തിരുവനന്തപുരം : നീതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത് എത്തിയതിനു പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശ് സർക്കാരിനെ പരിഹസിച്ചും കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടാണ് എംപി ട്വീറ്റ് ചെയ്തത്.
‘യോഗി ആദിത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല, സദ്ഭരണവും എല്ലാ പക്ഷങ്ങളെയും ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയവും എന്താണെന്നും കേരളത്തെ കണ്ട് പഠിച്ചിരുന്നെങ്കിൽ രാജ്യത്തിന് ഗുണം ഉണ്ടാകുമായിരുന്നു. പകരം അവർ തങ്ങളുടെ നിലവാരത്തിലേക്ക് രാജ്യത്തെ തന്നെ വലിച്ചു താഴെയിടുകയാണ്.’ ശശി തരൂർ കുറിച്ചു. ആരോഗ്യ സുരക്ഷ എന്താണെന്ന് കേരളം യുപിയെ കണ്ട് പഠിക്കണം എന്ന യോഗി ആദിത്യനാഥിന്റെ 2017ലെ പരാമർശം ഉൾകൊള്ളുന്ന വാർത്തയും തരൂർ ട്വീറ്റിനൊപ്പം പങ്കുവെച്ചു.
മുഖ്യമന്ത്രി കേരളത്തിന്റെ വികസനപുരുഷൻ ആണെന്ന തരൂരിന്റെ പരാമർശം പാർട്ടിയിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കെ-റെയിലിനെ അനുകൂലിച്ചുകൊണ്ട് ശശി തരൂർ എംപി എടുത്ത നിലപാടും വിമർശിക്കപ്പെട്ടിരുന്നു.
നീതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനം നേടി. തമിഴ്നാടാണ് രണ്ടാമത് എത്തിയത്. തെലങ്കാന ആണ് മൂന്നാമത്. ഉത്തർപ്രദേശാണ് ആരോഗ്യ വികസന സൂചികയിൽ ഏറ്റവും താഴെ ഉള്ളത്. 2019-20 കാലത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗിന്റെ റാങ്കിങ്.