തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് ഇടപെടരുതെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത.ക്രൈംബ്രാഞ്ച് തുടരന്വേഷണം എഡിജിപി അനന്തകൃഷ്ണന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് അന്വേഷിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ സത്യം പുറത്തുവരും.ക്രിമിനല്‍ – വിജിലന്‍സ് കേസുകളില്‍ പ്രതിയും സസ്‌പെന്‍ഷനിലായിരുന്നയാളുമായ ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് അന്വേഷണത്തില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവിക്കും ഹൈക്കോടതിയിലും പരാതി നല്‍കുമെന്നും ശാന്ത ‘ഡെയിലി ഇന്‍ഡ്യന്‍ ഹെറാള്‍ഡിനോട്’ വ്യക്തമാക്കി.
ഗോകുലം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന അമ്മയെ കാണാന്‍ എത്തിയപ്പോഴായിരുന്നു അവരുടെ പ്രതികരണം.ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ ആയിരിക്കണം തുടരന്വേഷണമെന്നും ഇക്കാര്യവും കോടതിയോട് അപേക്ഷിക്കുമെന്നും അവര്‍ പറഞ്ഞു.ശാശ്വതീകാനന്ദ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ജലസമാധിയെന്നു പറയുന്നത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്.
കഴിഞ്ഞ 13 വര്‍ഷത്തോളം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുകയാണ്. ഇപ്പോള്‍ ഐജിയുടെ സാന്നിധ്യത്തെ ഭയപ്പെടുന്നതും അതുകൊണ്ടുതന്നെയാണെന്നും ശാന്ത പറഞ്ഞു.ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞ് ബാറുടമ ബിജുരമേശ് നടത്തിയ വെളിപ്പെടുത്തലാണ് വീണ്ടും ശാശ്വതീകാനന്ദയുടെ മരണം വിവാദത്തിലാക്കിയത്.
ഇതേ തുടര്‍ന്ന് ശക്തമായി രംഗത്തുവന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നല്‍കുകയായിരന്നു. ഇതേ തുടര്‍ന്നാണ് തുടരന്വേഷണം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം ക്രൈംബ്രാഞ്ച് എസ് പി മധുവിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ചില്‍ എസ് പിക്കു മുകളിലുള്ള ഐജിക്ക് മേല്‍നോട്ട ചുമതല വരുമെന്നതിനാല്‍ ‘ഇടപെടല്‍’ ഒഴിവാക്കാനാണ് ശാശ്വതീകാനന്ദയുടെ കുടുംബം തന്നെ ഇപ്പോള്‍ എഡിജിപി നേരിട്ട് അന്വേഷണത്തിന് നേതൃത്വം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
എസ്പിയുടെ അന്വേഷണത്തിന് എഡിജിപി മേല്‍നോട്ടം വഹിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന എല്ലാ കേസുകളിലും എഡിജിപിയുടെ മേല്‍നോട്ടം സാധാരണ നടപടിക്രമമായതിനാല്‍ ഈ കേസില്‍ അന്വേഷണത്തിന് പ്രത്യേക മേല്‍നോട്ടം തന്നെ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.പ്രശ്‌നക്കാരായ ഉദ്യോഗസ്ഥരെ മാറ്റി സത്യസന്ധരായ ഉദ്യോഗസ്ഥര്‍ തന്നെ എഡിജിപിയുടെ ഈ ടീമിലുണ്ടായിരിക്കണമെന്നതാണ് അവരുടെ ആവശ്യം.