം കൊട്ടാരക്കര ടൗണിലാണ്. വീട്ടിൽ നിന്നും കഷ്ടി ഒരുകിലോമീറ്ററോളം അകലെ നിന്നാണ്് പൊലീസ് തണ്ടർ ഫോഴ്‌സിന്റെ വാഹനം കസ്റ്റഡിയിൽ എടുത്തത്. ഞാൻ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കളിൽ പലർക്കും അറിയാമായിരുന്നു. ഈ ദിവസം തന്നെ തണ്ടർഫോഴ്‌സ് വാഹനം ഇവിടെ എത്തിയതിന്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം- ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.
കൊല്ലത്ത് സിപിഐ പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ടുള്ള യോഗത്തിൽ പങ്കെടുക്കാൻ പോയിരുന്നു. എനിക്കൊപ്പം സംവിധായകൻ വിനയൻ, എം എ നിഷാദ് എന്നിവരുമുണ്ടായിരുന്നു. തിരിച്ചുവന്ന് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് തണ്ടർ ഫോഴ്‌സ് വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്ത കാര്യം ബന്ധുക്കൾ അറിയിച്ചത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ അന്വേഷകനായ സി ഐ ബൈജു പൗലോസിനെ വിവരം ധരിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്-ബൈജു കൊട്ടാരക്കര പറയുന്നു ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കണം. നിയമ വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ നടപടിയെടുക്കണം.ബൈജു ആവശ്യപ്പെട്ടു.ദിലീപ് തണ്ടർഫോഴ്‌സിനെ ഉപയോഗിക്കുന്നതായി വാർത്ത കണ്ടു. ആയ്‌ക്കോട്ടെ, നല്ല കാര്യം. കാശുള്ള ആർക്കും എത്ര ഫോഴ്‌സിനെ വേണമെങ്കിലും ഉപയോഗിക്കാം.അതിലൊന്നും പരാതിയില്ല. ഇന്നേവരെ മലയാളത്തിലെയും തമിഴിലെയും മെഗാ സ്റ്റാറുകളോ സൂപ്പർ സ്റ്റാറുകളോ ഒന്നും ഇത്തരം സുരക്ഷ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടില്ല. ഇത് മലയാള സിനിമക്ക് ചേരാത്ത കാര്യമാണ്. ദിലീപിന് ഇപ്പോൾ ഇത്തരത്തിൽ സുരക്ഷയൊരുക്കേണ്ടത് അത്യവശ്യമാണ്. കാരണം നടിയെ ആക്രമിച്ച കേസിൽ പിടിക്കപ്പെട്ട കൊട്ടേഷൻ സംഘാഗംങ്ങൾ ജയിലിൽ തമ്മിൽ തല്ലിയെന്നും പറഞ്ഞുറപ്പിച്ച പണം നൽകാതിരുന്നതാണ് ഇതിന് കാരണമെന്നും മറ്റും പറഞ്ഞുകേൾക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തരക്കാരിൽ നിന്നും സംരക്ഷണം കിട്ടാൻ ദിലീപ് തണ്ടർ ഫോഴ്‌സിനെയൊക്കെ ഉപയഗിക്കുന്നത് നല്ല കാര്യമാണെന്നും ബൈജു വിശദീകരിക്കുന്നു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന് സ്വകാര്യ ഏജൻസിയുടെ സുരക്ഷ വിവാദത്തിലാണ്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടർ ഫോഴ്സ് എന്ന ഏജൻസിയാണ് സുരക്ഷയേർപ്പെടുത്തുന്നത്. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസിയാണ് തണ്ടർഫോഴ്സ്. സുരക്ഷയ്ക്കായി തണ്ടർഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥർ ദിലീപിനൊപ്പം എപ്പോഴും ഉണ്ടാകും. വിരമിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷാ ചുമതല. ഇന്നലെ തണ്ടർഫോഴ്‌സ് സംഘം ദിലീപിന്റെ വീട്ടിലെത്തിയെന്നാണ് സൂചന. അതേസമയം, ദിലീപിന് സുരക്ഷ ഏർപ്പെടുത്തിയത് എന്തിനെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങളും ആയുധങ്ങളോടെയാണോ സുരക്ഷ എന്നതും അന്വേഷിക്കും. ഇവരുടെ വാഹനം കൊട്ടാരക്കരിയിൽ വച്ച് പൊലീസ് പിടിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. അറസ്റ്റ് ചെയ്ത വാഹനത്തിൽ ഉണ്ടായിരുന്നവരെ പൊലീസ് പിന്നീട് വിട്ടയച്ചു. ഇവർ എന്തിനാണ് കൊട്ടാരക്കരയിൽ വന്നതെന്നതാണ് ചോദ്യമാണ് ബൈജു ഉയർത്തുന്നത്.
മലയാള സിനിമയെ പിടിച്ചുലച്ച നടിക്കെതിരായ ആക്രമണം സിനിമയാക്കാൻ ബൈജു കൊട്ടാരക്കര ഒരുങ്ങുകയാണെന്നാണ് സൂചന. പ്രമുഖ നടൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോഴും പൊലീസിന്റെ അന്വേഷണത്തിലാണ്. ദിലീപിന് നേരെ ആരോപണങ്ങൾ ശക്തമാണെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൂർണമായും പുതുമുഖങ്ങളേയും യുവതാരങ്ങളേയും അണിനിരത്തിയായിരിക്കും ബൈജു കൊട്ടാരക്കര പ്രമുഖ നടൻ ഒരുക്കുക. ക്രൈം ത്രില്ലറായിട്ടായിരിക്കം ചിത്രം പ്രേക്ഷകരിലെത്തിക്കുക.പൊലീസ് സേനയിലെ ഉന്നതരുടെ പോരും സിനിമ ലോകത്തെ അപചയങ്ങളും, ലൈംഗിക ചൂഷണങ്ങളും, പ്രമേയമാകുന്ന ചിത്രം വൻ വിവാദങ്ങൾക്ക് വഴിവയ്ക്കുമെന്ന് കാര്യത്തിൽ സംശയമില്ല. ഉദയനാണ് താരത്തിന് ശേഷം പൂർണമായും സിനിമ പ്രമേയമാകുന്ന ചിത്രമായിരിക്കും പ്രമുഖ നടൻ. മീഡിയം ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായി മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുമെന്നാണ് വിവരം.