തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇനി രാജിയല്ലാതെ മറ്റുവഴികളില്ല. കായല്‍ കയ്യേറ്റ ആരോപണത്തില്‍ തങ്ങളുടെ നിലപാടറിയിക്കാന്‍ എന്‍സിപിയ്ക്ക് നിര്‍ദേശം നൽകിയതിനെത്തുടർന്നാണിത്. സിപിഎം – സിപിഐ കൂടിയാലോചനകള്‍ക്കു ശേഷമാണ് എന്‍സിപിയോടു ഇപ്പോള്‍ നിലപാടു തേടിയത്. വിഷയത്തില്‍ എന്‍സിപി നേതാക്കള്‍ ചര്‍ച്ച തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അറിഞ്ഞശേഷമായിരിക്കും നടപടി. എജിയുടെ നിയമോപദേശം വരുന്നതുവരെ കാത്തിരിക്കാമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്.
സര്‍ക്കാരിനെയും മുന്നണിയെയും ഏറെ സമ്മര്‍ദ്ദത്തിലാക്കിയ കായല്‍ കയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം വ്യക്തമാക്കിയിരുന്നു. മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാല്‍ തുണയ്ക്കില്ലെന്നാണ് സിപിഎം തോമസ് ചാണ്ടിയെ അറിയിച്ചത്. ചാണ്ടിയുടെ രാജി നേരിട്ട് ആവശ്യപ്പെടുന്നതു മുന്നണി മര്യാദയല്ലെന്നാണു സിപിഎം അഭിപ്രായം. എന്‍സിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു ആഗ്രഹം. വിവാദം മുന്നണിക്കും സര്‍ക്കാരിനും ഏറെ അവമതിപ്പുണ്ടാക്കിയെന്നു സിപിഎം ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും.
കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടാണ് ചാണ്ടിക്ക് വലിയ തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയതിന്റെ രാഷ്ട്രീയ നേട്ടം ആഘോഷിക്കാന്‍ ഇടതുമുന്നണിക്കു തടസ്സമാവുന്നത് തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളാണ്. കോട്ടയം വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണ പ്രഖ്യാപനവും ഹൈക്കോടതിയുടെ പരാമര്‍ശവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. അഡ്വക്കേറ്റ് ജനറലിന്റെ (എജി) നിയമോപദേശം ലഭിച്ചില്ലെന്ന പിടിവള്ളിയിലാണു മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിച്ചിരുന്നത്. നിയമോപദേശം എതിരായാല്‍ കൈവിടുമെന്ന സൂചന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നല്‍കിയിട്ടുണ്ട്.
മറ്റൊരു ഘടകകക്ഷിയായ സിപിഐ ആദ്യം മുതലേ തോമസ് ചാണ്ടിക്ക് എതിരായാണു നിലകൊണ്ടത്. നിലപാട് വ്യക്തമാക്കിയ സിപിഐ, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടതോടെ പാപഭാരം സിപിഎമ്മിന്റെ തലയിലുമായി. പല കോണുകളില്‍നിന്നു രാജിക്കായി മുറവിളി ഉയരുന്നതിനിടെ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍, തോമസ് ചാണ്ടിയെ തിരക്കിട്ടു വിളിപ്പിച്ചതും അതിനു മുന്‍പൊരു ദിവസം ശാസിച്ചതും അപായ സൂചനയായിരുന്നു.
തോമസ് ചാണ്ടിയുടെ രാജി ആവശ്യം വെള്ളിയാഴ്ച ചേരുന്ന സിപിഐ നിര്‍വാഹക സമിതിയിലും ഉയര്‍ന്നേക്കും. ജനജാഗ്രതാ യാത്രക്കിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി ചര്‍ച്ചയാകും. ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡിക്കെതിരായ പ്രസ്താവനയും പ്രകോപനമുണ്ടാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ നിലപാടും സ്വീകരിച്ച നടപടികളും മന്ത്രി ഇ.ചന്ദ്രശേഖരന്‍ യോഗത്തെ അറിയിക്കും.
അതേസമയം, തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നികുതി പുനര്‍നിശ്ചയിക്കാനുള്ള തീരുമാനം പാളി. റിസോര്‍ട്ടില്‍ പരിശോധന നടത്താന്‍ ആലപ്പുഴ നഗരസഭയ്ക്കു ലേക്ക് പാലസ് അധികൃതര്‍ അനുമതി നല്‍കിയില്ല. സഞ്ചാരികള്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുള്ളതിനാല്‍ പരിശോധന ജനുവരിയിലേക്കു മാറ്റണമെന്നാണു വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ആവശ്യം. നഗരസഭാ കൗണ്‍സില്‍ ചേര്‍ന്നാണു ലേക്ക് പാലസിനു നാളിതുവരെയായി അനുവദിച്ചുപോന്ന നികുതി ഇളവ് പിന്‍വലിക്കാനും പുതുക്കിയ നികുതി കണക്കാക്കാനും തീരുമാനിച്ചത്.
ഇതിനുള്ള പ്രാഥമിക പരിശോധനയാണ് കമ്പനിയുടെ നിസ്സഹകരണത്തോടെ അനിശ്ചിതത്വത്തിലായത്. നിര്‍മാണ അനുമതി രേഖകളും മറ്റും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നേരത്തേ കത്തുനല്‍കിയിരുന്നു. എന്നാല്‍ ഉടമകള്‍ രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് ലേക്ക് പാലസ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ റവന്യൂവിഭാഗം കത്ത് നില്‍കി. ഇതിനുള്ള മറുപടിയിലാണ് പരിശോധന ഇപ്പോള്‍ പറ്റില്ലെന്ന് കാണിച്ചിരിക്കുന്നത്.