ഓര്‍മ്മയായ തൊടുപുഴ വാസന്തിയെ ജീവിപ്പിച്ചത് അരിപൊടിക്കുന്ന മില്‍; ക്യാന്‍സറും പ്രമേഹവും വലച്ചു; അവസാനകാലം ദുരിതപൂര്‍ണ്ണം

തൊടുപുഴ: അന്തരിച്ച അഭിനേത്രി തൊടുപുഴ വാസന്തിയുടെ അവസാന നാളുകള്‍ കടുത്ത യാതനകളുടേതായിരുന്നു. മൂന്ന് മുറികള്‍ മാത്രമുള്ള കൊച്ചു വീട്ടിലായിരുന്നു അവസാനകാലത്തെ വാസം. സിനിമാ താരം ആയിരുന്നെങ്കിലും ചലച്ചിത്ര ലോകത്ത് നിന്നും കാര്യമായ പരിഗണന അസുഖ ബാധിതയായതിന് ശേഷം ലഭിച്ചിരുന്നില്ല. 450-ലേറെ സിനിമകളില്‍ അഭിനയിച്ച തൊടുപുഴ വാസന്തിക്ക് അവസാനകാലത്തെ ഉപജീവന മാര്‍ഗമായത് അരിപൊടിക്കുന്ന മില്ലാണ്.

മൂന്നുവര്‍ഷംമുമ്പാണ് സഹോദരനുമൊത്ത് അരിപ്പൊടി മില്ല് തുടങ്ങിയത്. പ്രമേഹരോഗത്തെത്തുടര്‍ന്ന് വലതുകാല്‍ മുറിച്ചുമാറ്റിയ വാസന്തിക്ക് മില്ലില്‍നിന്നുള്ള വരുമാനം ആശ്വാസമായിരുന്നു. സ്വന്തമായി ഒരേക്കര്‍ സ്ഥലം വാങ്ങിച്ചു. അനുജത്തിമാരെ അന്തസോടെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇതൊക്ക തന്നിക്ക് സിനിമാലോകം നല്‍കിയതാണെന്ന് വാസന്തി പറയുമായിരുന്നു. ഭര്‍ത്താവിന്റെ ചികില്‍സയ്ക്ക് താരസംഘടനയായ അമ്മ സഹായം നല്‍കിയിരുന്നു. മാസംതോറും 4000 രൂപ പെന്‍ഷനും ലഭിച്ചിരുന്നു. എങ്കിലും അവസാന കാലം ദുരിതപൂര്‍ണമായിരുന്നു അവര്‍ക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൃത്തം ഉപാസനയാക്കിയ നടിയായിരുന്നു തൊടുപുഴ വാസന്തി. മൂന്നു മാസം മുന്‍പ് വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. ഒരു നര്‍ത്തകിയുടെ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ഏറ്റവും വലിയ ദുരനുഭവവമായിരുന്നു ഇത്. സിനിമയിലും അരങ്ങിലും പല വേഷങ്ങള്‍ കെട്ടിയാടിയ വാസന്തിയുടെ ജീവിതത്തിലെ അവസാനകാലം ദുരന്തനായികയുടേതായിരുന്നു. സിനിമാനടിയുടെ പ്രൗഢിക്ക് ഒട്ടും ചേരാത്ത തൊടുപുഴ മണക്കാടുള്ള കൊച്ചുവീട്ടില്‍ രോഗശയ്യയില്‍ കിടക്കുമ്പോഴും ഒരു തിരിച്ചുവരവിന് അവര്‍ കൊതിച്ചു. സിനിമയില്‍ സജീവമാകാന്‍ തുടങ്ങിയപ്പോഴൊക്കെയും പ്രതിസന്ധികള്‍ വാസന്തിയെ തേടിയെത്തി.

പിതാവ് രാമകൃഷ്ണന്‍ നായരുടെ മരണത്തോടെ സിനിമയില്‍നിന്നു കുറച്ചു കാലം വിട്ടുനിന്നു. തിരിച്ചെത്താനൊരുങ്ങിയപ്പോഴാണ് ഭര്‍ത്താവ് രജീന്ദ്രനെയും കാന്‍സര്‍ രോഗം ബാധിച്ചത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന്, ലാല്‍ ജോസിന്റെ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തില്‍ മാത്രം അഭിനയിച്ചു. മൂന്നു വര്‍ഷത്തിനുശേഷം ഒരു തിരുവോണനാളില്‍ ഭര്‍ത്താവും പിന്നീട് അമ്മയും വിട്ടുപിരിഞ്ഞതോടെ വാസന്തി ജീവിതത്തില്‍ ഒറ്റയ്ക്കായി. ഹൃദ്രോഗബാധയും ഗ്ലൂക്കോമയും സിനിമാമോഹങ്ങള്‍ക്കു വീണ്ടും വിലങ്ങുതടിയായി.

മണക്കാട്ടെ വസതിയിലെത്തിയ നടന്മാരായ മമ്മൂട്ടി, സിദ്ദിഖ് എന്നിവര്‍ തൊടുപുഴ വാസന്തിക്ക് അന്തിമോപചാരമര്‍പ്പിക്കുന്നു. ആന്‍ജിയോ പ്ലാസ്റ്റിയിലൂടെയും ശസ്ത്രക്രിയയിലൂടെയും രോഗങ്ങളെ മറികടന്നു സജീവമാകാനൊരുങ്ങുന്നതിനിടെ തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചു. ഇതിനിടെ, പ്രമേഹരോഗവും മൂര്‍ച്ഛിച്ചു. ഓഗസ്റ്റ് 17ന് അവരുടെ വലതുകാല്‍ മുറിച്ചുമാറ്റി. ജോഷിയുടെ ‘ഈ തണുത്ത വെളുപ്പാന്‍കാലത്ത് ‘എന്ന ചിത്രത്തില്‍ അഭിനയിച്ച് വീട്ടിലേക്കു വരുമ്പോഴുണ്ടായ ഓട്ടോ അപകടത്തില്‍ വലതുകൈ ഒടിഞ്ഞു, കൈയില്‍ കമ്പിയിട്ടിരുന്നു.

പിന്നീട് ഇതിന്റെ അസ്വസ്ഥതകളും വാസന്തിയെ അലട്ടി. തൊടുപുഴയില്‍ ആരംഭിച്ച വരമണി നൃത്തവിദ്യാലയത്തില്‍നിന്നുള്ള വരുമാനമായിരുന്നു അവസാനകാലത്ത് ഏക ആശ്രയം. എന്നാല്‍, രണ്ടു വര്‍ഷം മുന്‍പ് അതും പൂട്ടി. ഭര്‍ത്താവിന്റെയും പിതാവിന്റെയും തന്റെയും ചികില്‍സയ്ക്കായി ലക്ഷങ്ങള്‍ ചെലവിടേണ്ടി വന്നതിനാല്‍ കാര്യമായി ഒന്നും സമ്പാദിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ദുഃഖഭാരങ്ങള്‍ ഇറക്കിവയ്ക്കാന്‍ മക്കളുമുണ്ടായിരുന്നില്ല.

ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്ത മണക്കാട് ഗ്രാമത്തിലായിരുന്നു വാസന്തിയുടെ ജനനം. അച്ഛന്‍ കെ.ആര്‍. രാമകൃഷ്ണന്‍നായര്‍ നാടകനടനും അമ്മ പി. പങ്കജാക്ഷി അമ്മ തിരുവാതിരക്കളി ആശാട്ടിയുമായിരുന്നു. ഭര്‍ത്താവ് സിനിമാ നിര്‍മ്മാതാവായിരുന്ന രജീന്ദ്രന്‍ നായര്‍ 2010-ല്‍ അര്‍ബുദം ബാധിച്ച് മരിച്ചു.

സിനിമാരംഗത്തെത്തി രണ്ടു വര്‍ഷത്തിനുശേഷം ‘എന്റെ നീലാകാശം’ എന്ന സിനിമയിലാണ് ആദ്യ കാരക്ടര്‍ വേഷം ചെയ്തത്. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നാടകാഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 16 ടെലിവിഷന്‍ പരമ്പരകളിലും നൂറിലധികം നാടകങ്ങളിലും അഭിനയിച്ചു. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ മണക്കാട്ടെ ആര്‍.കെ. ഭവന്‍ വീടിനോടുചേര്‍ന്ന് ‘വരമണി നാട്യാലയം’ എന്നപേരില്‍ നൃത്തവിദ്യാലയം തുടങ്ങി. മോചനം, എന്റെ നീലാകാശം, തീക്കടല്‍, കക്ക, യവനിക, ആലോലം, നവംബറിന്റെ നഷ്ടം, ഗോഡ്ഫാദര്‍, കാര്യം നിസ്സാരം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നിറക്കൂട്ട്, ഇന്നത്തെ പ്രോഗ്രാം, ഫസ്റ്റ് ബെല്‍, മലയാള മാസം ചിങ്ങം ഒന്നിന്, അമ്മത്തൊട്ടില്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഭരതന്‍, പത്മരാജന്‍, ജോഷി, ഹരിഹരന്‍, പി.ജി. വിശ്വംഭരന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേം നസീര്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരോടൊപ്പവും വെള്ളിത്തിരയിലെത്തി.

സഹായിക്കാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ശവസംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ മണക്കാടുള്ള സ്വന്തം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മമ്മൂട്ടിയെയും സിദ്ദിഖിനെയും കൂടാതെ കുഞ്ചന്‍, സീമാ ജി. നായര്‍, കുക്കു പരമേശ്വരന്‍, സാദിഖ്, മനുരാജ്, കെപിസിസി. മുന്‍അധ്യക്ഷന്‍ വി എം. സുധീരന്‍, പി.ജെ. ജോസഫ് എംഎല്‍എ. തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Top