തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭയിൽ നിന്നും പുറത്തേക്കും മുൻ മന്ത്രി ശശീന്ദ്രൻ അകത്തേക്കും എത്താനുള്ള സാധ്യത കൂടുതലായി .ഗതാഗത മന്ത്രി തോമസ് ചാണ്ടി സ്വന്തം റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് വഴി നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ സ്ത്രീപീഡനത്തിൽ കുറ്റക്കാരൻ അല്ല എന്ന ക്ളീൻ ഇമേജിലൂടെ ശശീന്ദ്രൻ മന്ത്രിസഭയിലേക്കും എത്താൻ സാഹചര്യങ്ങൾ ഒരുങ്ങി.മംഗളത്തിലെ പുതിയ വിവാദവും ഇതുമായി കൂട്ടി വായിക്കുന്നവർ ഉണ്ട്.
അതേസമയം ഗതാഗത മന്ത്രി തോമസ് ചാണ്ടി സ്വന്തം റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് വഴി നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇന്ന് കൊച്ചിയില്‍ വിമതവിഭാഗം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷമാണ് മന്ത്രിയുടെ രാജി ആവശ്യം ഉന്നയിക്കപ്പെട്ടത്.മംഗളം ടെലിവിഷന്‍ വാര്‍ത്തയെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവച്ചത് മുതല്‍ എന്‍സിപിയില്‍ തുടങ്ങിയ ഭിന്നതയാണ് ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്. ഇതിന് പിന്നാലെ സംസ്ഥാന അധ്യക്ഷനായരുന്ന ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി നേതാവ് നടത്തിയ ഭീഷണിയും തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്യാണവും പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാക്കി.കൊച്ചിയില്‍ നടന്ന വിമത യോഗത്തില്‍ പാര്‍ട്ടിയുടെ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുത്തു. തോമസ് ചാണ്ടിക്കെതിരായ നീക്കം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മരിച്ചതിന് ശേഷം സമ്ബൂര്‍ണ നിര്‍വാഹക സമിതി യോഗം വിളിക്കണമെന്ന ആവശ്യം പോലും ഇതുവരെ നടപ്പിലായിട്ടില്ലെന്ന് വിമത വിഭാഗം കുറ്റപ്പെടുത്തി.ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അനുശോചിക്കാന്‍ പോലും തോമസ് ചാണ്ടി തയ്യാറായില്ല. തോമസ് ചാണ്ടി നടത്തിയ നിയമലംഘനത്തിനെതിരെ നടപടി എടുത്തില്ലെങ്കില്‍ തങ്ങള്‍ സ്വന്തം വഴിക്ക് നീങ്ങുമെന്നും വിമത വിഭാഗം മുന്നറിയിപ്പ് നല്‍കി.
അതിനിടെ ചാണ്ടിയുടെ കൈയ്യേറ്റത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. ചാണ്ടിയുടെ റോഡ് എന്തായാലെന്താ. ചാണ്ടി റോഡുണ്ടാക്കിയാല്‍ നാട്ടിലെന്തെങ്കിലും സംഭവിക്കുമോയെന്നായിരുന്നു സുധാകരന്റെ ചോദ്യം.ചില പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാമെന്നും അത് പരിശോധിക്കാവുന്നതേയുള്ളുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം. അതേസമയം ഇന്ന് രാവിലെ തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ന് സ്വാതന്ത്ര്യ ദിനമാണെന്നായിരുന്നു ജി. സുധാകരന്റെ മറുപടി.