കോഴിക്കോട്: സെമിനാറിന്റെ സംഘാടക സ്ഥാനത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസിനെ മാറ്റിയത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ശശി തരൂര്‍ എംപി. എകെ രാഘവന്‍ എംപിയും സമാനമായ നിലപാട് സ്വീകരിച്ചു. യൂത്ത് കോൺഗ്രസിന്റെ പരിപാടി മാറ്റി വെച്ചതിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്നും തരൂരിന്റെ പരിപാടി എം കെ രാഘവൻ തനിച്ച് തീരുമാനിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ അന്വേഷണ കമ്മിഷനെ വെക്കണമെന്നും എം കെ രാഘവൻ ആവശ്യപ്പെട്ടു. വിഷയത്തിൽ ഡിസിസി പ്രസിഡന്റിനെതിരെയും എം കെ രാഘവൻ പരോക്ഷ വിമർശനം ഉന്നയിച്ചു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ല. ശശി തരൂരിന്റെ പരിപാടിയ്ക്കായി ലോകം കാത്തിരിയ്ക്കുകയാണ്. കെ സുധാകരനും കെ മുരളിധരനും തരൂരിന് വിലക്കില്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും ശശി തരൂരിന്റെ പരിപാടി വിലക്കിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയാഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഷയത്തിൽ പരാതി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പരിപാടികള്‍ മുടക്കാന്‍ ആര് ശ്രമിച്ചാലും കണ്ടെത്തണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് രാഘവന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവരോട് ചോദിച്ച ശേഷമാണ് പരിപാടി ആസൂത്രണം ചെയ്തത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ ശശി തരൂര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിച്ചു. ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ രാജ്യത്ത് അവഗണിക്കുന്നതാണ് വലിയ വെല്ലുവിളിയെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ഭരണകക്ഷിക്ക് ഒരു മുസ്ലിം ജനപ്രതിനിധിയും ഇല്ല എന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും തരൂര്‍ പറഞ്ഞു.