മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയില്ല; കൊല്ലുമെന്ന് പറഞ്ഞത് കേട്ടറിവല്ലേയെന്ന് ചോദ്യം. വിചാരണകോടതിക്കെതിരെ സർക്കാർ

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല. ആക്രമണത്തിനിരയായ നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് വീഴ്ച സംഭവിച്ചുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

കേസിലെ എട്ടാം പ്രതി ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. വിചാരണ കോടതി ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ല. പല കാര്യങ്ങളും കണ്ടില്ലെന്ന് നടിച്ചു.നടിയെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞുവെന്ന മൊഴി കേട്ടറിവ് മാത്രമല്ലേയെന്ന് കോടതി ചോദിച്ചു.വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

Top