കേരളത്തില്‍ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. രോഗി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ്. ഇതോടെ സംസ്ഥാനത്ത് മൂന്നാമത്തെയാള്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നേരത്തേ ആലപ്പുഴയിലും തൃശൂരിലും ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. കാസര്‍കോഡ് ജില്ലയില്‍ രണ്ടുപേരായിരുന്നു ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയിഞ്ഞിരുന്നത്. ഇതില്‍ ഒരാള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 1999 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളിലുള്ളത് 1924 പേരാണ്. 74 ആശുപത്രികളില്‍ കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രിയിലുള്ളത്-22. കൊറോണ സ്ഥിരീകരിച്ചവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.