തനിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടറായ ടി.വി അനുപമ എഴുതിവെച്ച ഫയല്‍ കണ്ട് മനസ് നൊന്താണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ തോമസ് ചാണ്ടി. രാജിക്ക് സാഹചര്യമുണ്ടായത് തന്റെ വക്കീലിന് പറ്റിയ ഒരു പിഴവുകൊണ്ടാണ്. തനിക്കെതിരെ കോടതി നിരീക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. വക്കീലിന് സംഭവിച്ച അബദ്ധമാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. ആ വക്കീലിനെ അന്ന് തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നാളെ വേണമെങ്കില്‍ മന്ത്രിയാകാം. പക്ഷേ തിരിച്ചുവരണമെന്ന് ഒരാഗ്രഹവുമില്ല.
മന്ത്രിപ്പണി അത്ര സുഖമുളളതല്ല. തനിക്കെതിരെ ഒരു കേസുമില്ല. ഒരു വ്യക്തി നല്‍കിയ കേസൊഴിച്ചാല്‍. ഇന്നും കേസില്ല,നാളെയുമില്ല.വരാന്‍ അനുവദിക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനെതിരെ അന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ടി.വി അനുപമ നല്‍കിയ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി കോടതിയെ സമീപിച്ചതിലെ ഔചിത്യമില്ലായ്മ ചൂണ്ടിക്കാട്ടി കോടതി രൂക്ഷ വിമര്‍ശനമാണ് അന്ന് നടത്തിയത്. ഇതേത്തുടര്‍ന്ന് തോമസ് ചാണ്ടി രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.