കായല്‍ കയ്യേറ്റത്തെ ന്യായീകരിച്ച് സിപിഐ മുഖപത്രത്തില്‍ തോമസ് ചാണ്ടിയുടെ പരസ്യം

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിശദീകരണവുമായി സിപിഐ മുഖപത്രം ജനയുഗത്തില്‍ പരസ്യം. മന്ത്രിക്കെതിരെ സിപിഐ അണികള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കെയാണ് തോമസ് ചാണ്ടിയെ പിന്തുണച്ചുള്ള പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മന്ത്രിക്കെതിരായ ആരോപണങ്ങളെ പാടെ തള്ളിയാണ് പരസ്യം. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫാണ് വിശദീകരണ കുറിപ്പ് എഴുതിയിരിക്കുന്നത്. വ്യത്യസ്ത കോണുകളില്‍ നിന്നും അന്വേഷണങ്ങള്‍ നടത്തിയിട്ടും തോമസ് ചാണ്ടി കായല്‍ കയ്യേറിയതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് വിശദീകരണത്തില്‍ പറയുന്നു. മന്ത്രിക്കെതിരേയും ലേക്ക് പാലസ് റിസോര്‍ട്ടിനെതിരേയും ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതാണ്. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വളച്ചൊടിച്ചെന്നും മന്ത്രിയുടെ സ്വഭാവഹത്യ നടത്തുന്നതിനുള്ള ഹീനശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും പരസ്യത്തില്‍ പറയുന്നു. മാലിന്യങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നതിന് ആലപ്പുഴ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ച സംവിധാനത്തെയാണ് മാധ്യമങ്ങള്‍ കായല്‍ കയ്യേറ്റമായി ചിത്രീകരിച്ചിരിക്കുന്നത്. റിസോര്‍ട്ടിനേയും മന്ത്രിയേയും കുടുംബാംഗങ്ങളേയും കായല്‍ കയ്യേറ്റക്കാരായി മുദ്രകുത്തി അപമാനിച്ചുകൊണ്ടിരിക്കുകയാണ്. കായലിലെ പോള തടയുന്നതിനായുള്ള സംവിധാനത്തിന് ഇന്ത്യന്‍ വാട്ടര്‍ വെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും വിശദീകരണത്തില്‍ പറയുന്നു. നേരത്തേ തോമസ് ചാണ്ടി വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച് സിപിഐ രംഗത്തെത്തിയിരുന്നു. തോമസ് ചാണ്ടിക്കെതിരായ കേസില്‍ സിപിഐയുടെ പാനലിലുള്ള അഡീഷണല്‍ എ ജി ഹാജരാകണമെന്ന റവന്യുമന്ത്രിയുടെ നിര്‍ദ്ദേശത്തെ എജി തള്ളിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എല്‍ഡിഎഫ് നടത്തിയ ജനജാഗ്രത യാത്രയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു.

Top