വീട്ടമ്മയെ കബളിപ്പിച്ച് 70 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ യുവാവും സഹായിയായ യുവതിയും അറസ്റ്റില്‍

കുന്നംകുളം: പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 70 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ യുവാവും സഹായിയായ യുവതിയും അറസ്റ്റില്‍. ഫേസ്ബുക്ക് ചാറ്റിങ് വഴിയാണ് യുവതിയെ സംഘം കബളിപ്പിച്ചത്. ആദ്യം സോഷ്യല്‍മീഡിയ വഴി സൗഹൃദം സ്ഥാപിക്കുകയും പതിയെ ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്വര്‍ണ്ണം കൈക്കലാക്കുകയുമാണ് ഈ തട്ടിപ്പ് സംഘത്തിന്റെ രീതി. സംഭവത്തില്‍ പൊന്നാനി തെയ്യക്കാട് ഇടവന്തുരുത്തി വള്ളികാട്ട് വീട്ടില്‍ സിബിന്‍ (30), പൊന്നാനി നായരങ്ങാടി തൈവളപ്പില്‍ നിഷ (ഹയറുന്നീസ-38) എന്നിവരെയാണ് സിഐ കെജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

മലപ്പുറം ജില്ലയിലെ എരമംഗലത്തുനിന്നു പാറേമ്പാടം കമ്പിപ്പാലത്തേക്കു വിവാഹം ചെയ്തു കൊണ്ടുവന്ന സ്ത്രീയാണു തട്ടിപ്പിന് ഇരയായത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. സിബിനെ യുവതിക്കു പരിചയപ്പെടുത്തിയതു നിഷയാണ്. പിന്നീടു സിബിനും ആഭരണങ്ങള്‍ നഷ്ടപ്പെട്ട യുവതിയും തമ്മിലുള്ള സൗഹൃദം സമൂഹമാധ്യമങ്ങളിലൂടെ വളര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാര്‍ വാങ്ങണമെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞു പലപ്പോഴായി പ്രതി വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ല. വിവാഹത്തിനു പോകാനെന്ന പേരില്‍ ആഭരണം വാങ്ങിയ നിഷയും കബളിപ്പിച്ചു. തട്ടിയെടുത്ത ആഭരണങ്ങളില്‍ 60 പവന്‍ പണയംവച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചതിയില്‍പ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കു സംശയം തോന്നി അന്വേഷിച്ചപ്പോഴാണു തട്ടിപ്പ് പുറത്തായത്. ആഭരണങ്ങള്‍ രണ്ടു പേര്‍ക്കു നല്‍കിയതായി യുവതി ഇവരോടു വെളിപ്പെടുത്തി. ആഭരണം നഷ്ടപ്പെട്ടതു പുറത്തറിയാതിരിക്കാന്‍ ഇവര്‍ വീട്ടില്‍ അണിഞ്ഞിരുന്നതു മുക്കുപണ്ടമായിരുന്നെന്നു പോലീസ് പറയുന്നു. സമാന സ്വഭാവമുള്ള വേറെയും തട്ടിപ്പുകേസുകള്‍ പ്രതിക്കെതിരെ ഉണ്ടെന്നാണു പോലീസിനു ലഭിച്ച സൂചന.

Top