തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ മൂന്നാം വിക്കറ്റ് വീണു .അഴിമതി രഹിത ഭരണത്തിന് കിട്ടിയ കരണത്തടി .എൽഡിഎഫ് മന്ത്രിസഭയിൽനിന്നു മൂന്നാമത്തെ മന്ത്രിയും പുറത്തേക്ക്. വിവാദങ്ങളെ തുടർന്നു പിണറായി മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഭൂമി കൈയേറ്റ വിവാദത്തെ തുടർന്നായിരുന്നു തോമസ് ചാണ്ടിയുടെ രാജി. ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനും സ്ത്രീയോടു ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടർന്നു എ.കെ. ശശീന്ദ്രനുമാണ് മുൻപ് രാജി സമർപ്പിച്ചത്.
ശശീന്ദ്രരന്‍റെ രാജിയെ തുടർന്നു 2017 ഏപ്രിൽ ഒന്നിനു മന്ത്രിസ്ഥാനം ഏറ്റെടുത്ത തോമസ് ചാണ്ടിയാണ് ഇന്ന് ഭൂമി വിവാദത്തെ തുടർന്നു രാജി സമർപ്പിച്ചത്. തോമസ് ചാണ്ടിയുടെ ഉമസ്ഥതയിലുള്ള ലേക്പാലസ് റിസോർട്ടിനായി ഭൂമി കൈയേറ്റ വിവാദമാണ് തോമസ് ചാണ്ടിയുടെ രാജിക്കു കാരണമായത്. വിഷയത്തിൽ തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൈയേറ്റ വിഷയത്തിൽ ഹൈക്കോടതിയും സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് മന്ത്രിസഭയിലെ ഘടകകക്ഷിയായ സിപിഐയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷവും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തി.
വ്യവസായ കായികമന്ത്രിയായിരുന്ന ജയരാജൻ 2016 ഓക്ടോബർ 14നാണ് രാജി സമർപ്പിച്ചത്. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ മന്ത്രിയുടെ ബന്ധുക്കളെ ഉന്നത തസ്തികകളിൽ നിയമിച്ച വാർത്തകൾ പുറത്തുവന്നതോടെയാണ് ജയരാജനെതിരായ വിവാദങ്ങൾ ഉയർന്നത്. ജയരാജന്‍റെ ബന്ധുവായ പി.കെ. ശ്രീമതി എംപിയുടെ മകൻ സുധീർ നന്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസിന്‍റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചതാണ് വിവാദങ്ങൾക്കു തുടക്കം കുറിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു നിയമം. തുടർന്നു സിപിഎം സെക്രട്ടറിയേറ്റ് യോഗം ജയരാജൻ രാജി വയ്ക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ 2017 മാർച്ച് 26നാണ് രാജിവച്ചത്. പരാതി പറയാൻ വിളിച്ച സ്ത്രീയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു ശശീന്ദ്രന്‍റെ രാജി. സംഭവത്തിൽ ഏതുതരത്തിലുള്ള അന്വേഷണം നടത്താമെന്നും മന്ത്രി സ്ഥാനത്തു തുടർന്നു അന്വേഷണം നടത്തുന്നതു ശരിയല്ലെന്നു ചൂണ്ടിക്കായായിരുന്നു ശശീന്ദ്രരന്‍റെ രാജി