വിവാഹം വ്യത്യസ്തമാക്കാന്‍ എല്ലാവരും ശ്രമിക്കല്‍ ഉണ്ട്. എന്നാല്‍ നീലഗിരിയിലെ തോടര്‍ ജീവിതം തികച്ചും വ്യത്യസ്തമാണ്. പാട്ടും വ്യത്യസ്തമായ ആചാരങ്ങളുമായ തോടരുടെ ഗര്‍ഭിണി കല്യാണം. ‘ഗര്‍ഭിണിയായ ശേഷം കല്യാണം’, നീലഗിരിയിലെ തനത് ആദിവാസി സമൂഹമായ ഗ്ലെന്‍ മോര്‍ഗനിലെ തോടര്‍ വിഭാഗത്തിന് ഇതൊരു ആചാരമാണ്. താരനാട്മുന്തില്‍ നടന്ന പേര്‍ഷ്യസിന്റെയും പ്രിസോള്‍ കുട്ടന്റെയും ഗര്‍ഭിണിക്കല്യാണ വിശേഷം അറിയാം
മുള കൊണ്ട് ഫ്രെയിം ഉണ്ടാക്കി കുറുകെ ചൂരല്‍ കെട്ടി പുല്ല് മേഞ്ഞാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇവരുടെ അമ്പലത്തിന് പുറത്ത് വലിയ ഉരുളന്‍ കല്ലുകളുണ്ട്. നൂറ് കിലോയിലേറെ ഭാരമുള്ള ഈ കല്ലുകള്‍ ഉയര്‍ത്തിയാലേ ഇവരുടെ വിശ്വാസപ്രകാരം പുരുഷന്മാര്‍ കല്യാണത്തിന് യോഗ്യത നേടൂ. എരുമകളെ ദൈവമായി ആരാധിക്കുന്ന തോടരുടെ ഉപജീവന മാര്‍ഗം കാലിവളര്‍ത്തലാണ്. താരനാട്മുന്തിലാണ് പേര്‍ഷ്യസിന്റെയും പ്രിസോള്‍ കുട്ടന്റെയും ഗര്‍ഭിണി കല്യാണം. പെണ്ണ് ചെറുക്കന്റെ വീട്ടിലെത്തി വിളക്ക് കത്തിക്കുന്നതാണ് പ്രധാന ചടങ്ങ്. അതിനു ശേഷം അവര്‍ ഒന്നിച്ചു ജീവിച്ചു തുടങ്ങും. ഗര്‍ഭിണിയായ ശേഷം ഏഴാം മാസത്തിലാണ് ബന്ധുക്കളെ വിളിച്ച് കല്യാണം ആഘോഷമായി നടത്തുന്നത്.
തോടരുടെ പാരമ്പര്യ വേഷമായ പുത്തുക്കുടി എന്ന ഷാള്‍ ധരിച്ചാണ് എല്ലാവരും വിവാഹത്തിനെത്തിയത്. ചിത്രപ്പണികളോട് കൂടിയ ഇവരുടെ വസ്ത്രങ്ങള്‍ കൈ കൊണ്ട് നെയ്‌തെടുക്കുന്നത് തോട സ്ത്രീകള്‍ തന്നെയാണ്. തോട സ്ത്രീകള്‍ മുടി കെട്ടുന്നതിലുമുണ്ട് പ്രത്യേകതകള്‍. കല്യാണ പെണ്ണും ചെറുക്കനും ഒരുമിച്ച് എല്ലാ മുതിര്‍ന്ന ആളുകളെയും നമസ്‌കരിക്കും. മുതിര്‍ന്നവര്‍ പ്രത്യേക രീതിയില്‍ കല്‍പാദം നെറുകയില്‍ തൊട്ട് ഇരുവരെയും അനുഗ്രഹിക്കും.
ബന്ധുക്കളും കല്യാണ ചെറുക്കനും കാട്ടിലേക്ക് പോകും. അപ്പോള്‍ മറ്റു പുരുഷന്‍മാര്‍ നൃത്തവും പാട്ടും തുടങ്ങും. കാട്ടില്‍ നിന്ന് അമ്പും വില്ലുമുണ്ടാക്കി കല്യാണ പെണ്ണിന് സമ്മാനിക്കുന്നതോടെ സ്ത്രീകളും നൃത്തം ആരംഭിക്കും. ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണിനെ ഈ ഗ്രാമത്തിലേക്ക് തന്നതിന് നന്ദി പറയുകയും പെണ്‍വീട്ടുകാര്‍ നന്ദി ഏറ്റുവാങ്ങുന്നതും തോട ഭാഷയില്‍ പ്രത്യേക ഈണത്തില്‍ പാടിയാണ് ഇവര്‍ ചുവട് വയ്ക്കുന്നത്.